ആശാ ശോഭന | AFP
ആശാ ശോഭനയെന്ന മലയാളി ലെഗ്‌സ്പിന്നർക്ക് കഴിഞ്ഞദിവസംവരെ ഇന്ത്യൻ ക്രിക്കറ്റിൽ കാര്യമായ മേൽവിലാസമുണ്ടായിരുന്നില്ല. എന്നാൽ, ശനിയാഴ്ച വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ യു.പി. വാറിയേഴ്‌സിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരം ക്രിക്കറ്റ് പുസ്തകത്തിൽ തന്റെ പേര് എഴുതിച്ചേർത്തു. വനിതാ പ്രീമിയർ ലീഗിൽ അഞ്ചുവിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻതാരമായി.
തിരുവനന്തപുരത്തുകാരി നാലോവറിൽ 22 റൺസിനാണ് നാലു വിക്കറ്റ് പിഴുതത്. 16-ാം ഓവർ കഴിയുമ്പോൾ നാലിന് 125 റൺസെന്ന ഭദ്രമായ നിലയിലായിരുന്നു യു.പി. 17-ാം ഓവറിൽ ആശ മൂന്നു വിക്കറ്റ് എടുത്തതോടെ കളി ബാംഗ്ലൂരിന്റെ കൈയിലെത്തി. രണ്ട് റൺസിന്റെ ആവേശവിജയം ടീമിന് സമ്മാനിച്ചതിനൊപ്പം കളിയിലെ താരവുമായി ഈ 32-കാരി.
ക്രിക്കറ്റ് പോലെ ട്വിസ്റ്റുകൾ നിറഞ്ഞ കരിയറാണ് ആശയുടേത്. 1998-ൽ ഷാർജയിൽ ഓസ്‌ട്രേലിയക്കെതിരേ സച്ചിൻ തെണ്ടുൽക്കറുടെ ഐതിഹാസിക ഇന്നിങ്‌സ് കണ്ടതോടെയാണ് അന്നത്തെ ഏഴുവയസ്സുകാരിക്ക് ക്രിക്കറ്റ് താരമാകണമെന്ന മോഹം തുടങ്ങിയത്. ആറു വർഷത്തിനുശേഷം പേസ് ബൗളറായി കളത്തിലെത്തി. എന്നാൽ, ആശയുടെ സ്പിൻ ബൗളിങ്ങിലെ മികവ് കണ്ട പരിശീലകൻ വഴിതിരിച്ചുവിട്ടു. കേരളാ ക്രിക്കറ്റ് അസോസിയേഷൻ മാക് സ്പിൻ ഫൗണ്ടേഷനിലേക്ക് താരത്തെ അയക്കുകയും ചെയ്തു. അവിടെവെച്ച് ഇതിഹാസതാരം ഷെയ്ൻ വോണിന്റെ കോച്ച് ടെറി ജെന്നറുടെ ഉപദേശം ലഭിച്ചത് വഴിത്തിരവായി.
14-ാം വയസ്സിൽ കേരളത്തിനായി അരങ്ങേറ്റംകുറിച്ചു. രണ്ടു വർഷത്തിനുശേഷം ദക്ഷിണമേഖലാ ടീമിലും അണ്ടർ 19 ഇന്ത്യൻ ക്യാമ്പിലും എത്തി. 2012-13 സീസണിൽ റെയിൽവേ ടീമിലെത്തി. 2019-ൽ വനിതാ ട്വന്റി-20 കിരീടം നേടിയ ടീമിൽ അംഗമായിരുന്നു. റെയിൽവേ വിട്ടശേഷം കമന്റേറ്ററായി പ്രവർത്തിക്കുന്നതിനിടെയാണ് പുതുച്ചേരി ടീമിലെത്തുന്നത്. പണ്ട് ഒപ്പം കളിച്ച ശ്വേതാ മിശ്രയായിരുന്നു പുതുച്ചേരിയുടെ കോച്ച്. ശ്വേതയുടെ നിർബന്ധത്തിനുവഴങ്ങി പുതുച്ചേരിയുടെ ക്യാപ്റ്റനായി. ആ സീസണിൽ 16 വിക്കറ്റ് നേടി. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനം റോയൽ ചലഞ്ചേഴ്‌സിലേക്ക് വഴിതുറന്നു. കഴിഞ്ഞ സീസണിൽ 10 ലക്ഷം രൂപയ്ക്കാണ് ബാംഗ്ലൂർ ടീമിലെത്തിയത്. ബി. ജോയ് – എസ്. ശോഭന ദമ്പതിമാരുടെ മകളാണ്.
