Avtar Saini | Photo: KartikMistry, CC BY-SA 4.0 , via Wikimedia Commons

മുംബൈ: ഇന്റല്‍ ഇന്ത്യയുടെ മുന്‍ മേധാവി അവ്താര്‍ സൈനി വാഹനാപകടത്തില്‍ മരിച്ചു. ബുധനാഴ്ച രാവിലെ 5.30 ന് നവി മുംബൈയിലെ പാം ബീച്ച് റോഡില്‍ വെച്ച് സൈനി സഞ്ചരിച്ചിരുന്ന സൈക്കിളില്‍ അതിവേഗമെത്തിയ ഒരു കാര്‍ ഇടിച്ചായിരുന്നു അപകടം. അപകടമുണ്ടായ ഉടന്‍ കാര്‍ഡ്രൈവര്‍ വാഹനവുമായി കടന്നുകളയാന്‍ ശ്രമിച്ചു. അതിനിടെ സൈനിയുടെ സൈക്കിള്‍ കാറിനടിയില്‍ കുടുങ്ങുകയും അദ്ദേഹത്തെ കുറച്ചു ദൂരം വലിച്ചിഴക്കുകയും ചെയ്തുവെന്ന് അദ്ദേഹത്തോടൊപ്പം മറ്റ് സൈക്കിളുകളിലുണ്ടായിരുന്നവരില്‍ ഒരാള്‍ പറഞ്ഞു.

ഹെല്‍മെറ്റ് ധരിച്ചിരുന്നുവെങ്കിലും സൈനിക്ക് ഗുരുതരമായ പരിക്കുകളേറ്റു. അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ വെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. സൈനിക്കൊപ്പമുണ്ടായിരുന്നവരാണ് കാര്‍ ഡ്രൈവറെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

മൂന്ന് വര്‍ഷം മുമ്പാണ് സൈനിയുടെ ഭാര്യ മരിച്ചത്. അതിന് ശേഷം ചെമ്പൂരില്‍ ഒറ്റയ്ക്കായിരുന്നു താമസം. മകനും മകളും യുഎസിലാണ്. അടുത്തമാസം ഇവരെ സന്ദര്‍ശിക്കാനിരിക്കെയാണ് അപകടം സംഭവിച്ചത്.

ഇന്റലിന്റെ പെന്റിയം പ്രൊസസറിന്റെ രൂപകല്‍പനയ്ക്ക് നേതൃത്വം നല്‍കിയ വ്യക്തിയായിരുന്നു അവ്താര്‍ സൈനി. രാജ്യത്തെ കമ്പനിയുടെ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ച വ്യക്തി. 1982 മുതല്‍ 2004 വരെ ഇന്റല്‍ ഇന്ത്യയുടെ വൈസ് പ്രസിഡന്റായിരുന്നു അദ്ദേഹം. ഇന്റല്‍ 386, ഇന്റല്‍ 486, ജനപ്രിയമായ പെന്റിയം പ്രൊസസര്‍ എന്നിവയുടെയെല്ലാം രൂപകല്‍പനയില്‍ അദ്ദേഹത്തിന്റെ പങ്കുണ്ട്.

ഇന്റലിന്റെ മുന്‍ കണ്‍ട്രി മാനേജരും ഇന്റല്‍ സൗത്ത് ഏഷ്യ ഡയറക്ടറുമായ അവ്താര്‍ സൈനിയുടെ വിയോഗത്തില്‍ ഏറെ ദുഃഖമുണ്ടെന്ന് ഇന്റല്‍ ഇന്ത്യയുടെ നിലവിലെ മേധാവി ഗോകുല്‍ വി സുബ്രമണ്യന്‍ പറഞ്ഞു. ഇന്ത്യയില്‍ ഇന്റലിന്റെ റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് സെന്റര്‍ സ്ഥാപിക്കുന്നതില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്. മികച്ചൊരു നേതാവെന്ന നിലയിലും വിലപ്പെട്ട ഉപദേഷ്ടാവ് എന്ന നിലയിലും ഇന്‍വെന്റര്‍ എന്ന നിലയിലും അദ്ദേഹം ഓര്‍മിക്കപ്പെടുമെന്നും ഗോകുല്‍ കൂട്ടിച്ചേര്‍ത്തു.