CM Pinarayi Vijayan, Governor Arif Mohammed Khan

തിരുവനന്തപുരം: ഗവര്‍ണറെ ചാന്‍സലന്‍ സ്ഥാനത്തുനിന്ന് മാറ്റുന്ന നിയമം അടക്കം മൂന്ന് ബില്ലുകളില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു തീരുമാനമെടുത്തിട്ടില്ല എന്ന് വ്യക്തമാക്കി രാജ്ഭവന്‍. രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ട ഏഴ് ബില്ലുകളിൽ മൂന്ന് ബില്ലുകളുടെ കാര്യത്തില്‍ രാഷ്ട്രപതി തീരുമാനമെടുത്തിട്ടില്ലെന്ന് രാജ്ഭവന്‍ വ്യക്തമാക്കി.

വാര്‍ത്താക്കുറിപ്പിലൂടെയാണ് രാജ്ഭവന്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. ഏഴ് ബില്ലുകളാണ് ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി കൈമാറിയത്. ഇതില്‍ ലോകായുക്ത ബില്ലിന് മാത്രമാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയത്. ഗവര്‍ണറെ ചാന്‍സലന്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതിനുള്ള നിയമഭേദഗതി ബിൽ അടക്കം മൂന്ന് ബില്ലുകളുടെ കാര്യത്തില്‍ രാഷ്ട്രപതി തീരുമാനം എടുത്തിട്ടില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

കേരള സര്‍വകലാശാലയുമായി ബന്ധപ്പെട്ട് ഗവര്‍ണറെ ചാന്‍സലന്‍ സ്ഥാനത്തുനിന്ന് മാറ്റുന്ന നിയമം, സെര്‍ച്ച് കമ്മറ്റിയുടെ ഘടന മാറ്റുന്ന യൂണിവേഴ്‌സിറ്റി ലോ അമന്‍മെന്റ് ബില്‍ 2022, കേരളത്തിലെ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റികളുമായി ബന്ധപ്പെട്ട യൂണിവേഴ്‌സിറ്റി നിയമഭേദഗതി എന്നിവയാണ് രാഷ്ട്രപതി തീരുമാനമെടുക്കാത്ത മൂന്ന് ബില്ലുകള്‍.

ഒന്നരവര്‍ഷത്തോളം ബില്ല് രാജ്ഭവനില്‍ വെച്ചശേഷമാണ് ലോകായുക്ത നിയമഭേദഗതി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയച്ചത്. അതില്‍ വളരെ വേഗത്തിൽ തീരുമാനമെടുത്ത് രാഷ്ട്രപതി അംഗീകാരം നല്‍കിയത് സര്‍ക്കാരിന് വലിയ ആശ്വാസവും ഗവര്‍ണര്‍ക്ക് വലിയ തിരിച്ചടിയുമായിരുന്നു.