എന്‍.കെ. പ്രേമചന്ദ്രന്‍
പ്രധാനമന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ച കൊല്ലം കുണ്ടറ റെയില്‍വേ മേല്‍പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദി ഏതെങ്കിലും പദ്ധതി ഉദ്ഘാടനം ചെയ്തിട്ടുണ്ടെങ്കില്‍ അത് നടപ്പിലാക്കുമെന്ന് ഉറപ്പുണ്ടെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. പ്രധാനമന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ച കൊല്ലം കുണ്ടറ റെയില്‍വേ മേല്‍പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളുടെ നിര്‍വഹണം പൂര്‍ത്തീകരണം എന്നിവ എല്ലാ മാസവും പ്രധാനമന്ത്രിയുടെ ഓഫീസ് കൃത്യമായി മോണിറ്റര്‍ ചെയ്യും. അപ്പോള്‍ സ്വാഭാവികമായും ഈ പദ്ധതി തീര്‍ച്ചയായും നടക്കും എന്ന കാര്യത്തില്‍ എനിക്ക് അശേഷം സംശയമില്ല,’ – പ്രേമചന്ദ്രന്‍ എം.പി. പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 554 അമൃത് ഭാരത് സ്റ്റേഷനുകളുടെ തറക്കല്ലിടലും 1500 മേല്‍പ്പാലങ്ങള്‍, റോഡ് അടിപ്പാതകള്‍ എന്നിവയുടെ ഉദ്ഘാടനവും നടത്താന്‍ റെയില്‍വേ ഡിവിഷനുകള്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കൊല്ലത്ത് എട്ടിടങ്ങളില്‍ പ്രധാനമന്ത്രിയുടെ മേല്‍പാല ഉദ്ഘാടനം നടന്നത്.
