banana|photo:canva

രാവിലെ കഴിക്കുന്ന ഭക്ഷണമാണ് നമ്മളുടെ ഒരു ദിവസത്തെ നിര്‍ണയിക്കുന്നത്. ജോലിതിരക്കുകള്‍ക്കിടയില്‍ പലര്‍ക്കും കൃത്യമായി പ്രഭാതഭക്ഷണം കഴിക്കാന്‍ കഴിയാത്ത സ്ഥിതി വരാറുണ്ട്. അത്തരം അവസരങ്ങളില്‍ നമ്മള്‍ പൊതുവേ പഴങ്ങള്‍ എന്തെങ്കിലും കഴിക്കുന്നതും പതിവാണ്. എന്നാല്‍ രാവിലെ വെറുംവയറ്റില്‍ ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് പല ദഹന പ്രശ്‌നങ്ങളും ഉണ്ടാക്കാം. അത്തരത്തില്‍ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത പഴങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം, പലരും രാവിലെ നേന്ത്രപ്പഴം പ്രഭാതഭക്ഷണമായി കഴിക്കാറുണ്ട്. വെറും വയറ്റില്‍ നേന്ത്രപ്പഴം കഴിക്കുന്നത് ഒട്ടും നല്ലതല്ല. ഇതിന് അസിഡിക് സ്വഭാവമുള്ളതിനാല്‍ ഇത് വെറുംവയറ്റില്‍ കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കും. കൂടാതെ, നേന്ത്രപ്പഴത്തിലടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ രക്തത്തിലെ മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവയുടെ സന്തുലനാവസ്ഥയെ ഇല്ലാതാക്കാനും സാധ്യതയുണ്ട്.

അതുപോലെ നേന്ത്രപ്പഴത്തില്‍ ഉയര്‍ന്ന നിലയില്‍ അടങ്ങിയിരിക്കുന്ന സ്വാഭാവിക ഷുഗര്‍ ശരീരത്തിന് പെട്ടെന്ന് ഊര്‍ജം നല്‍കുമെങ്കിലും മറ്റ് ഭക്ഷണങ്ങള്‍ കഴിക്കാത്തതു മൂലം മറ്റ് ധാതുക്കളുടെ അഭാവം കാരണം ഈ ഊര്‍ജമെല്ലാം പെട്ടെന്ന് നഷ്ടപ്പെടും. അതിനാല്‍ പ്രഭാതഭക്ഷണത്തിന്റെ കൂടെ നേന്ത്രപ്പഴം കഴിക്കുന്നതാണ് ആരോഗ്യത്തിന് ഗുണം ചെയ്യുന്നത്.അതുപോലെ പൈനാപ്പിളും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നതും നല്ലതല്ല.

മാമ്പഴവും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് നല്ലതല്ല. ഇത് ചിലരില്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനിടയുണ്ട്. പുളിരസമുള്ള സിട്രസ് പഴങ്ങളും വെറും വയറ്റില്‍ കഴിക്കുന്നത് ഒഴിവാക്കണം. ചില സിട്രസ് പഴങ്ങള്‍ അസിഡിറ്റിക്ക് കാരണമാകും. അതിനാല്‍ ഓറഞ്ച്, നാരങ്ങ പോലെയുള്ള പഴങ്ങളും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ഒഴിവാക്കുക.

രാവിലെ വെറും വയറ്റില്‍ പപ്പായ കഴിക്കുന്നതും ചിലരില്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. എല്ലാവര്‍ക്കും പൊതുവേ ഇഷ്ടമുളള ഫലമാണ് മുന്തിരി. ഇതില്‍ സ്വാഭാവിക പഞ്ചസാര ധാരാളം അടങ്ങിയിട്ടുണ്ട്.ഇവ രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. കുട്ടികള്‍ക്കും രാവിലെ മുന്തിരി കൊടുക്കുന്നതും ഒഴിവാക്കണം.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)