ഹൈദരാബാദ് ക്യാപ്റ്റൻ തിലക് വർമയ്ക്ക് ഷെയ്ക് ഹാൻഡ് നൽകുന്ന ജഗൻ മോഹന്‍ റാവു. Photo: Instagram@Jaganmohanrao

ഹൈദരാബാദ്∙ ഹൈദരാബാദ് ക്രിക്കറ്റ് താരങ്ങൾക്ക് വൻ വാഗ്ദാനങ്ങൾ നൽകി ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ തലവൻ ജഗൻ മോഹൻ റാവു. അടുത്ത മൂന്നു വര്‍ഷത്തിനുള്ളിൽ രഞ്ജി ട്രോഫി കിരീടം നേടിയാൽ ടീമിലെ എല്ലാ താരങ്ങൾക്കും ഓരോ ബിഎംഡബ്ല്യു കാർ നൽകുമെന്നാണ് ഓഫർ. ടീമിന് ഒരു കോടി രൂപ സമ്മാനമായി നൽകുമെന്നും ജഗൻ മോഹൻ റാവു പ്രഖ്യാപിച്ചു. ക്രിക്കറ്റ് താരങ്ങളെ പ്രചോദിപ്പിക്കാൻ വേണ്ടിയാണ് ഇത്തരമൊരു ഓഫർ മുന്നോട്ടുവച്ചതെന്നും ജഗൻ മോഹൻ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

‘‘അടുത്ത സീസണിൽ തന്നെ ലക്ഷ്യത്തിലെത്തുകയെന്നതു ശരിക്കും നടക്കാൻ സാധ്യതയില്ലാത്ത കാര്യമാണ്. അതുകൊണ്ടാണ് മൂന്നു വർഷത്തെ സമയം അവർക്ക് അനുവദിച്ചത്. ക്രിക്കറ്റിലെ സമഗ്രമായ മാറ്റത്തിനാണ് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ ലക്ഷ്യമിടുന്നത്. നിലവിൽ ജിംഖാന ഗ്രൗണ്ടിൽ ഹൈദരാബാദ് ക്രിക്കറ്റ് അക്കാദമി ഓഫ് എക്സലൻസ് പ്രവർത്തിക്കുന്നുണ്ട്. പുതിയ താരങ്ങൾക്ക് വേണ്ട സൗകര്യങ്ങൾ അവരുടെ പ്രദേശത്തു തന്നെ ലഭ്യമാക്കുക ലക്ഷ്യമിട്ട് നാല് സാറ്റലൈറ്റ് അക്കാദമികൾ ആരംഭിക്കാനും പദ്ധതിയുണ്ട്.’’– ജഗൻ മോഹൻ വ്യക്തമാക്കി.

രഞ്ജി ട്രോഫിയുടെ ചരിത്രത്തിൽ രണ്ടു വട്ടം മാത്രമാണ് ഹൈദരാബാദ് കിരീടം നേടിയിട്ടുള്ളത്. 1937–38, 1986–87 സീസണുകളിലായിരുന്നു ഇത്. കഴിഞ്ഞ സീസണിൽ എലൈറ്റ് ഗ്രൂപ്പിൽ അവസാനം ഫിനിഷ് ചെയ്ത ഹൈദരാബാദ് പ്ലേറ്റ് ഗ്രൂപ്പിലേക്കു തരംതാഴ്ത്തൽ നേരിടേണ്ടിവന്നു. എന്നാൽ നിലവിലെ സീസണിൽ പ്ലേറ്റ് ഗ്രൂപ്പിൽ ഫൈനലിൽ മേഘാലയയെ കീഴടക്കി ഹൈദരാബാദ് അടുത്ത സീസണിൽ എലൈറ്റ് ഗ്രൂപ്പിലേക്ക് യോഗ്യത ഉറപ്പാക്കി. ഇന്ത്യൻ ക്രിക്കറ്റ് താരം തിലക് വർമ യാണ് ഹൈദരാബാദ് ടീമിന്റെ ക്യാപ്റ്റൻ.