ഇ.പി. ജയരാജന്‍

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ കേസില്‍ സി.പി.എം. നേതാക്കളെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് ആവര്‍ത്തിച്ച് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍. യു.ഡി.എഫ്. സര്‍ക്കാറിന്റെ കാലത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നിരപരാധിത്വം തെളിയിക്കാന്‍ നിയമ പോരാട്ടം തുടരും. സി.പി.എമ്മിന്റെ നിരപരാധിത്വം ജനങ്ങള്‍ക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലീഗിനെ കോണ്‍ഗ്രസ് പൂര്‍ണമായും തഴയുന്നു. ലീഗിന് രാജ്യസഭാ സീറ്റ് പരിഗണിക്കാം എന്നാണ് ഇപ്പോള്‍ പറയുന്നത്. എന്നാല്‍ ലീഗിന്റെ സീറ്റ് ഒഴിവ് വരുമ്പോള്‍ അത് കോണ്‍ഗ്രസ് ഏറ്റെടുക്കും. ലീഗിനെ കോണ്‍ഗ്രസ് പരിഹസിക്കുകയാണ്. ഇതിനോട് പ്രതികരിക്കാന്‍ ലീഗിന് ശേഷിയില്ലേ. അതിനുള്ള നേതാക്കള്‍ ഇല്ലേ.

ആറ് മാസം കഴിയുമ്പോള്‍ ഒഴിവ് വരുന്ന സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും. ബിജെപിക്കെതിരെ ശബ്ദമുയര്‍ത്താന്‍ ത്രാണിയില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസും യുഡിഎഫും മാറി. ഇടതുപക്ഷത്തെ മാത്രമാണ് ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസം.

നിലവില്‍ നിയമസഭയില്‍ ജയിക്കാന്‍ കോണ്‍ഗ്രസിന്റെ വോട്ട് ലീഗിന് വേണ്ട. ലീഗിന് സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശേഷിയില്ലേ? നാണംകെട്ട് ഇങ്ങനെ യു.ഡി.എഫില്‍ തുടരണോ എന്ന് അവര്‍ തീരുമാനിക്കട്ടെ. കെ.പി.സി.സി. പ്രസിഡന്റും പ്രതിപക്ഷ നേതാവും ഇപ്പോള്‍ രണ്ട് ചേരികളിലാണ്. പ്രധാനമന്ത്രി പറഞ്ഞ ഇരട്ടയക്കം പൂജ്യം പൂജ്യം ആണെന്നും അദ്ദേഹം പരിഹസിച്ചു.