ഹിമാചൽ മുഖ്യമന്ത്രി മുഖ്യമന്ത്രിക്കൊപ്പം ഹൈക്കമാൻഡ് നിരീക്ഷകനായി എത്തിയ ഡി.കെ.ശിവകുമാർ |ഫോട്ടോ:PTI

ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശില്‍ 15 മാസംമുന്‍പുനടന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് ഭരണം നഷ്ടമായതിനുപിന്നിലെ മുഖ്യകാരണങ്ങളിലൊന്ന് വിമതരായിരുന്നു.

സീറ്റുകിട്ടാത്തതിനെത്തുടര്‍ന്ന് പാര്‍ട്ടിയോട് പിണങ്ങി വിമതരായി മത്സരിച്ചവര്‍ ചുരുങ്ങിയത് എട്ടുസീറ്റിലാണ് ബി.ജെ.പി.യെ തോല്‍പ്പിച്ചത്. എന്നാല്‍, പ്രതിപക്ഷത്തിരുന്ന് പണിതുടങ്ങിയ ബി.ജെ.പി.ക്ക് ചൊവ്വാഴ്ചത്തെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ആറ്‌ കോണ്‍ഗ്രസ് എം.എല്‍.എ.മാരെ വിമതരാക്കി വോട്ടുചോര്‍ത്താനും ജയിക്കാനും സാധിച്ചു.

2022 നവംബറില്‍നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 68 സീറ്റില്‍ 40-ഉം നേടിയാണ് കോണ്‍ഗ്രസ് ഭരണംപിടിച്ചത്. വിമതരുടെ കളിയില്‍ നഷ്ടമായ എട്ടുസീറ്റുകള്‍ ബി.ജെ.പി.ക്ക് വിലപ്പെട്ടതായി. ഇതോടെ 25 സീറ്റുമായി പ്രതിപക്ഷത്തിരിക്കേണ്ടിവന്ന ബി.ജെ.പി.ക്ക് രാജ്യസഭാ തിരഞ്ഞെടുപ്പിലെ വിജയം വലിയ നേട്ടമായി.

നിയമസഭാതിരഞ്ഞെടുപ്പില്‍ ജയിച്ച മൂന്നുസ്വതന്ത്രരില്‍ രണ്ടുപേര്‍ ബി.ജെ.പി.വിമതരായിരുന്നു. ആ മൂന്നുപേരും ചൊവ്വാഴ്ചത്തെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്കാണ് വോട്ടുചെയ്തത്.

നിയമസഭാതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് സ്വതന്ത്രരായി മത്സരിച്ച കെ.എല്‍. ഠാക്കൂറും ഹോഷ്യാര്‍ സിങ്ങുമാണ് ജയിച്ചത്. രണ്ടിടത്തും (സോളന്‍, ദേഹ്ര) ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ മൂന്നാം സ്ഥാനത്തേക്കുപോയി. ധര്‍മശാല, കിന്നോര്‍, തിയോഗ്, കുള്ളു, ഇന്‍ഡോര്‍, ഫത്തേപുര്‍ മണ്ഡലങ്ങളിലും വിമതര്‍ നേടിയ വോട്ടുകള്‍ ബി.ജെ.പി. സ്ഥാനാര്‍ഥികളെ തോല്‍പ്പിച്ചു.

എന്നാല്‍, രാജ്യസഭാതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ആറ് എം.എല്‍.എ.മാരെ മറുകണ്ടം ചാടിക്കുന്നതില്‍ ബി.ജെ.പി. വിജയിച്ചു. കേവലം ഒരു രാജ്യസഭാസീറ്റ് നേടുക എന്നതിലുപരി ഹിമാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്താനും ബി.ജെ.പി.ക്ക് കഴിഞ്ഞു.

രക്ഷാപ്രവർത്തനത്തിന് ഹൈക്കമാൻഡ്

നിയമസഭയില്‍ ഭൂരിപക്ഷമുണ്ടായിട്ടും ഹിമാചൽ പ്രദേശിൽ രാജ്യസഭാ തിരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത അട്ടിമറിയില്‍ കുടുങ്ങിയ കോണ്‍ഗ്രസിന് പ്രതിസന്ധി ഒഴിയുന്നില്ല. പാര്‍ട്ടിയിലെ വിമതര്‍ പ്രത്യക്ഷമായും ചരടുവലികളുമായി ബി.ജെ.പി. അണിയറയിലും സജീവം. സംസ്ഥാന പൊതുമരാമത്ത് മന്ത്രി വിക്രമാദിത്യ സിങ് ബുധനാഴ്ച രാജിവെച്ചത് വിമതനീക്കങ്ങള്‍ക്ക് ആക്കംകൂട്ടി.

സര്‍ക്കാരിനെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ ബി.ജെ.പി. നീക്കംതുടരുന്നതിനിടെ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കിയതിനാല്‍ സര്‍ക്കാര്‍ താത്‌കാലിക ആശ്വാസംനേടി. ബുധനാഴ്ച സഭ ചേര്‍ന്നയുടനെ, വോട്ടെടുപ്പുകൂടാതെ ബജറ്റ് പാസാക്കാന്‍ നീക്കം നടത്തുന്നെന്നാരോപിച്ച് പ്രതിപക്ഷം സഭാകവാടത്തില്‍ ധര്‍ണ ആരംഭിച്ചു. സ്പീക്കറുടെ ചേംബറിലെത്തി പ്രതിഷേധവുമുയര്‍ത്തി. പ്രതിപക്ഷനേതാവ് ജയറാം താക്കൂര്‍ അടക്കം 15 ബി.ജെ.പി. അംഗങ്ങളെ സ്പീക്കര്‍ കുല്‍ദീപ് സിങ് പതാനിയ സസ്പെന്‍ഡ്ചെയ്തു. പ്രതിപക്ഷാംഗങ്ങള്‍ ഒന്നടങ്കം സഭ ബഹിഷ്‌കരിച്ചു. ഭരണപക്ഷത്തിന്റെ ശബ്ദവോട്ടോടെ ബജറ്റ് പാസാക്കി സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.

കോണ്‍ഗ്രസിനുള്ളിലെ പടലപ്പിണക്കം ഒതുക്കാന്‍ കര്‍ണാടക ഉപമുഖ്യമന്ത്രിയും തന്ത്രജ്ഞനുമായ ഡി.കെ. ശിവകുമാറിനെയും ഛത്തീസ്ഗഢ്‌ മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബഘേലിനെയും ഭൂപീന്ദര്‍ ഹൂഡയെയും ഹൈക്കമാന്‍ഡ് ഷിംലയിലേക്ക് അയച്ചിട്ടുണ്ട്. അതിനിടെ മുഖ്യമന്ത്രിസ്ഥാനം സുഖ്‌വീന്ദര്‍ സിങ്സുഖു ഒഴിയുന്നതായി അഭ്യൂഹം പരന്നെങ്കിലും പിന്നീട് സുഖുതന്നെ ഇക്കാര്യം നിഷേധിച്ചു.

വിമതരുടെ നിലപാട് നിര്‍ണായകം

വിമതരുടെ നിലപാട് നിർണായകമാണ്. സുഖുവിനോട് പ്രതിഷേധമുയര്‍ത്തിയാണ് വിമതര്‍ രംഗത്തുള്ളതെങ്കിലും മുതിര്‍ന്നനേതാവ് ആനന്ദ് ശര്‍മയെ പിന്തുണയ്ക്കുന്നവരും പി.സി.സി. അധ്യക്ഷ പ്രതിഭാ സിങ്ങിനെ പിന്തുണയ്ക്കുന്നവരും നീക്കത്തിന് പിന്നിലുണ്ട്. മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്രസിങ്ങിന്റെയും പ്രതിഭാ സിങ്ങിന്റെയും മകനായ വിക്രമാദിത്യ സിങ് തുടക്കംമുതല്‍ സുഖുവിനെതിരേ കലഹക്കൊടിയുമായി രംഗത്തുണ്ട്. വിക്രമാദിത്യസിങ് പ്രിയങ്കാ ഗാന്ധിയെ ഫോണില്‍ ബന്ധപ്പെട്ടതായും സൂചനയുണ്ട്.

മുങ്ങിയ എം.എല്‍.എ.മാര്‍ തിരിച്ചെത്തി

ചൊവ്വാഴ്ച രാജ്യസഭാ വോട്ടെടുപ്പിനുപിന്നാലെ ഹരിയാണയിലെ പഞ്ച്കുല റിസോര്‍ട്ടിലേക്ക് കടത്തപ്പെട്ട വിമത എം.എല്‍.എ.മാര്‍ ബുധനാഴ്ച രാവിലെ സഭാസമ്മേളനം ആരംഭിച്ചതോടെ നാടകീയമായി സഭയിലെത്തി. ജയ് ശ്രീറാം വിളികളോടെ ബി.ജെ.പി. അംഗങ്ങള്‍ ഇവരെ വരവേറ്റു. വിമതനീക്കത്തിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് എം.എല്‍.എ.മാരായ രാജേന്ദ്രറാണെയും സുധീര്‍ ശര്‍മയും മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനശൈലിയോടുള്ള നീരസം പരസ്യമാക്കി. മറ്റൊരു വിമത എം.എല്‍.എ.യായ രവി ഠാക്കൂര്‍ താന്‍ ബി.ജെ.പി.ക്കൊപ്പമാണെന്ന് പറഞ്ഞു.

അംഗബലം

68 അംഗ നിയമസഭയില്‍ 40 സീറ്റാണ് കോണ്‍ഗ്രസിനുള്ളത്. മൂന്ന് സ്വതന്ത്രരും സര്‍ക്കാരിനെ പിന്തുണച്ചിരുന്നു. ബി.ജെ.പിക്കുള്ളത് 25 അംഗങ്ങള്‍. കഴിഞ്ഞദിവസം ആറ് പാര്‍ട്ടിയംഗങ്ങളും മൂന്ന് സ്വതന്ത്രരും കൂറുമാറി. ഇതോടെ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം 34 ആയി. 35 അംഗങ്ങളാണ് കേവലഭൂരിപക്ഷത്തിനാവശ്യം.

ജനവിധി അട്ടിമറിക്കാനനുവദിക്കില്ലെന്ന് കോണ്‍ഗ്രസ്

ഹൈക്കമാന്‍ഡ് നിയോഗിച്ച നിരീക്ഷകരോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സമഗ്ര റിപ്പോര്‍ട്ട് തേടിയതായി എ.ഐ.സി.സി. മാധ്യമവിഭാഗം ജനറല്‍ സെക്രട്ടറി ജയറാം രമേഷ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഓപ്പറേഷന്‍ താമരയിലൂടെ ഹിമാചല്‍ പ്രദേശിലെ ജനവിധി അട്ടിമറിക്കാന്‍ അനുവദിക്കില്ല. പാര്‍ട്ടിയുടെ വിശാലതാത്‌പര്യം പരിഗണിച്ചുള്ള കടുത്ത നടപടിയെടുക്കാനും മടിക്കില്ല.

സര്‍ക്കാരിനെ തിരഞ്ഞെടുക്കാനുള്ള അവകാശം ജനങ്ങള്‍ക്കാണെന്നും ഹിമാചലിലെ ജനങ്ങള്‍ ആ അവകാശം വിനിയോഗിച്ചാണ് കോണ്‍ഗ്രസിനെ തിരഞ്ഞെടുത്തതെന്നും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പ്രതികരിച്ചു.