ആലുവ പോലീസ് സംഘം പ്രതികളുമായി. ഇടതുനിന്ന് മൂന്നാമത്തേത് ഷെഹജാദ്, നാലാമത് ഡാനിഷ്
ആലുവ: അജ്‌മേറില്‍വെച്ച് വെടിയുതിര്‍ത്ത മോഷണക്കേസ് പ്രതികളെ ആലുവ പോലീസ് സാഹസികമായി പിടികൂടി. ആലുവയിലെ രണ്ടു വീടുകളില്‍നിന്നായി 38 പവനും പണവും മോഷ്ടിച്ച് രാജസ്ഥാനിലെ അജ്‌മേറിലേക്ക് കടന്ന രണ്ട് പ്രതികളെയാണ് ആലുവ പോലീസ് പിടികൂടിയത്. വെടിയുതിര്‍ത്ത പ്രതികളെ സംഘട്ടനത്തിലൂടെയാണ് ആലുവ സ്‌ക്വാഡ് കീഴടക്കിയത്. ആലുവ എസ്.ഐ. എസ്.എസ്. ശ്രീലാല്‍, സി.പി.ഒ.മാരായ എന്‍.എ. മുഹമ്മദ് അമീര്‍, വി.എ. അഫ്സല്‍, മാഹിന്‍ഷാ അബൂബക്കര്‍, കെ.എം. മനോജ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ അജ്‌മേര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്ചെയ്തു.
ഫെബ്രുവരി ഒന്‍പതിന് ആലുവ കുട്ടമശ്ശേരി മുഹമ്മദാലിയുടെ വീട്ടില്‍നിന്ന് 18 പവനും 12,500 രൂപയുമാണ് മോഷണംപോയത്. പിറ്റേന്ന് ആലുവ റൂറല്‍ എസ്.പി. ഓഫീസിന് സമീപത്തെ മൂഴിയില്‍ ബാബുവിന്റെ വീട്ടില്‍നിന്ന് 20 പവനും 20,000 രൂപയും മോഷ്ടിച്ചു.
2500 കിലോമീറ്റര്‍ യാത്ര, പിന്നെ ആക്ഷന്‍
ആലുവ: ചൊവ്വാഴ്ച രാത്രിയില്‍ രാജസ്ഥാനിലെ അജ്‌മേറില്‍ ആലുവ പോലീസ് സ്‌ക്വാഡ് എത്തിയത് 2500 കിലോമീറ്ററോളം യാത്രചെയ്ത്. അവിടെവെച്ച് തൊട്ടുമുമ്പില്‍ ബൈക്കില്‍ സഞ്ചരിക്കുന്ന യുവാക്കളെ നിമിഷനേരംകൊണ്ട് തിരിച്ചറിഞ്ഞു. ബൈക്ക് റോഡരികില്‍ നിര്‍ത്തി യുവാക്കള്‍ ദര്‍ഗ ശെരീഫിന് മുന്നിലെ ചന്തയിലെ ജനക്കൂട്ടത്തിലേക്ക് കയറി. തിരക്കിനിടയില്‍നിന്ന് ഇവരെ പിടികൂടുകയെന്ന വെല്ലുവിളി ഏറ്റെടുത്ത് അഞ്ചംഗ ആലുവ സ്‌ക്വാഡും ചന്തയ്ക്ക് അകത്തേക്ക് നടന്നു.
നടന്നുപോവുകയായിരുന്ന ഒന്നാംപ്രതി ഷെഹജാദിന്റെ പിന്നാലെയെത്തിയ അന്വേഷണസംഘം നിമിഷനേരംകൊണ്ട് ഇയാളെ കീഴ്പ്പെടുത്തി. ഇതിനിടയിലാണ് ഇയാളുടെ കൈവശമുണ്ടായിരുന്ന തോക്ക് ശ്രദ്ധയില്‍പ്പെട്ടത്. അപകടംമണത്ത പോലീസ് സംഘം മുന്നില്‍പ്പോയ രണ്ടാംപ്രതി ഡാനിഷിനെ ഉടന്‍ പിടികൂടാനുള്ള ശ്രമത്തിലായി. അപകടം തിരിച്ചറിഞ്ഞ ഡാനിഷ് തോക്കെടുത്ത് വെടിയുതിര്‍ത്തു. വെടിവെപ്പില്‍ പതറാതെ അന്വേഷണസംഘം സാഹസികമായി ഇയാളെയും കീഴ്പ്പെടുത്തി. ഇതിനിടെ ഷെഹജാദ് ഓടിരക്ഷപ്പെട്ടു. ഒന്നരക്കിലോമീറ്ററോളം പിന്നാലെ ഓടിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്.
ഞായറാഴ്ചയാണ് എസ്.ഐ. എസ്.എസ്. ശ്രീലാലിന്റെ നേതൃത്വത്തില്‍ അഞ്ചംഗസംഘം പ്രതികളെ തിരഞ്ഞ് യാത്രതിരിച്ചത്. മധ്യപ്രദേശിലെ ഉജ്ജയിന്‍, ഇന്ദോര്‍ എന്നിവിടങ്ങളിലാണ് പ്രതികളുടെ സാന്നിധ്യമുണ്ടായിരുന്നത്. പോലീസ് എത്തിയപ്പോഴേക്കും അജ്‌മേറിലേക്ക് കടന്നതായി സൂചന ലഭിച്ചു. റൂറല്‍ എസ്.പി. ഡോ. വൈഭവ് സക്‌സേന രാജസ്ഥാന്‍ പോലീസുമായി ബന്ധപ്പെട്ടു. അജ്‌മേര്‍ എ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സഹായിക്കാനായെത്തി.
ജീവന്‍ പണയംവെച്ച് പോലീസ് ഓപ്പറേഷന്‍
ആലുവ: കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ നടത്തിയ ശേഷം മറുനാട്ടിലേക്ക് മുങ്ങുന്ന പ്രതികളെ പിടികൂടാനായി പോകുന്ന പോലീസ് സംഘം നടത്തുന്നത് ജീവന്‍ പണയം വെച്ചുള്ള യാത്ര. മറ്റ് സംസ്ഥാനങ്ങളിലെ ലോക്കല്‍ പോലീസിന്റെ സഹായം കിട്ടാത്തതും പ്രാദേശിക എതിര്‍പ്പുകളും പലപ്പോഴും വലിയ സംഘട്ടനങ്ങളിലെത്തിക്കും. ജീവന്‍ പണയം വെച്ചാണ് പ്രതികളുമായി പോലീസ് സംഘം നാട്ടിലേക്ക് മടങ്ങുന്നത്. നാലോ അഞ്ചോ പേരടങ്ങുന്ന സംഘമാകും പ്രതികളെത്തേടി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് പോകുന്നത്. വിമാന യാത്രയാണെങ്കില്‍ തോക്കു കൊണ്ടുപോകാന്‍ പ്രത്യേക അനുമതിയും ഒട്ടേറെ കടമ്പകളും കടക്കണം. തിരികെ വിമാനത്തിലാണ് മടക്കമെങ്കിലും അവിടെയുമുണ്ട് വെല്ലുവിളി. പ്രതികളെ കൈവിലങ്ങിട്ട് വിമാനത്തില്‍ ഇരുത്താന്‍ കഴിയില്ല.
ഗ്രാമവാസികളുടെ എതിര്‍പ്പ്, ഉദ്യോഗസ്ഥരുടെ നിസ്സഹകരണം
പ്രതികളെ തേടി അവരുടെ നാട്ടിലെത്തിയാല്‍ ഗ്രാമവാസികളുടെ എതിര്‍പ്പുണ്ടാകും. ജീവന്‍ പണയം വെച്ചാണ് പോലീസ് പ്രതികളെ പിടികൂടി തിരികെ കേരളത്തിലെത്തിക്കുന്നത്. ഉത്തരേന്ത്യയിലെ ഉള്‍ഗ്രാമങ്ങളില്‍ ഒളിക്കുന്ന പ്രതികളാണ് അന്വേഷണ സംഘത്തിന് ഏറെ തലവേദനയുണ്ടാക്കുന്നത്. പോലീസ് വാഹനത്തിലോ, ട്രെയിനിലോ പുറപ്പെട്ടാല്‍ രണ്ടുമൂന്ന് ദിവസങ്ങളെടുക്കും പ്രതിയുടെ ഒളി സ്ഥലത്തെത്താന്‍. ഇതിനിടെ പ്രതികള്‍ അവിടെ നിന്ന് മുങ്ങാനും സാധ്യതയുണ്ട്. ആലുവ മോഷണ കേസിലെ പ്രതികള്‍ മധ്യപ്രദേശിലുണ്ടായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്. പോലീസ് അവിടെയെത്തിയപ്പോള്‍ അവര്‍ രാജസ്ഥാനിലേക്ക് കടന്നു. ആലുവയില്‍നിന്ന് കാറില്‍ യാത്ര ചെയ്തതിനാല്‍ പോലീസിന് അതിവേഗം റൂട്ട് മാറ്റാന്‍ കഴിഞ്ഞു. അന്വേഷണത്തിനു പോകുന്ന സംഘങ്ങള്‍ പിരിവിട്ടെടുത്ത തുകയുമാണ് പലപ്പോഴും യാത്ര ചെയ്യുന്നത്. പല സംസ്ഥാനങ്ങളിലൂടെ തോക്ക് അടക്കമുള്ള ആയുധങ്ങള്‍ കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടും പോലീസ് നേരിടാറുണ്ട്.
പ്രതികളെ പിടികൂടാന്‍ അവിടത്തെ പോലീസിന്റെ പിന്തുണ ഇവിടെ നിന്നുപോകുന്ന സംഘത്തിന് ലഭിക്കണമെന്നില്ല. കേരളത്തിലെ ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ക്ക് പരിചയമുള്ള മറുനാട്ടിലെ ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ ഉണ്ടെങ്കിലേ അതുവഴി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ പോലീസിന് കഴിയാറുള്ളൂ. പ്രതിയെ പിടികൂടി കഴിഞ്ഞാല്‍ എത്രയും വേഗം കേരളത്തിലെത്തിക്കണം. ഇതിനിടയില്‍ പ്രതി ചാടിപ്പോകാന്‍ സാധ്യത ഏറെയാണ്. ഏറെ സാഹസികത നിറഞ്ഞതാണ് മടക്കയാത്ര. പ്രതിയെ മറുനാട്ടിലെ കോടതിയില്‍ ഹാജരാക്കി രജിസ്റ്റര്‍ ചെയ്യുന്നതിനാല്‍ ഇടയ്ക്കുവെച്ച് ഇവര്‍ മുങ്ങിയാല്‍ തിരികെ കേരളത്തിലെത്തുമ്പോള്‍ അന്വേഷണ സംഘം സസ്‌പെന്‍ഷനിലാകാനും സാധ്യതയുണ്ട്.
ഇന്‍ഫോര്‍മറെ തേടി…
ദിവസങ്ങളോളം ഉള്‍ഗ്രാമങ്ങളില്‍ താമസിച്ച ശേഷമാണ് പ്രതികളുടെ അടുത്തേക്ക് പോലീസിനെത്താനാകുക. അതിനായി ആദ്യം അവര്‍ നാട്ടുകാരനായ ഇന്‍ഫോര്‍മറെ തേടും. അവരിലൂടെയാകും പ്രതികളുടെ നീക്കം പോലീസ് മനസ്സിലാക്കുക. പലപ്പോഴും ക്രിമിനല്‍ സംഘങ്ങള്‍ ഗ്രാമങ്ങളില്‍ ജനങ്ങള്‍ക്കിടയിലാകും താവളമൊരുക്കുക. പോലീസ് സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടാല്‍ ആളുകളെ കൂട്ടി രക്ഷപ്പെടാനും പോലീസിനെ ആക്രമിക്കാനും മടിക്കില്ല. ഇത്തരം പല സംഭവങ്ങളും കഴിഞ്ഞ വര്‍ഷം കേരള പോലീസ് നടത്തിയ ഓപ്പറേഷനുകളില്‍ നേരിട്ടിട്ടുണ്ട്. ഭാഷയുടെ പ്രശ്‌നവും നാട്ടുകാരുടെ ചെറുത്തുനില്‍പ്പും മറ്റൊരു വെല്ലുവിളിയാണ്.
പ്രതികളെ വിശദമായി ചോദ്യം ചെയ്യും; എസ്.പി.
ആലുവ: മോഷണക്കേസിലെ പ്രതികളെ എത്രയും വേഗം കേരളത്തിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യുമെന്ന് ഡോ. വൈഭവ് സക്‌സേന പറഞ്ഞു. പ്രാഥമിക ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. വധശ്രമത്തിനും ആയുധങ്ങള്‍ കൈവശം വെച്ചതിനുമാണ് അജ്മേറില്‍ കേസെടുത്തിരിക്കുന്നത് – എസ്.പി. പറഞ്ഞു.
