മാത്യു കുഴല്‍നാടന്‍
തിരുവനന്തപുരം: മാസപ്പടി വിഷയത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കി മാത്യു കുഴല്‍നാടന്‍. എം.എല്‍.എ. മൂന്ന് ഘട്ടങ്ങളിലായി വാര്‍ത്താ സമ്മേളനങ്ങളില്‍ ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം അന്വേഷിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. രേഖകള്‍ സഹിതമാണ് വിജിലന്‍സിന് പരാതി സമര്‍പ്പിച്ചിരിക്കുന്നത്.
വീണാ വിജയനെയും അവരുടെ കമ്പനിയെയും സി.എം.ആര്‍.എല്ലില്‍ നിന്ന് പണം സ്വീകരിക്കാനായി പിണറായി വിജയന്‍ ഉപയോഗിച്ചെന്നും അതിനായി മുഖ്യമന്ത്രി പദവി ദുരുപയോഗിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. സി.എം.ആര്‍.എല്‍ കമ്പനിക്ക് മുഖ്യമന്ത്രി ചെയ്തുകൊടുത്ത വഴിവിട്ട കാര്യങ്ങൾ, സി.എം.ആര്‍.എല്ലിന്റെ അക്കൗണ്ടില്‍ നിന്ന് വീണയുടെ അക്കൗണ്ടിലേക്ക് തുടര്‍ച്ചയായി പണം എത്തിയ സംഭവം, വീണയുടെ കമ്പനി സി.എം.ആര്‍.എല്‍ കമ്പനിക്ക് ചെയ്തുകൊടുത്ത സേവനങ്ങള്‍ എന്നിവയും പരാതിയില്‍ വിശദീകരിക്കുന്നുണ്ട്.
വീണാ വിജയന്‍ കമ്പനിയുടെ ഭാഗമായതിനുശേഷം കെ.ആര്‍.ഇ.എം.എല്‍ കേരള ഭൂപരിഷ്‌കരണ നിയമത്തില്‍ നിന്ന് രക്ഷപ്പെടാനും അനധികൃതമായി സ്വന്തമാക്കിയ അവരുടെ ഭൂമി സംരക്ഷിക്കാനുമായി കേരള സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു. റവന്യൂവകുപ്പ് തള്ളികളഞ്ഞ കമ്പിനിയുടെ അപേക്ഷ മുഖ്യമന്ത്രി വീണ്ടും പരിഗണിക്കുകയും അനുകൂലമായ നടപടി സ്വീകരിക്കാന്‍ വ്യവസായ വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കുകയുമായിരുന്നു. മുഖ്യമന്ത്രിയും സര്‍ക്കാരും കമ്പനിയുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് നടപടികള്‍ സ്വീകരിക്കുകയും സാമ്പത്തിക ലാഭത്തിനായി വീണാ വിജയന്‍ സിഎംആര്‍എല്ലുമായുള്ള സഹകരണം തുടരുകയും ചെയ്‌തെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
കരിമണല്‍ ഖനനം പൊതുമേഖലയില്‍ മാത്രമാക്കി ചുരുക്കിയ കേന്ദ്ര ഉത്തരവ് വന്നിട്ടും സി.എം.ആര്‍.എല്ലുമായുള്ള കരാര്‍ റദ്ദാക്കാന്‍ വൈകിയത്, തോട്ടപ്പള്ളിയിലെ മണ്ണെടുപ്പ്, കെ.സ്.ഐ.ഡി.സിയും സി.എം.ആര്‍.എല്ലും തമ്മിലുള്ള ഇടപാട് എന്നിവയെല്ലാം പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
