ബി. അശോക്
കല്പറ്റ: കുത്തഴിഞ്ഞ പുസ്തകമായിരുന്നു പൂക്കോട് വെറ്ററിനറി കോളേജെന്ന് വെളിപ്പെടുത്തി മുൻ വൈസ് ചാൻസലര്‍ ബി. അശോക് ഐഎഎസ്. അധ്യാപകരും വിദ്യാർത്ഥികളും അനധ്യാപകരും തമ്മിലുള്ള കൂട്ടുകെട്ടുകൾ വളർന്ന് അഡ്മിനിസ്ട്രേഷന് നിയന്ത്രണാധികാരം നഷ്ടപ്പെട്ടതാവാം ഇത്തരം പ്രശ്നങ്ങൾക്ക് കാരണമെന്ന് അദ്ദേഹം പറയുന്നു. കോളേജിൽ അധ്യാപകരും വിദ്യാർഥികളും അനധ്യാപകരും തമ്മിലുള്ള കൂട്ടുകെട്ട് നേരത്തെ തന്നെ ഉണ്ടായിരുന്നുവെന്നും എന്നാൽ പരമാവധി അത്തരം കൂട്ടുകെട്ടുകൾ വളരാതിരിക്കാനുള്ള നടപടികൾ എടുത്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അധ്യാപകർക്കുള്ള ക്വാർട്ടേഴ്സിൽ വിദ്യാർഥികളെ വിളിച്ചുകൂട്ടി മദ്യപിച്ചതിന് അധ്യാപകനെതിരെ നടപടി എടുക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. ഏതെങ്കിലും വിഷയത്തിൽ അധ്യാപകർക്കെതിരെയോ വിദ്യാർഥികൾക്കെതിരെയോ നടപടി എടുക്കേണ്ട സാഹചര്യം ഉണ്ടായാൽ അധ്യാപകരും വിദ്യാർഥികളും അനധ്യാപകരും ചേർന്ന് ഐക്യ സമര സമിതി ഉണ്ടാക്കി പ്രതിരോധിക്കാൻ ശ്രമിക്കും. ഇത്തരത്തിൽ അധ്യാപകർ വിദ്യാർഥികളേയും, വിദ്യാർഥികൾ അധ്യാപകരേയും ചൂഷണം ചെയ്യുന്ന സാഹചര്യം സർവകലാശാലയിൽ ഉണ്ടായിട്ടുണ്ട്.
ഹാജര്‍ ഇല്ലാത്ത വിദ്യാർഥിക്ക് പരീക്ഷ എഴുതാൻ അനുമതി നിഷേധിച്ചപ്പോൾ അധ്യാപകർ സംഘടിച്ച് വിദ്യാർഥിയെ പിന്തുണച്ച സംഭവവും അദ്ദേഹം ഓർക്കുന്നു. വിദ്യാർഥി ഞായറാഴ്ച ക്ലാസിലെത്തി പ്രാക്ടിക്കൽ സെഷൻ ഉൾപ്പടെ പൂർത്തിയാക്കിയെന്നും ഒരു കുട്ടിക്ക് വേണ്ടി അധ്യാപകർ ഞായറാഴ്ച പ്രത്യേകം ക്ലാസ് എടുത്തുവെന്നുമാണ് അന്ന് അധ്യാപകർ അറിയിച്ചത്. ഞായറാഴ്ച യൂണിവേഴ്സിറ്റിക്ക് ഔദ്യോഗിക അവധി ആയിട്ടും ക്ലാസ് എടുത്തെങ്കിൽ അതിന് എന്തുകൊണ്ട് യൂണിവേഴ്സിറ്റിയിൽ നിന്ന് അനുമതി വാങ്ങിച്ചില്ല എന്നു ചോദിച്ചപ്പോൾ പരീക്ഷ എഴുതാൻ കുട്ടിക്കും അധ്യാപകരായ ഞങ്ങൾക്കും പ്രശ്നമില്ലെങ്കിൽ സാറിനെന്താ പ്രശ്നം ഒപ്പിട്ടാൽ പോരെ എന്നാണ് തിരിച്ചുചോദിച്ചതെന്നും അശോക് ഓർക്കുന്നു. ഹാജര്‍ ഇല്ലാതെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് തീരുമാനം എടുത്തതിൽ വിദ്യാർഥിയുടെ ഭാവി നശിപ്പിക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞ് പ്രതിഷേധങ്ങൾ ഉയർന്നെന്നും അദ്ദേഹം പറഞ്ഞു.
താൻ വി.സി. ആയിരുന്ന കാലത്ത് രാഷ്ട്രീയ സ്വാധീനത്തിൽ ഉളള നിയമനങ്ങൾ ഒഴിവാക്കിയിരുന്നു. റാഗിങ് ഒഴിവാക്കാൻ ഒന്നാം വർഷ വിദ്യാർഥികളെ ക്യാമ്പസിന് പുറത്തുള്ള മറ്റ് ഹോസ്റ്റലുകളിലാണ് താമസിപ്പിച്ചിരുന്നത്. അഡ്മിനിസ്ട്രേഷൻ എടുക്കുന്ന തീരുമാനങ്ങളേയും നടപടികളേയും പ്രതിരോധിക്കാൻ അധ്യാപക വിദ്യാർഥി അനധ്യാപക സംഘടനകൾ ഒരുമിച്ച് നീങ്ങുകയും അത് തടയാതിരിക്കുകയും ചെയ്യുമ്പോൾ അഡ്മിനിസ്ട്രേഷന് സ്വതന്ത്രാധികാരം ഇല്ലാതാവുകയും അത് ഇത്തരം കാര്യങ്ങളിലേക്ക് നയിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാമ്പസ്സിൽ സിദ്ധാർത്ഥ് മർദ്ദനത്തിനിരയാവുന്നത് കണ്ടിട്ടും പുറത്തുപറയാതെയിരുന്നത് പഠനം പൂർത്തിയാക്കാൻ കഴിയാതെ ക്യാമ്പസ്സിൽ നിന്ന് പുറത്തുപോവേണ്ടി വരുമെന്നും മർദ്ദനത്തിനിരയാവുമെന്ന് ഭയന്നിട്ടെന്നുമായിരുന്നു വിദ്യാർഥികൾ മൊഴി നൽകിയത്. ഒരു പെൺകുട്ടിയുടെ പരാതിയുടെ പേര് പറഞ്ഞാണ് നാട്ടിലേക്ക് പോയ സിദ്ധാർത്ഥിനെ ക്യാമ്പസ്സിലേക്ക് തിരിച്ചു വിളിച്ചത്. ഫെബ്രുവരി 16ന് ക്യാമ്പസിലെ പാറപ്പുറത്തും വാട്ടർ ടാങ്കിനടുത്തുവെച്ചും സിദ്ധാർഥനെ ഒരു സംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സിദ്ധാർത്ഥിന്റെ ഫോൺ കൈവശപ്പെടുത്തിയ സംഘം സിദ്ധാർഥനെ കോളജിലെ ഔദ്യോഗിക വാട്സാപ് ഗ്രൂപ്പുകളിൽനിന്നു പുറത്താക്കുകയും ചെയ്തു. പിന്നീട് വീട്ടിൽ നിന്ന് അമ്മ വിളിച്ചപ്പോൾ മാത്രമാണ് ഫോണിൽ സംസാരിക്കാൻ സിദ്ധാർത്ഥിന് അവസരം കൊടുത്തത്.
ഫെബ്രുവരി 17ന് ഹോസ്റ്റലിന്റെ നടുമുറ്റത്തു പരസ്യവിചാരണക്കിരയായ സിദ്ധാർത്ഥിനെ നഗ്നനാക്കി കയറുകൊണ്ടു കെട്ടിയിട്ട് കൂട്ടമായി ക്രൂരമായി മർദ്ദിക്കുന്നത് കണ്ട പിജി വിദ്യാർഥികളാണ് പിന്നീട് ആന്റി റാഗിങ് സെല്ലിന് പരാതി നൽകിയിട്ട് കാര്യമില്ലെന്ന് കണ്ട് യുജിസിക്ക് പരാതി നൽകിയത്. ഇതിനിടെ അധ്യാപകരിലൊരാൾ ക്യാമ്പസ്സിൽ ഉണ്ടായ സംഭവം അറിയിച്ച് ഗവർണർക്ക് പരാതി മെയിലായി അയക്കുകയും ചെയ്തിരുന്നു.
സിദ്ധാർത്ഥിന്റേത് പ്രണയ നൈരാശ്യം മൂലമുണ്ടായ ആത്മഹത്യാ ശ്രമം ആണെന്ന് വരുത്തി തീർക്കാൻ ഒരു വിഭാഗം അധികൃതരുടെ ഭാഗത്ത് നിന്ന് ശ്രമങ്ങളും ഉണ്ടായി. സിദ്ധാർത്ഥിന്റെ മരണ ശേഷം ഡാൻസ് പാർട്ടിക്കിടെ സിദ്ധാർത്ഥ് തന്നോട് മോശമായി പെരുമാറി എന്ന പരാതിയുമായി ഒരു പെൺകുട്ടി അധികൃതരെ സമീപിച്ചു. ഈ പരാതി ഡീൻ സ്വീകരിക്കുന്നത് ഒരു വിഭാഗം അധ്യാപകർ തടയുകയായിരുന്നു. ഇങ്ങനെ ഒരു പരാതി ഉണ്ടെങ്കിൽ എന്തുകൊണ്ട് ഇത്രയും ദിവസം അറിയിക്കാൻ വൈകി? വിദ്യാർഥി മരിച്ച ശേഷം എന്തുകൊണ്ടാണ് പരാതി എന്നുമായിരുന്നു അന്ന് പരാതി സ്വീകരിക്കുന്നതിനെതിരെ ഒരു വിഭാഗം അധ്യാപകർ ഉയർത്തിയ ചോദ്യം. അതോടെയാണ് പരാതി രേഖാമൂലം സ്വീകരിക്കാൻ ഡീൻ വിസമ്മതിച്ചത്.
ഒരു കലാലയത്തിലെ അന്തരീക്ഷത്തിന് നിരക്കാത്ത പലകാര്യങ്ങളും പൂക്കോട് ക്യാമ്പസ്സിൽ നടക്കുന്നുണ്ടെന്നും വിദ്യാർഥികൾ പറയുന്നു. അധ്യാപകരും എസ്എഫ്ഐ നേതാക്കളായ വിദ്യാർഥികളും ഹോസ്റ്റലിലെ നടുമുറ്റത്ത് ഇരുന്ന് മദ്യപിക്കുന്നത് പതിവാണ്. ക്യാമ്പസ്സിന് അകത്തുനടക്കുന്ന എസ്എഫ്ഐ. യൂണിറ്റ് കമ്മിറ്റിയുടെ പരിപാടികൾ ഡീൻ ഉദ്ഘാടനം ചെയ്യാറുണ്ട്. സംഘടനാ പ്രവർത്തനങ്ങൾ എല്ലാം നടക്കുന്നത് അധ്യാപകരുടെ ഒത്താശയോടെയാണ്, പിന്നെ എങ്ങനെ ഇത്തരം സംഭവങ്ങളിൽ പരാതി നൽകുമെന്നും പരാതി നൽകിയാൽ അക്രമികൾ സംരക്ഷിക്കപ്പെടുകയും പരാതിക്കാർ പുറത്താവുകയുമല്ലേ ഉണ്ടാവുകയെന്നും വിദ്യാർഥികൾ ചോദിക്കുന്നു. സംഭവം കണ്ടിട്ടും സിദ്ധാർത്ഥിന്റെ മരണ വിവരം അറിഞ്ഞിട്ടും ഒന്നു പുറത്ത് പറയാനും തയ്യാറാവാതിരുന്ന വിദ്യാർഥികൾ, പിജി വിദ്യാർഥികൾ യുജിസിക്ക് നൽകിയ പരാതി ചർച്ചയായ ശേഷമാണ് സംഭവം അറിഞ്ഞിരുന്നുവെന്നെങ്കിലും പുറത്ത് പറയാൻ തയ്യാറായത്. അത്രയ്ക്ക് പേടിയോടെയാണ് ക്യാമ്പസ്സിലും ഹോസ്റ്റലിലും കഴിയുന്നതെന്നും കുട്ടികൾ പറയുന്നു.
കോർട്ട് വിചാരണയും, വഴങ്ങാത്തവർക്കെതിരെയുള്ള അക്രമവുമെല്ലാം തുടങ്ങിയിട്ട് കുറച്ച് വർഷങ്ങളായി. എന്നാൽ ഇതിലൊന്നും അധ്യാപകർ ഇടപെടില്ലെന്നും എല്ലാത്തിനും മൗനാനുവാദം നൽകുന്ന സമീപനമാണ് ഒരു വിഭാഗം സ്വീകരിക്കുന്നതെന്നും ആരോപണം ഉണ്ട്. കോളേജിൽ എസ്എഫ്ഐയെ നയിക്കുന്നത് ക്രിമിനൽ മനോഭാവം ഉള്ള കുറേപേരാണെന്നും ആരോപണമുണ്ട്. അവരുടെ നിയന്ത്രണത്തിലാണ് എല്ലാ കാര്യങ്ങളും.. എസ്എഫ്ഐ സമരം ചെയ്താൽ പരീക്ഷ വരെ യൂണിവേഴ്സിറ്റി മാറ്റിവെക്കുമെന്നും ആരോപണങ്ങളുണ്ട്.
