Meena Sagar| Photo: https://www.instagram.com/meenasagar16/

സിനിമയില്‍ നാല് പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുകയാണ് മീന. 1982 ല്‍ റിലീസ് ചെയ്ത നെഞ്ചങ്കള്‍ എന്ന സിനിമയില്‍ ബാലതാരമായി തുടങ്ങിയ യാത്ര, ഇപ്പോള്‍ ആനന്ദപുരം ഡയറീസ് വരെ എത്തിനില്‍ക്കുന്നു. ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആനന്ദപുരം ഡയറീസ്’. തമിഴ് നടന്‍ ശ്രീകാന്തും മനോജ് കെ ജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പകുതി വഴിയില്‍ മുടങ്ങിപ്പോയ നിയമ പഠനം പുനരാരംഭിക്കാന്‍ എത്തുന്ന വിദ്യാര്‍ഥിയുടെ കഥാപാത്രത്തെയാണ് മീന അവതരിപ്പിക്കുന്നത്. സിനിമയുടെ വിശേഷങ്ങള്‍ താരം പങ്കുവയ്ക്കുന്നു.

”നിര്‍മാതാവ് ശശി നായരാണ് എന്നെ വിളിച്ച് ആനന്ദപുരം ഡയറിസീന്റെ വണ്‍ലൈന്‍ പറയുന്നത്. കേട്ടപ്പോള്‍ തന്നെ എനിക്ക് ചെയ്യാമെന്ന് തോന്നിയിരുന്നു. തിരക്കഥ മുഴുവന്‍ കേട്ടപ്പോള്‍ കുറച്ചുകൂടി ഇഷ്ടമായി. ബോള്‍ഡായ, കരുത്തയായ, പ്രചോദനം നല്‍കുന്ന കഥാപാത്രമാണ്. ഇതുപോലുള്ള കഥാപാത്രം ഞാനിതുവരെ മലയാളത്തില്‍ ചെയ്തിട്ടില്ല.

പുതുമുഖ താരങ്ങളും മനോജ് കെ ജയന്‍, ശ്രീകാന്ത് തുടങ്ങിയ അഭിനേതാക്കളുമുണ്ട്. അവരെയെല്ലാം എനിക്ക് വര്‍ഷങ്ങളായി അറിയാം. ഒരു കോളേജ് കാമ്പസിലായിരുന്നു ഷൂട്ടിങ്. ഒരു കോളേജ് വിദ്യാര്‍ഥിയുടെ കഥാപാത്രം ചെയ്യുന്നത് എന്റെ സ്വപ്‌നമായിരുന്നു. ഞാനിതുവരെ ഒരു കോളേജ് കണ്ടിട്ടുമില്ല, അവിടെ പോയിട്ടുമില്ല. അതുകൊണ്ടു തന്നെ കോളേജ് കാമ്പസിലെ ചിത്രീകരണം എന്നെ സംബന്ധിച്ച് ഒരു പുതിയ അനുഭവമായിരുന്നു. ക്ലാസ് റുമും കോറിഡോറും കഫേറ്റിയയുമെല്ലാം കണ്ടപ്പോള്‍ എനിക്കെന്റെ സ്‌കൂള്‍ കാലഘട്ടമാണ് ഓര്‍മ വന്നത്.

ആദ്യമായി ഞാന്‍ ഒരു വക്കീലിന്റെ കഥാപാത്രം ചെയ്യുന്നുവെന്ന പ്രത്യേകത കൂടിയ ഈ സിനിമയ്ക്കുണ്ട്. ഇതുവരെ നിങ്ങള്‍ കണ്ട മീനയല്ല, ഈ മീന എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എല്ലാവരും ഈ സിനിമ കാണണമെന്ന് അപേക്ഷിക്കുന്നു”.- മീന പറഞ്ഞു.

നീല്‍ പ്രൊഡക്ഷന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ശശി ഗോപാലന്‍ നായരാണ് ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നത്. സിദ്ധാര്‍ത്ഥ് ശിവ, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, റോഷന്‍ അബ്ദുള്‍ റഹൂഫ്, മാലാ പാര്‍വ്വതി, സിബി തോമസ്, രാജേഷ് അഴീക്കോടന്‍, അഭിഷേക് ഉദയകുമാര്‍, ശിഖ സന്തോഷ്, നിഖില്‍ സഹപാലന്‍, സഞ്ജന സാജന്‍, രമ്യ സുരേഷ്, ഗംഗ മീര, കുട്ടി അഖില്‍, ആര്‍ജെ അഞ്ജലി, വൃദ്ധി വിശാല്‍ തുടങ്ങിയ പ്രമുഖ താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

മനു മഞ്ജിത്ത്, റഫീഖ് അഹമ്മദ്, സുരേഷ് മാത്യു, സിനാന്‍ എബ്രഹാം എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. ഷാന്‍ റഹ്‌മാന്‍, ആല്‍ബര്‍ട്ട് വിജയന്‍, ജാക്സണ്‍ വിജയന്‍ എന്നിവര്‍ ഈണം നല്‍കിയ ഗാനങ്ങള്‍ കെ എസ് ചിത്ര, സുജാത, സൂരജ് സന്തോഷ്, ജാക്സണ്‍ വിജയന്‍, റാണി സജീവ്, ദക്ഷിണ ഇന്ദു മിഥുന്‍, അശ്വിന്‍ വിജയ്, ശ്രീജിത്ത് സുബ്രഹ്‌മണ്യന്‍, യാസിന്‍ നിസാര്‍, മിഥുന്‍ ജയരാജ് എന്നിവരാണ് ആലപിച്ചിരിക്കുന്നത്.

സജിത്ത് പുരുഷനാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ചെയ്തിരിക്കുന്നത് അപ്പു ഭട്ടതിരിയും ഷൈജാസ് കെ എമ്മും ചേര്‍ന്നാണ്. സത്യകുമാര്‍, പി ശശികല എന്നിവരാണ് സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. വിനോദ് മംഗലത്താണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. നാസ്സര്‍ എമ്മാണ് ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനര്‍. ബാബാ ഭാസ്‌കര്‍, സ്പ്രിംഗ് എന്നിവര്‍ ചേര്‍ന്നാണ് കൊറിയോഗ്രാഫി നിര്‍വ്വഹിച്ചിരിക്കുന്നത്. കല- സാബു മോഹന്‍, വസ്ത്രാലങ്കാരം -ഫെമിന ജബ്ബാര്‍, മേക്കപ്പ്- സിനൂപ് രാജ് & സജി കൊരട്ടി, സ്റ്റില്‍സ്- അജി മസ്‌ക്കറ്റ്, പരസ്യകല-കോളിന്‍സ് ലിയോഫില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഉമേശ് അംബുജേന്ദ്രന്‍, അസോസിയേറ്റ് ഡയറക്ടര്‍-കിരണ്‍ എസ് മഞ്ചാടി, അസിസ്റ്റന്റ് ഡയറക്ടര്‍-വിഷ്ണു വിജയന്‍ ഇന്ദിര, അഭിഷേക് ശശി കുമാര്‍, മിനി ഡേവിസ്, വിഷ്ണു ദേവ് എം ജെ, ശരത് കുമാര്‍ എസ്, ചീഫ് അസോസിയേറ്റ് ക്യാമറമാന്‍- ക്ലിന്റോ ആന്റണി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- മോഹന്‍ദാസ് എം ആര്‍, പ്രൊഡക്ഷന്‍ മാനേജര്‍-ജസ്റ്റിന്‍ കൊല്ലം, അസ്ലാം പുല്ലേപ്പടി, ലോക്കേഷന്‍ മാനേജര്‍ -വന്ദന ഷാജു എന്നിവരാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.