പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ | Photo: Screengrab / ANI
ഭോപ്പാൽ: മധ്യപ്രദേശിൽ പിക്കപ്പ് വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് 14 പേർ മരിച്ചു. 21 പേർക്ക് പരിക്കേറ്റു. ദിൻഡോരി ജില്ലയിലെ ബദ്‌ജർ ഗ്രാമത്തിന് സമീപം വ്യാഴാഴ്ച പുലർച്ചെ 1.30 ഓടെയാണ് അപകടം. ദേവാരി ഗ്രാമത്തിൽ ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗ്രാമീണർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.
നാട്ടുകാരും പോലീസും ചേർന്ന് പരിക്കേറ്റവരെ സമീപത്തെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ എത്തിച്ചു. ഡിൻഡോരി കളക്ടർ വികാസ് മിശ്രയും പോലീസ് സൂപ്രണ്ടും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
സംഭവത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് അനുശോചനം രേഖപ്പെടുത്തുകയും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. സ്ഥിതിഗതികൾ വിലയിരുത്താൻ സംസ്ഥാന മന്ത്രി സമ്പതി ഔകെ ദിൻഡോരിയിലെത്തുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
