യാന മിർ| photo: instagram/ ട്വിറ്റെർ

ലണ്ടൻ: കശ്മീരി അക്ടിവിസ്റ്റും മാധ്യമപ്രവർത്തകയുമായ യാന മിർ ബ്രിട്ടീഷ് പാർലമെന്റ് മന്ദിരത്തിൽ നടത്തിയ പ്രസം​ഗം ചർച്ചയാകുന്നു. കശ്മീരിനെതിരെയും ഇന്ത്യക്കെതിരയെും നടക്കുന്ന തെറ്റായ പ്രചാരണങ്ങൾക്കെതിരെയായിരുന്നു യുകെയിലെ ജമ്മുകശ്മീർ സ്റ്റഡി സെന്റർ സംഘടിപ്പിച്ച ‘സങ്കൽപ് ദിവസ്’ പരിപാടിയിൽ അവർ സംസാരിച്ചത്.

ഞാൻ മലാല യൂസഫ് സായ് അല്ല. അവരെപോലെ എനിക്ക് ഒരിക്കലും എന്റെ മാതൃരാജ്യത്തുനിന്ന് ഓടിപോകേണ്ടിയുംവരില്ല. ഇന്ത്യയുടെ ഭാ​ഗമായ എന്റെ ജന്മനാടായ കശ്മീരിൽ ഞാൻ സ്വതന്ത്രയാണ്. എന്റെ വീട്ടിൽ ഞാൻ സുരക്ഷിതയുമാണ്. കശ്മീർ ജനത അടിച്ചമർത്തപ്പെടുന്നുവെന്ന് പറഞ്ഞ് പുരോഗമന ചിന്താ​ഗതിയുള്ള എന്റെ മാതൃരാജ്യത്തെ അപകീർത്തിപ്പെടുത്തുന്ന മലാലയെ ഞാൻ എതിർക്കുന്നു. സാമൂഹിക മാധ്യമങ്ങളിൽനിന്നും അന്താരാഷ്ട്ര മാധ്യമങ്ങളിൽനിന്നും എ ടുക്കുന്ന ടൂൾ കിറ്റുകളിലൂടെ അടിച്ചമർത്തലിന്റെ കഥകൾ മെനയുന്നതിനെയും ഞാൻ എതിർക്കുന്നു. ഇക്കൂട്ടർ ഒരിക്കൽപ്പോലും കശ്മീർ സന്ദർശിച്ചവർ ആയിരിക്കില്ല’, യാന മിർ പറഞ്ഞു.

അന്താരാഷ്ട്രവേദികളിൽ ഇന്ത്യയുടെ പ്രതിഛായ തകർക്കാനുള്ള പാകിസ്താന്റെ ശ്രമങ്ങളെ ഉൾപ്പെടെ അവർ രൂക്ഷമായി വിമർശിച്ചു. ‘മതത്തിന്റെ പേരിൽ ഇന്ത്യക്കാരെ ധ്രൂവീകരിക്കുന്നത് നിങ്ങൾ അവസാനിപ്പിക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. ഞങ്ങളെ തകർക്കാൻ നിങ്ങളെ അനുവദിക്കില്ല. ആയിരക്കണക്കിന് കശ്മീരി അമ്മമാർക്ക് തീവ്രവാദംമൂലം തങ്ങളുടെ മക്കളെ നഷ്ടമായിട്ടുണ്ട്. ഞങ്ങളുടെ പിന്നാലെ വരുന്നത് നിർത്തൂ, കശ്മീരി സമൂഹത്തെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കൂ. നന്ദി, ജയ്ഹിന്ദ്’, എന്ന് പറഞ്ഞാണ് കശ്മിരിലെ ആദ്യ വനിതാ വ്ലോ​ഗർ എന്ന് അറിയപ്പെടുന്ന മിർ തന്റെ പ്രസം​ഗം അവസാനിപ്പിച്ചത്.

ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിനെ തുടർന്ന് കശ്മീരിലുണ്ടായ പുരോ​ഗതിയെ കുറിച്ചും അവർ പ്രസം​ഗത്തിൽ പരാമർശിച്ചിരുന്നു. സുരക്ഷ, സർക്കാർ സംരംഭങ്ങൾ, ഫണ്ട് വിനിയോ​ഗം എന്നിവയ്ക്ക് 370-ാം അനുച്ഛേദം റദ്ദാക്കിയതിലൂടെ ഊന്നൽ നൽകാനായെന്ന് മിർ അവകാശപ്പെട്ടു. ജമ്മുകശ്മീരിന്റെ വൈവിധ്യം ഉയർത്തിക്കാണിച്ചതിനുള്ള ഡൈവേഴ്സിറ്റി അംമ്പാസിഡർ അവാർഡും യാന മിറിന് ചടങ്ങിൽ സമ്മാനിച്ചു.