ഇര്‍ഫാന്‍ പഠാന്‍
ന്യൂഡല്‍ഹി: ബി.സി.സി.ഐ. വാര്‍ഷിക കരാറിലേക്കുള്ള തിരഞ്ഞെടുപ്പ് മാനദണ്ഡം എല്ലാവര്‍ക്കും ഒരുപോലെയായിരിക്കണമെന്ന സന്ദേശവുമായി മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍. ശ്രേയസ് അയ്യരും ഇഷാന്‍ കിഷനും മിടുക്കരാണ്. ദേശീയ ടീമിലില്ലാത്ത ഹര്‍ദിക് പാണ്ഡ്യ, റെഡ് ബോള്‍ ക്രിക്കറ്റ് കളിക്കാന്‍ തയ്യാറായില്ലെങ്കിലും വൈറ്റ് ബോള്‍ ആഭ്യന്തര ക്രിക്കറ്റിലെങ്കിലും പങ്കെടുക്കണമെന്നും ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.
‘ശ്രേയസും ഇഷാനും മിടുക്കരായ ക്രിക്കറ്റര്‍മാരാണ്. അവര്‍ ശക്തമായി തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഹര്‍ദിക് പാണ്ഡ്യയെപ്പോലുള്ള കളിക്കാര്‍, ദേശീയ ടീമിലില്ലാത്തപ്പോള്‍ റെഡ്‌ബോള്‍ ക്രിക്കറ്റ് കളിക്കാന്‍ തയ്യാറായില്ലെങ്കിലും വൈറ്റ് ബോള്‍ ആഭ്യന്തര ക്രിക്കറ്റിലെങ്കിലും പങ്കെടുക്കേണ്ടേ? ഇത് എല്ലാവര്‍ക്കും ബാധകമാക്കിയില്ലെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആഗ്രഹിക്കുന്ന ഫലം കൈവരിക്കില്ല’-ഇര്‍ഫാന്‍ പഠാന്‍ എക്‌സില്‍ കുറിച്ചു.
ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ശ്രേയസ് അയ്യരെയും ഇഷാന്‍ കിഷനെയും ബി.സി.സി.ഐ.യുടെ വാര്‍ഷിക കരാറില്‍നിന്ന് ഒഴിവാക്കിയിരുന്നു. താരങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് ടീമിലില്ലാത്ത സമയത്ത് ആഭ്യന്തര ക്രിക്കറ്റിന്റെ ഭാഗമാകണമെന്നാണ് നിബന്ധന. മാനസിക സമ്മര്‍ദം പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍നിന്ന് ഇഷാന്‍ കിഷനും നടുവേദന പറഞ്ഞ് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍നിന്ന് ശ്രേയസ് അയ്യരും പിന്‍വാങ്ങിയിരുന്നു. തുടര്‍ന്ന് ഇരുവരും രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ തയ്യാറായില്ല.
