വിരാട് കോഹ്ലി, രോഹിത് ശർമ്മ
ന്യൂഡല്‍ഹി: ഒഴിവുവേളകളുണ്ടായാല്‍ വിരാട് കോലിയും രോഹിത് ശര്‍മയും ഉള്‍പ്പെടെ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരവും 1983-ല്‍ ലോകകപ്പ് ജയിച്ച ടീമിലെ അംഗവുമായ കീര്‍ത്തി ആസാദ്. കളിക്കാര്‍ ദേശീയ ടീമിലില്ലാതിരിക്കുമ്പോള്‍ രഞ്ജി ട്രോഫി കളിക്കണമെന്ന ബി.സി.സി.ഐ.യുടെ നിര്‍ദേശം നല്ല നീക്കമാണെന്നും നിയമം എല്ലാ ഇന്ത്യന്‍ താരങ്ങള്‍ക്കും ബാധകമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘ഇത് നല്ല നീക്കമാണ്. എല്ലാവരും രഞ്ജി ട്രോഫി ക്രിക്കറ്റ് കളിക്കണം. പക്ഷേ, ഐ.പി.എലിനാണ് ഇപ്പോള്‍ ഊന്നല്‍. അത് നല്ലതാണ്. പക്ഷേ, യഥാര്‍ഥ ക്രിക്കറ്റെന്നത് അഞ്ചുദിവസത്തെ ക്രിക്കറ്റാണ്. നിങ്ങള്‍ വിരാട് കോലിയോ രോഹിത് ശര്‍മയോ ആണെങ്കിലും ഒഴിവുവേളകള്‍ ഉണ്ടായാല്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കണം. അതുവഴി സെലക്ഷനും രാജ്യത്തിനു വേണ്ടി കളിക്കാനുള്ള അവസരവും ലഭ്യമാകും’, കീര്‍ത്തി ആസാദ് പറഞ്ഞു.
രഞ്ജി ട്രോഫി ക്രിക്കറ്റില്‍നിന്ന് വിട്ടുനിന്നതിനെത്തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങളായ ശ്രേയസ്സ് അയ്യരെയും ഇഷാന്‍ കിഷനെയും ബി.സി.സി.ഐ.യുടെ വാര്‍ഷിക കരാറില്‍നിന്ന് നീക്കംചെയ്തിരുന്നു. അയ്യര്‍ നേരത്തേ ബി ഗ്രേഡ് കരാറിലും ഇഷാന്‍ കിഷന്‍ സി ഗ്രേഡ് കരാറിലും ഉള്‍പ്പെട്ട താരങ്ങളാണ്.
