ഫാലി എസ്. നരിമാൻ | Photo: PTI

ന്യൂഡല്‍ഹി: മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ ഫാലി എസ്. നരിമാന്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ ഡൽഹിയിലായിരുന്നു അന്ത്യം.

1971 മുതല്‍ സുപ്രീംകോടതി അഭിഭാഷകനാണ്. 1972- 75 കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരുന്നു. 1991-ല്‍ രാജ്യം പദ്മഭൂഷണും 2007-ല്‍ പദ്മ വിഭൂഷണും നല്‍കി ആദരിച്ചു. 1999- 2005 വരെ രാജ്യസഭാംഗമായിരുന്നു. ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന ബർമയിലെ റങ്കൂണിൽ 1929-ല്‍ ആയിരുന്നു ജനനം. 1950-ല്‍ ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകനായി എൻറോൾ ചെയ്തു. 1961-ല്‍ സീനിയര്‍ അഭിഭാഷകനായി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു നരിമാന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സ്ഥാനം രാജിവെച്ചത്.

വായ്പപ്പരിധി വെട്ടിക്കുറച്ചതടക്കം കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്നുകാട്ടി കേന്ദ്രസര്‍ക്കാരിനെതിരെ നിയമപോരാട്ടത്തിന് സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം നല്‍കിയത് ഫാലി എസ്. നരിമാന്‍ ആയിരുന്നു. കിഫ്ബിയും മസാലബോണ്ടുകളും ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി വന്നപ്പോള്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അദ്ദേഹത്തില്‍നിന്ന് നിയമോപദേശം തേടിയിരുന്നു. കേരള നിയമസഭ പാസാക്കിയ ലോകായുക്ത, സര്‍വകലാശാല നിയമഭേദഗതി ബില്ലുകള്‍ തുടര്‍നടപടികള്‍ സ്വീകരിക്കാതെ രാജ്ഭവനില്‍ അനന്തമായി പിടിച്ചുവെച്ചപ്പോള്‍ നരിമാന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി വിശാല ബെഞ്ച് പരിശോധിക്കരുത് എന്നാവശ്യപ്പെട്ട് ഫാലി എസ്. നരിമാന്‍ ഹാജരായിരുന്നു. എന്നാല്‍, കേസില്‍ വിശദമായ വാദംകേള്‍ക്കല്‍ നടന്നിരുന്നില്ല. 2007-ല്‍ ലാവലിന്‍ കേസ് സുപ്രീംകോടതിയില്‍ ആദ്യമെത്തിയപ്പോള്‍ പിണറായി വിജയന് വേണ്ടി ഹാജരായതും നരിമാന്‍ ആയിരുന്നു. മുന്‍ സുപ്രീംകോടതി ജഡ്ജി റോഹിങ്ടണ്‍ ഫാലി നരിമാന്‍ മകനാണ്.