Representative Image | Photo: Gettyimages.in.

തിരുവനന്തപുരം സ്വദേശി രഞ്ജിത്ത് (യഥാര്‍ഥ പേരല്ല) ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐ.വി.എഫ്.) വഴിയാണ് ഇരട്ടക്കുട്ടികളുടെ അച്ഛനായത്. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്നു പ്രസവം നേരത്തേയാക്കേണ്ടിവന്നു. പിന്നീടു നടന്നത് ഇങ്ങനെ: ”രണ്ടു കുഞ്ഞുങ്ങളുടെയും ഭാരം ഒന്നരക്കിലോഗ്രാമില്‍ താഴെ. കൊളസ്ട്രം നല്‍കണമെന്നും തൊട്ടടുത്തുള്ള കെട്ടിടത്തില്‍നിന്നു മുലപ്പാല്‍ ലഭിക്കുമെന്നും അതു വാങ്ങണമെന്നും ഡോക്ടര്‍ പറഞ്ഞു. 50 മില്ലിലിറ്റര്‍ മുലപ്പാലിന് 900 രൂപ കൊടുത്തു. പല ഗുണമേന്മയിലുള്ളതും ലഭ്യമായിരുന്നു. കുഞ്ഞുങ്ങളായതിനാല്‍ പണമൊന്നും നോക്കിയില്ല. വേറെയും കുറെ പാക്കറ്റുകളില്‍ അവിടെ പാല്‍ ഉണ്ടായിരുന്നു. പലതരത്തിലുള്ളതും പല ക്വാളിറ്റിയിലുള്ളതും. പത്തുദിവസത്തിലധികം ഇവിടെനിന്നു കുഞ്ഞുങ്ങള്‍ക്കു പാല്‍ വാങ്ങിനല്‍കി. ഫ്രീസറില്‍ സൂക്ഷിച്ച പാലാണു കിട്ടിയിരുന്നത്. സുരക്ഷയെപ്പറ്റിയൊന്നും ചിന്തിച്ചില്ല. ഡോക്ടറാണല്ലോ പറഞ്ഞത്. കേരളത്തിനു പുറത്തുനിന്നാണ് ഇതു വരുന്നതെന്നാണു കരുതുന്നത്” -രഞ്ജിത്ത് പറയുന്നു.

ഡ്രഗ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ലൈസന്‍സോടെ മുലപ്പാല്‍ ശേഖരിച്ച് ചില കമ്പനികള്‍ രാജ്യത്തു വില്‍പ്പന നടത്തുന്നുണ്ട്. കുപ്പിയിലാക്കിയ പാല്‍ രൂപത്തിലും പാല്‍പ്പൊടി രൂപത്തിലും ഇതു ലഭ്യമാണ്. എറണാകുളത്ത് മെഡിക്കല്‍ സ്റ്റോര്‍ കേന്ദ്രീകരിച്ച്, സുരക്ഷാസംവിധാനങ്ങളില്ലാതെ രഹസ്യമായി മുലപ്പാല്‍ വില്‍ക്കുന്നതായും വിവരമുണ്ട്. ആഴ്ചകളായി ഫ്രീസറില്‍ സൂക്ഷിച്ച മുലപ്പാല്‍ 50 മില്ലിലിറ്ററിന് 600 രൂപമുതല്‍ 800 വരെ വിലയ്ക്കാണു വില്‍പ്പന. കുരുന്നുജീവന്‍ രക്ഷിക്കാന്‍ രക്ഷിതാക്കള്‍ക്ക് ഇതെല്ലാം ആശ്രയിക്കേണ്ടിവരുകയാണ്. മുലപ്പാല്‍ വില്‍പ്പന നടത്തുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവില്‍ നിയമം ഇല്ലെന്നതാണു യാഥാര്‍ഥ്യം.

പാല്‍ കുറവാണോ? ഫോര്‍മുല മില്‍ക്ക് ഇല്ലേ?

ഒരുദിവസം ഒരുനേരം പാല്‍ കുറവാണെന്നു കണ്ടാല്‍ ഉടനെ മറ്റു സാധ്യതകള്‍ തേടിപ്പോവുകയാണെന്ന് ഡോ. സച്ചിദാനന്ദ കമ്മത്ത് പറയുന്നു. സംസ്ഥാനത്ത് ഇപ്പോഴും 55 ശതമാനം വരെ അമ്മമാരേ ആറുമാസം മുഴുവനായി മുലയൂട്ടുന്നുള്ളൂ എന്നാണ് ദേശീയ കുടുംബാരോഗ്യ സര്‍വേയില്‍ പറയുന്നത്. ആറുമാസം കുട്ടിക്ക് മുലപ്പാല്‍ കൊടുത്തിട്ടുണ്ടെന്ന് അമ്മയ്ക്ക് അഭിമാനപൂര്‍വം പറയാന്‍കഴിയണം.

കേരളത്തില്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ശിശുമരണനിരക്കു നന്നേ കുറവാണ്. എങ്കിലും വളര്‍ച്ചയെത്താത്ത കുഞ്ഞുങ്ങള്‍ ധാരാളം ഉണ്ടാവുന്നു. അവര്‍ക്കാണ് മുലപ്പാല്‍ കൂടുതലായി ആവശ്യമായി വരുന്നതും. മുലപ്പാലിനു പകരമായി കൊടുക്കുന്ന ഫോര്‍മുല മില്‍ക്കുകളൊന്നും പകരക്കാരാവില്ല. പണ്ടുമുതലേ മുലപ്പാലിന്റെ സവിശേഷതയെപ്പറ്റി എല്ലാവര്‍ക്കുമറിയാം. അമ്മയ്ക്കുപകരം പാല്‍ കൊടുക്കാനും മറ്റു സ്ത്രീകളും ഉണ്ടാവും. ഇന്ന് അത്തരം സാഹചര്യങ്ങളില്ലാത്തതിനാല്‍ മുലപ്പാല്‍ ബാങ്കിന് അടിയന്തരപ്രാധാന്യം ഉണ്ടാകുന്നെന്ന് ഡോ. സച്ചിദാനന്ദ കമ്മത്ത് ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്ത് ആദ്യമായി മുലപ്പാല്‍ ബാങ്ക് തുടങ്ങിയ എറണാകുളം ജനറല്‍ ആശുപത്രിയിലടക്കം രണ്ടുവര്‍ഷം കഴിയുമ്പോഴും മന്ദഗതിയിലാണു പ്രവര്‍ത്തനം. വ്യക്തമായ അവബോധം സമൂഹത്തില്‍ ഇനിയും ഉണ്ടായിട്ടില്ലെന്നതാണു വസ്തുത. ആശുപത്രിയില്‍ ഒ.പി.യില്‍ എത്തുന്ന അമ്പതോ നൂറോ കുഞ്ഞുങ്ങളുടെ അമ്മമാരോടെല്ലാം മുലപ്പാല്‍ദാനത്തെക്കുറിച്ചു പറഞ്ഞു മനസ്സിലാക്കാന്‍ ഒരു ഡോക്ടര്‍ക്കാവില്ല. അതിനായി മറ്റു സംവിധാനങ്ങള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കുകയേ മാര്‍ഗമുള്ളൂ.

ഓരോ കുഞ്ഞുജനിക്കുമ്പോഴും ഫോര്‍മുല മില്‍ക്ക് കമ്പനികള്‍ക്കു പുതിയൊരു ഉപഭോക്താവിനെയാണു ലഭിക്കുന്നത്. കുട്ടിയുടെ കരച്ചില്‍, ഉറക്കമില്ലായ്മ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായി മാതാപിതാക്കളുടെ മുന്നിലേക്ക് ഫോര്‍മുല മില്‍ക്ക് വേഗത്തില്‍ എത്തുകയാണ്. മുലയൂട്ടലുമായി ബന്ധപ്പെട്ട മിക്കവാറും എല്ലാ ബുദ്ധിമുട്ടുകളും പരിഹരിക്കാമെന്നിരിക്കേ അജ്ഞതയൊന്നു കൊണ്ടുമാത്രം പൊടിപ്പാലിലേക്കു പോവുകയാണ്.

എങ്ങനെയെല്ലാം പാല്‍ ശേഖരിക്കാം

ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് മുലപ്പാല്‍ പ്രധാനമായും ശേഖരിക്കുന്നത്. അതിനായി ആശുപത്രിയില്‍ പ്രത്യേകമുറി സജ്ജീകരിച്ചിട്ടുണ്ട്. അവിടെ മുലപ്പാല്‍ പിഴിഞ്ഞെടുക്കുന്നതിനായി പ്രത്യേക സജ്ജീകരണങ്ങളുമുണ്ട്. ബ്രസ്റ്റ് പമ്പ് ഉപയോഗിച്ച് അണുവിമുക്തമാക്കിയ പ്രത്യേക ബോട്ടിലുകളിലാണ് പാല്‍ ശേഖരിക്കുക. ശേഖരിച്ച പാല്‍ ഏകദേശം 60 ഡിഗ്രി സെന്റിഗ്രേഡില്‍ പാസ്ചറൈസ് ചെയ്യും. സൂക്ഷിക്കാനായി പ്രത്യേകം സജ്ജീകരിച്ച മുറിയും റെഫ്രിജറേറ്ററും ഡീപ്പ് ഫ്രീസറും മറ്റും ഉണ്ടാവും. റെഫ്രിജറേറ്ററിനകത്ത് 24 മണിക്കൂറാണ് പാല്‍ സൂക്ഷിക്കാനാവുക. ഫ്രീസറിനുള്ളിലാണെങ്കില്‍ മാസങ്ങളോളം സൂക്ഷിക്കാം. വിനാശകരമായ ബാക്ടീരിയകളുടെ സാന്നിധ്യമില്ലെന്ന് ഉറപ്പിക്കാനുള്ള കള്‍ച്ചര്‍ പരിശോധനകള്‍ നടത്തിയശേഷമായിരിക്കും ആവശ്യക്കാരായ കുഞ്ഞുങ്ങള്‍ക്ക് പാല്‍ വിതരണം ചെയ്യുക. വീടുകളിലുള്ള മുലപ്പാല്‍ദാതാക്കളായ അമ്മമാര്‍ക്കും മുലപ്പാല്‍ ദാനംചെയ്യാന്‍ സാധിക്കേണ്ടതുണ്ട്. അണുവിമുക്തമാക്കപ്പെട്ട ബ്രെസ്റ്റ് പമ്പ് ഉപയോഗിച്ച് പാല്‍ ശേഖരിച്ച് മില്‍ക്ക് ബാങ്കുകളുള്ള ആശുപത്രികളിലെത്തിക്കാം. നിലവില്‍ സംസ്ഥാനത്ത് അത്തരം സാഹചര്യങ്ങളില്ല.

അമ്മമാരുടെ സാമൂഹികമാധ്യമ കൂട്ടായ്മ

”മുലയൂട്ടുന്നതിന് എനിക്ക് വലിയ പിന്തുണ ലഭിച്ചിരുന്നു, അതെല്ലാം ഓക്കെ ആയിരുന്നു.” ഇങ്ങനെ ഇതുവരെയും ഒരു അമ്മയും പറഞ്ഞിട്ടുണ്ടാവില്ലെന്ന മുഖവുരയോടെയാണ് അമ്മമാരുടെ സാമൂഹികമാധ്യമ കൂട്ടായ്മയായ ‘ബ്രസ്റ്റ് ഫീഡിങ് സപ്പോര്‍ട്ട് ഫോര്‍ ഇന്ത്യന്‍ മദേഴ്സ്’ അവരെപ്പറ്റി പറഞ്ഞുതുടങ്ങുന്നത്. ഒന്നരലക്ഷത്തോളം അംഗങ്ങളുള്ള രാജ്യത്തെ ഏറ്റവും പ്രശസ്തമായ ഫെയ്സ്ബുക്ക് കൂട്ടായ്മയാണിത്. മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഇരുപത്തിനാലുമണിക്കൂറും സംശയങ്ങള്‍ ചോദിക്കാനും മറുപടി ലഭിക്കാനുമൊരിടം. ആധുനിക പ്രകാശാണ് ബ്രസ്റ്റ് ഫീഡിങ് സപ്പോര്‍ട്ട് ഫോര്‍ ഇന്ത്യന്‍ മദേഴ്സ് എന്ന കൂട്ടായ്മയ്ക്കു തുടക്കമിടുന്നത്.

അമ്മമാര്‍ക്കായി കേരളത്തിലുള്ള സാമൂഹികമാധ്യമ കൂട്ടായ്മയാണ് ജനനി. 2020-ല്‍ കോവിഡ് സമയത്ത് ഗര്‍ഭിണിയായിരിക്കുകയും പ്രസവം നടത്തുകയുമൊക്കെ ചെയ്തിരുന്ന അമ്മമാര്‍ക്കു പിന്തുണനല്‍കിയാണു തുടക്കം. മാസംതോറും ഒത്തുചേരുകയും സംശയങ്ങളും ആശയങ്ങളും പങ്കുവെക്കുകയും ചെയ്യുന്ന ഇടം. ഒരു എക്‌സ്പേര്‍ട്ട് എന്നതിനപ്പുറത്ത് മറ്റൊരു അമ്മയായിട്ടാണ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങളുമായി സംസാരിക്കുന്നതെന്ന് ജനനിയുടെ തുടക്കക്കാരിയായ മിലി ദാസ് പറഞ്ഞു. സംസ്ഥാനത്ത് മോംസ് സപ്പോര്‍ട്ട് ഗ്രൂപ്പുകള്‍ വേറെയുമുണ്ട്. എന്നാല്‍, മറ്റു സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കപ്പുറത്ത് പിയര്‍ ഗ്രൂപ്പ് സപ്പോര്‍ട്ട് സംവിധാനമായാണ് മിക്ക ഗ്രൂപ്പുകളും പ്രവര്‍ത്തിക്കുന്നത്. പിയര്‍ ഗ്രൂപ്പ് പിന്തുണയോ കുടുംബാംഗങ്ങളുടെ പിന്തുണയോ ലഭിക്കാത്ത വലിയൊരുവിഭാഗം അമ്മമാരുണ്ട്. പ്രസവശേഷമുള്ള ദിനങ്ങള്‍ വിവിധ കാരണങ്ങളാല്‍ കടുത്ത മാനസികസമ്മര്‍ദം നേരിടേണ്ടിവരുകയാണ് ആ അമ്മമാര്‍.

‘ഉയിര്‍ത്തുളി’ കോയമ്പത്തൂരിലെ പാരന്റിങ് നെറ്റ്‌വര്‍ക്ക്

‘ഉയിര്‍ത്തുളി’ എന്നാല്‍ ജീവന്‍ നിലനിര്‍ത്തുന്ന തുള്ളി. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധവും മുലപ്പാലിന്റെ പ്രാധാന്യവും ഈയൊരൊറ്റ വാക്കില്‍ കിറുകൃത്യം. ഫെയ്സ്ബുക്കിലും ട്വിറ്ററിലുമായി ഏതാണ്ട് മുപ്പതിനായിരത്തോളം പേര്‍ അംഗമായുള്ള അമ്മമാരുടെ കൂട്ടായ്മയാണ് കോയമ്പത്തൂര്‍ പാരന്റിങ് നെറ്റ്വര്‍ക്ക്. അമ്മമാര്‍ക്കു ചെയ്യാന്‍ കഴിയുന്ന ഏറ്റവും മഹത്തരമായ കാര്യമാണ് ഈ കൂട്ടായ്മയിലൂടെ സാധ്യമായത്.

കോയമ്പത്തൂര്‍ പാരന്റിങ് നെറ്റ്‌വര്‍ക്ക് കൂട്ടായ്മയുടെ സാരഥികള്‍

മുലയൂട്ടുന്ന അമ്മമാരില്‍നിന്നു മുലപ്പാല്‍ ശേഖരിച്ച് ആശുപത്രികളിലെത്തിക്കുകയാണ് ഉയിര്‍ത്തുളിയിലൂടെ. ഗ്രൂപ്പിലെ അംഗത്തിന്റെ ബന്ധുവിന്റെ കുഞ്ഞിന് മുലപ്പാല്‍ ആവശ്യമായി വന്നതോടെയാണ് പാല്‍ ശേഖരിക്കുന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ ഉടലെടുത്തത്. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലേക്കുമാത്രമാണ് ആദ്യഘട്ടത്തില്‍ കൊടുത്തിരുന്നതെങ്കില്‍ ഇപ്പോള്‍ രാമകൃഷ്ണ ആശുപത്രിയിലേക്കും നല്‍കുന്നുണ്ട്. 2021-’23ല്‍ രാമകൃഷ്ണ ആശുപത്രിക്കുമാത്രം ഉയിര്‍ത്തുളിയിലൂടെ 548 ലിറ്റര്‍ മുലപ്പാല്‍ ദാനം ചെയ്തു.

മുലയൂട്ടല്‍ അറിവ് അമ്മയ്ക്കുണ്ടെങ്കില്‍ ദാനം ചെയ്യുന്നതിനു തയ്യാറാകും. എന്റെ കുഞ്ഞിനു വേണ്ടിയാണെങ്കില്‍ ഞാന്‍ ചെയ്യില്ലേ, അതുപോലെയാണു മറ്റു കുഞ്ഞുങ്ങള്‍ക്കുവേണ്ടിയും മുലപ്പാല്‍ ശേഖരിക്കുന്നത്. പ്രസവിച്ച കുഞ്ഞിനെ എങ്ങനെ നോക്കുമോ അതുപോലെയാണു മറ്റു കുഞ്ഞുങ്ങള്‍ക്കുവേണ്ടി പാല്‍ ശേഖരിക്കുന്നത്. അമ്മമാര്‍ ദാനംചെയ്യുകയാണ്. ആ ബോധ്യം എപ്പോഴും ഞങ്ങള്‍ക്കുണ്ട്.
-ഡോ. ഐശ്വര്യ, ഉയിര്‍ത്തുളി സ്ഥാപക ട്രസ്റ്റി.