Photo | AFP
ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരേ ഒന്നാം ഇന്നിങ്‌സില്‍ 90 റണ്‍സ് നേടിയതിനു പിന്നാലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറേലിനെ അഭിനന്ദിച്ച് ഇതിഹാസതാരം സുനില്‍ ഗാവസ്‌കര്‍. മുന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എം.എസ്. ധോനിയോടാണ് ജുറേലിനെ ഉപമിച്ചത്. ധ്രുവേലിന്റെ മനസ്സാന്നിധ്യം കാണുമ്പോള്‍ അടുത്ത എം.എസ്. ധോനി വരുന്നുവെന്ന ചിന്തയാണ് തന്നിലുണ്ടാക്കുന്നതെന്ന് ഗാവസ്‌കര്‍ പ്രതികരിച്ചു.
ഇന്ന് സെഞ്ചുറി നേടാതെ മടങ്ങേണ്ടി വന്നെങ്കിലും, മനസ്സാന്നിധ്യം കാരണം ജുറേല്‍ നിരവധി സെഞ്ചുറികള്‍ നേടുമെന്നും ഗവാസ്‌കര്‍ പ്രത്യാശ പ്രകടിപ്പിച്ചു. മത്സരത്തില്‍ ടോം ഹാര്‍ട്ട്‌ലിയുടെ പന്തിലാണ് ജുറേല്‍ പുറത്തായത്.
ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 177 എന്ന നിലയില്‍നിന്ന് ഇന്ത്യയെ കൈപ്പിടിച്ചുയര്‍ത്തിയത് ജുറേലാണ്. 149 പന്തുകള്‍ നേരിട്ട് 90 റണ്‍സ് നേടി പത്താമതായാണ് താരം പുറത്തായത്. ആറ് ഫോറും നാല് സിക്‌സും അടങ്ങിയതായിരുന്നു ഇന്നിങ്‌സ്. ടീം സ്‌കോര്‍ 300 കടന്നത് ജുറേലിന്റെ അവസാന വിക്കറ്റുകളിലെ ചെറുത്തുനില്‍പ്പാണ്.
