ആകാശ് ദീപ്, യശസ്വി ജയ്‌സ്വാൾ, ധ്രുവ് ജുറേൽ Photo | AP, ANI
ബാസ്‌ബോള്‍ പെരുമയുടെ കഥ കഴിച്ച് ഇന്ത്യ. അത്രമേല്‍ നാണക്കേടിലായിരിക്കുകയാണ് ഇംഗ്ലണ്ട്. ബെന്‍ സ്‌റ്റോക്‌സിനും ബ്രണ്ടന്‍ മക്കല്ലത്തിനും കീഴില്‍ ഇംഗ്ലണ്ട് ഒരു പരമ്പര കൈവിടുന്നത് ഇതാദ്യം. ഇരുവര്‍ക്കും കീഴില്‍ തുടര്‍ച്ചയായ മൂന്ന് ടെസ്റ്റുകള്‍ തോല്‍ക്കുന്നതും ആദ്യം.
ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനായതില്‍പ്പിന്നെ അപരാജിത കുതിപ്പ് നടത്തിവരികയായിരുന്നു ബെന്‍ സ്റ്റോക്‌സ്. കഴിഞ്ഞ ആറ് ടെസ്റ്റ് പരമ്പരകളിലും തോറ്റിട്ടില്ലെന്ന ഖ്യാതിയോടെയാണ് ഇന്ത്യയിലേക്ക് വിമാനം കയറിയത്. മക്കല്ലത്തിന്റെ ബാസ്‌ബോള്‍ തന്ത്രത്തിന്റെ വിജയമായിട്ടു കൂടി ഈ ജയങ്ങള്‍ ഗണിക്കപ്പെട്ടു. ഫലത്തില്‍ ബാസ് ബോളിന് ഒരു മറുമരുന്ന് എന്നത് കഠിനമാണെന്ന പ്രതീതിയുണ്ടാക്കി.
ആ നിഗമനങ്ങളെ ശരിവയ്ക്കുന്ന വിധത്തിലായിരുന്നു ഒന്നാം ടെസ്റ്റ്. ഹൈദരാബാദില്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടു. ക്രെഡിറ്റ് വീണ്ടും ബാസ്‌ബോളിന്. പക്ഷേ, പിന്നീട് കാര്യങ്ങള്‍ മാറിമറിഞ്ഞു. വിശാഖപട്ടണം ടെസ്റ്റിലും രാജ്‌കോട്ട് ടെസ്റ്റിലും യശസ്വി ജയ്‌സ്വാള്‍, രവീന്ദ്ര ജഡേജ, ബുംറ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ മിന്നിത്തിളങ്ങിയതോടെ ബാസ്‌ബോളിന്റെ മാറ്റ് കുറഞ്ഞു. റാഞ്ചിയിലും ജയം ആവര്‍ത്തിച്ചതോടെ തുടര്‍ച്ചയായ മൂന്ന് ടെസ്റ്റുകള്‍ തോറ്റു എന്ന നാണക്കേടിലേക്ക് ഇംഗ്ലണ്ട് വീണുപോയി.
തലമുറ മാറ്റം
ജയത്തിനും പരമ്പര നേട്ടത്തിനും രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി മികവിനുമൊപ്പം, അതിനുമപ്പുറത്ത് ഓര്‍ക്കേണ്ടതായ ചിലതുകൂടി റാഞ്ചി ടെസ്റ്റ് നമുക്ക് തരുന്നുണ്ട്. ഭാവിയിലും ടീം ഇന്ത്യയുടെ യശസ്സുയര്‍ത്താന്‍ കെല്പുള്ള ഒരുപിടി താരങ്ങള്‍ ഇവിടെയുണ്ടെന്നതാണത്. വമ്പന്‍ താരങ്ങളായ വിരാട് കോലി, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, കെ.എല്‍. രാഹുല്‍ തുടങ്ങിയവരില്ലാതെയാണ് ഇന്ത്യ റാഞ്ചിയിലിറങ്ങിയത്.
ഓപ്പണര്‍ എന്ന നിലയില്‍ യശസ്വി ജയ്‌സ്വാള്‍ ഇന്ത്യക്ക് ഒഴിച്ചുകൂടാനാവാത്ത ബാറ്ററായി മാറി. പരമ്പരയിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറിനുടമയാണ് ജയ്‌സ്വാള്‍. വിശാഖപട്ടണത്തും രാജ്‌കോട്ടിലും ഇരട്ടെ ശതകം കുറിച്ച താരം റാഞ്ചിയില്‍ അര്‍ധ സെഞ്ചുറിയും നേടി. രണ്ട് ഇന്നിങ്‌സിലുമായി നൂറിന് പുറത്ത് റണ്‍സുണ്ട്. ഇംഗ്ലണ്ടിനെതിരേ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന (655) താരമെന്ന കോലിയുടെ റെക്കോഡിനൊപ്പമെത്തി നില്‍ക്കുകയാണിപ്പോള്‍ ജയ്‌സ്വാള്‍.
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറേലാണ് മറ്റൊന്ന്. ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരുടെ ആധിക്യം കൊണ്ടുള്ള തലവേദനയാണ്. ഒരു കളിയില്‍ ഫോം നഷ്ടപ്പെട്ടാല്‍ പോലും അവസരം നഷ്ടപ്പെട്ടേക്കാവുന്ന അവസ്ഥ. അത്തരമൊരു പ്രതിസന്ധിയുടെ നടുവില്‍ നില്‍ക്കുന്ന ജുറേല്‍, റാഞ്ചിയില്‍ വീറുറ്റ പ്രകടനമാണ് നടത്തിയത്. രണ്ട് ഇന്നിങ്‌സിലും ഇന്ത്യയെ അപകടം നേരിടാതെ കാത്തത് ജുറേലാണ്. ആദ്യ ഇന്നിങ്‌സില്‍ 177-ല്‍ നില്‍ക്കേ ഇന്ത്യയുടെ ഏഴ് വിക്കറ്റ് വീണിരുന്നു. അവിടെനിന്ന് ഇന്ത്യയെ മുന്നൂറിനപ്പുറത്തേക്ക് കൈപ്പിടിച്ചു നടത്തിയത് ജുറേലാണ്.
ഇന്ന് ശുഭ്മാന്‍ ഗില്ലിനൊപ്പംനിന്ന് ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചതും ജുറേല്‍ തന്നെ. ആദ്യ ഇന്നിങ്‌സില്‍ തൊണ്ണൂറും രണ്ടാം ഇന്നിങ്‌സില്‍ മുപ്പത്തൊന്‍പതും റണ്‍സാണ് നേടിയത്. അത് റണ്‍സ് എന്ന നിലയില്‍ പരിഗണിച്ചാല്‍, താരതമ്യേന വലിയ സംഭവമൊന്നുമല്ല. പക്ഷേ, ആ രണ്ട് ഇന്നിങ്‌സുകളും ഇന്ത്യക്ക് എത്രമേല്‍ ആവശ്യമായിരുന്നു എന്ന് പരിഗണിച്ചുവേണം അതിനെ വിലയിരുത്താന്‍. തോല്‍വി മുന്നില്‍ക്കണ്ട സമയത്തും മനസ്സാന്നിധ്യം കൈവിടാതെ കളിച്ച ജുറേലിന്റെ ആ ഇന്നിങ്‌സുകള്‍ക്ക് കൈയടിക്കാതെ തരമില്ല.
അതുകണ്ടാണ് കഴിഞ്ഞ ദിവസം സുനില്‍ ഗാവസ്‌ക്കര്‍ പുതിയ ഒരു ധോനി ഉദയം ചെയ്യുന്നു എന്ന് പറഞ്ഞത്. ജുറേല്‍ ആ ഘട്ടത്തില്‍ കാണിച്ച മനസ്സാന്നിധ്യത്തെയാണ് ഗാവസ്‌ക്കര്‍ വാനോളം പുകഴ്ത്തിയത്.
ആകാശ് ദീപാണ് മറ്റൊരു താരം. അരങ്ങേറ്റ മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ തുടക്കക്കാരായ മൂന്നുപേരെയും മടക്കിയയച്ചുകൊണ്ടായിരുന്നു തുടക്കം. ഇംഗ്ലണ്ടിന്റെ പേരുകേട്ട ബാറ്റര്‍മാരായ സാക് ക്രോലി, ബെന്‍ ഡക്കറ്റ്, ഒലീ പോപ്പ് എന്നിവരെ മടക്കിയയച്ച് ഞെട്ടിച്ചു. 19 ഓവറില്‍ 83 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റ് നേടി. രണ്ടാം ഇന്നിങ്‌സില്‍ ആകാശിനെ രോഹിത് ശര്‍മ വല്ലാതെ ഉപയോഗിച്ചില്ല.
മാറ്റു കുറയാതെ സീനിയര്‍ താരങ്ങള്‍
യുവവെളിച്ചത്തിനിടയിലും മിന്നുന്ന മുന്നേറ്റം നടത്തിയ രണ്ട് സീനിയര്‍ താരങ്ങളെ പറയാതിരിക്കാനാവില്ല. രവിചന്ദ്രന്‍ അശ്വിനും രോഹിത് ശര്‍മയും. രണ്ടാം ഇന്നിങ്‌സില്‍ അഞ്ചുവിക്കറ്റ് നേടി ഇംഗ്ലണ്ടിന്റെ കഥകഴിച്ചത് അശ്വിനാണ്. ടെസ്റ്റില്‍ ആകെ ആറ് വിക്കറ്റുകള്‍ അശ്വിന്‍ നേടി. ഇംഗ്ലണ്ടിന്റെ ഷുഐബ് ബഷീര്‍ കഴിഞ്ഞാല്‍ ടെസ്റ്റിലെ വിക്കറ്റ് വേട്ടക്കാരില്‍ മുന്‍പന്‍.
അഞ്ച് വിക്കറ്റ് നേട്ടത്തോടെ മറ്റൊരു നാഴികക്കല്ല് കൂടി അശ്വിനെത്തേടിയെത്തി. സ്വന്തം നാട്ടില്‍ വിക്കറ്റ് നേട്ടത്തില്‍ അനില്‍ കുംബ്ലെയെ മറികടന്ന് അശ്വിന്‍ ഒന്നാമതായി. 59 മത്സരങ്ങളില്‍ 352 വിക്കറ്റാണ് അശ്വിന്. അനില്‍ കുംബ്ലെയ്ക്ക് 63 മത്സരങ്ങളില്‍നിന്ന് 350 വിക്കറ്റ്. ടെസ്റ്റിലെ അഞ്ച് വിക്കറ്റ് നേട്ടത്തില്‍ കുംബ്ലെയ്ക്ക് ഒപ്പമെത്തുകയും ചെയ്തു. അശ്വിന്റെ 35-ാം അഞ്ചുവിക്കറ്റ് നേട്ടമാണിത് (99 മത്സരങ്ങളില്‍). കുംബ്ലെ 132 മത്സരങ്ങളില്‍നിന്ന് 35 തവണ അഞ്ചുവിക്കറ്റ് നേട്ടം കൊയ്തു.
ടെസ്റ്റ് ക്രിക്കറ്റില്‍ 4000 റണ്‍സ് നേടുന്ന താരമായിരിക്കുകയാണ് രോഹിത് ശര്‍മ. ടെസ്റ്റില്‍ 4000 കടക്കുന്ന 17-ാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്. ടെസ്റ്റിൽ 17-ാം തവണ അര്‍ധ സെഞ്ചുറി നേടാനും റാഞ്ചി ടെസ്റ്റ് വഴി സാധിച്ചു. ഫസ്്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 9000 റണ്‍സ് നേട്ടവും സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സില്‍ രോഹിത് ശര്‍മ ടീമിന് നല്‍കിയ പോസിറ്റീവ് എനര്‍ജി ചെറുതല്ല. തുടക്കത്തില്‍ത്തന്നെ അടിച്ചുകളിച്ച് ലക്ഷ്യത്തിലേക്കുള്ള ദൂരം ചെറുതാക്കി. ഇത് പിന്നീട് വന്ന ബാറ്റര്‍മാര്‍ക്ക് ഗുണംചെയ്തു.
ബാറ്റുകൊണ്ടും പന്തുകൊണ്ടും ടീമിനെ സഹായിച്ച കണക്കാണ് കുല്‍ദീപ് യാദവിനെ സംബന്ധിച്ചുള്ളത്. ഒന്നാം ഇന്നിങ്‌സില്‍ ധ്രുവ് ജുറേലിനൊപ്പം ക്രീസില്‍ മതിലു കണക്കേ നിലയുറപ്പിച്ചു. 131 പന്തുകള്‍ നേരിട്ട് 28 റണ്‍സാണ് നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ നാല് വിക്കറ്റുകള്‍ നേടുകയും ചെയ്തു. കുല്‍ദീപിന്റെ നാലും അശ്വിന്റെ അഞ്ചും വിക്കറ്റ് നേട്ടമാണ് രണ്ടാംഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ 150 കടക്കാന്‍ അനുവദിക്കാതിരുന്നത്.
