ഗീത കോഡ | photo: pti

റാഞ്ചി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. സംസ്ഥാനത്തെ ഏക കോണ്‍ഗ്രസ് എം.പിയായ ഗീത കോഡ ബി.ജെ.പിയില്‍ ചേര്‍ന്നു. തിങ്കളാഴ്ച ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ ബാബുലാല്‍ മറാണ്ടിയുടെ സാന്നിധ്യത്തിലാണ് ഗീത കോഡ ബി.ജെ.പി. അംഗത്വമെടുത്തത്.

കോണ്‍ഗ്രസുമായുള്ള തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലെ അതൃപ്തിയാണ് ഗീത പാര്‍ട്ടി വിടാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് വിവരം. ലോക്‌സഭ തിരഞ്ഞെടുപ്പ് വരാനിരിക്കെ ഗോത്രവിഭാഗത്തിന് ഭൂരിപക്ഷമുള്ള സംസ്ഥാനത്തെ ഏക എം.പിയുടെ പിന്മാറ്റം കോണ്‍ഗ്രസിന് തിരിച്ചടിയാകും.

ജാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യയാണ് ഗീത നിലവില്‍ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ ചൈബാസയില്‍ നിന്നുള്ള എം.പിയാണ്. ജാര്‍ഖണ്ഡിലെ ഗോത്രവര്‍ഗ്ഗ സംവരണ സീറ്റാണിത്‌. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 72,000-ത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഗീത കോഡ ബിജെപി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചത്.

ഗന്നത്പുര്‍ നിയോജക മണ്ഡലത്തില്‍നിന്ന് രണ്ടുപ്രാവശ്യം എം.എല്‍.എ. ആയിട്ടുണ്ട് ഗീത. മധു കോഡ 2009-ല്‍ സ്ഥാപിച്ച ജെ.ബി.എസ്. പാര്‍ട്ടി അംഗമായിരുന്നു ഗീത. 2009-ല്‍ ജാര്‍ഖണ്ഡില്‍ നിന്ന് വിജയിച്ച ഏക ജെ.ബി.എസ്. എം.എല്‍.എയും ഗീതയായിരുന്നു. 2018-ലാണ് ജെ.ബി.എസ്. കോണ്‍ഗ്രസുമായി ലയിച്ചത്.