മുകേഷ് | Photo: Facebook
കോട്ടയം: 1957- ല്‍ കേരളത്തില്‍ ബാലറ്റിലൂടെ ആദ്യത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു പിന്നിലും ശക്തമായ കലയുടെ അടിത്തറ ഉണ്ടായിരുന്നെന്നു നടനും എം.എല്‍.എയുമായ മുകേഷ്. കോട്ടയത്ത് എം.ജി. സര്‍വകലാശാല യുവജനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റ് ആക്കി എന്ന നാടകം അത്തരത്തില്‍ ഒരു കലാരൂപമായിരുന്നു. അന്ന് പല കലാരൂപങ്ങളും സര്‍ക്കാരിനെ വിമര്‍ശിച്ചാലും അത് ഉള്‍ക്കൊള്ളാന്‍ ഭരണ നേതാക്കള്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്ന് തൊട്ടതിനും പിടിച്ചതിനും സ്റ്റേ വാങ്ങാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് കലയെയും അധികാരത്തെയും ദുര്‍ബലപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രി വി.എന്‍. വാസവന്‍ പങ്കെടുത്തു. സമ്മേളനത്തിന് മുന്നോടിയായി വര്‍ണാഭമായ വിളംബര ജാഥ നടന്നു. വിവിധ കോളേജുകളില്‍ നിന്നായി 5000 ത്തില്‍ അധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ചടങ്ങില്‍ സിനിമാ താരങ്ങളായ അനശ്വര രാജന്‍, ദുര്‍ഗ കൃഷ്ണ എന്നിവര്‍ പങ്കെടുത്തു. നടന്‍ വിജയരാഘവന്‍, സംവിധായകന്‍ എം.എ. നിഷാദ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
215ലധികം കോളേജുകളില്‍ നിന്നായി 7000-ലധികം വിദ്യാര്‍ഥികള്‍ കലോത്സവത്തില്‍ പങ്കെടുക്കും. ഒമ്പതുവേദികളിലായി 74 ഇനങ്ങളിലായാണ് മത്സരങ്ങള്‍. കഴിഞ്ഞ വര്‍ഷങ്ങളിലേക്കാള്‍ 13 ഇനങ്ങള്‍ ഇത്തവണ കൂടുതലായി കലോത്സവത്തിനുണ്ടാകും. മാര്‍ച്ച് മൂന്ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന യോഗം മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും.
