Photo: Facebook Group

ജാപ്പനീസ് വാഹനകമ്പനിയായ മിത്സുബിഷി ടി.വി.എസ്. മൊബിലിറ്റിയുമായി സഹകരിച്ച് ഇന്ത്യന്‍ വാഹനവിപണനരംഗത്തേക്ക് വീണ്ടുമെത്തുന്നു. ടി.വി.എസ്. മൊബിലിറ്റിയുടെ കാര്‍വിപണനവിഭാഗം പ്രത്യേക കമ്പനിയാക്കി, അതില്‍ 30 ശതമാനത്തിനുമുകളില്‍ ഓഹരിയെടുക്കാനാണ് മിത്സുബിഷിയുടെ തീരുമാനം. ഈവര്‍ഷം ആദ്യപകുതിയില്‍ത്തന്നെ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നതാണ് പരിഗണിക്കുന്നതെന്ന് നിക്കി ഏഷ്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ ഹോണ്ട കാറുകളുടെ വിപണനത്തില്‍ മുന്നിലുള്ള കമ്പനിയാണ് ടി.വി.എസ്. മൊബിലിറ്റി. അനുമതിലഭിച്ചാല്‍ ഇന്ത്യന്‍ വിപണിയില്‍ 250മുതല്‍ 500കോടി രൂപവരെ നിക്ഷേപിക്കുമെന്നാണ് സൂചന. നിലവില്‍ ഇന്ത്യയുടെ വിവിധ മേഖലകളിലായി പ്രവര്‍ത്തിക്കുന്ന ടി.വി.എസ് മൊബിലിറ്റിയുടെ 150 ഓളം ഔട്ട്‌ലെറ്റുകള്‍ പ്രയോജനപ്പെടുത്തി രാജ്യത്തെ തന്നെ ഏറ്റവും വലിയ സ്വതന്ത്ര കാര്‍ ഡീലര്‍ഷിപ്പ് ആയി മാറുകയാണ് ഇരുകമ്പനികളുടെയും ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ട്.

ടി.വി.എസ്. മൊബിലിറ്റിയുടെ മേല്‍നോട്ടത്തിലുള്ള ഹോണ്ട കാര്‍സ് ഡീലര്‍ഷിപ്പുകള്‍ പോലെ ഇന്ത്യയില്‍ മറ്റ് ജാപ്പനീസ് കാര്‍ ബ്രാന്റുകളുടെ നെറ്റ്‌വര്‍ക്കുകള്‍ വ്യാപിപ്പിക്കാനാണ് മിസ്തുബിഷി ടി.വി.എസുമായി സഹകരിക്കുന്നതെന്നാണ് വിലയിരുത്തല്‍. നിക്ഷേപം സംബന്ധിച്ച് അന്തിമ തീരുമാനമായാല്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ കൂടുതല്‍ മോഡലുകള്‍ എത്തിക്കുന്നതിനും പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും ജാപ്പനീസ് വാഹന നിര്‍മാതാക്കല്‍ക്ക് കൂടുതല്‍ സാഹചര്യം ഒരുക്കും.

ടി.വി.എസുമായി സഹകരണത്തിന് പുറമെ, ഇന്ത്യയില്‍ ഇലക്ട്രിക് വാഹന ശ്രേണിയിലേക്കുള്ള പ്രവേശനവും മിസ്തുബിഷിയുടെ ലക്ഷ്യമാണ്. ഇതിനായി 231.1 മില്ല്യണ്‍ ഡോളര്‍ നിക്ഷേപത്തില്‍ തമിഴ്‌നാട്ടില്‍ ഇലക്ട്രിക് വാഹന നിര്‍മാണശാല ആരംഭിക്കാനും മിസ്തുബിഷിക്ക് പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പദ്ധതി പ്രാവര്‍ത്തികമായാല്‍ ഏകദേശം 2000 ആളുകള്‍ക്ക് തൊഴില്‍ നല്‍കാനുള്ള സാഹചര്യവുമുണ്ടാകുമെന്നാണ് മിസ്തുബിഷി മുമ്പ് അറിയിച്ചിരുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയാണ് ഇന്ത്യയുടേത്. എന്നാല്‍, സുസുക്കിയെ മാറ്റി നിര്‍ത്തിയാല്‍ മറ്റ് ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ക്ക് വേണ്ടത്ര സ്വാധീനം ഇവിടെ ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് വിലയിരുത്തലുകള്‍. ഈ സഹചര്യം കണക്കിലെടുത്താണ് വിവിധ കമ്പനികളുടെ വാഹനങ്ങള്‍ ഇന്ത്യയില്‍ എത്തിക്കുന്നതിന് മിസ്തുബിഷി മുന്‍കൈ എടുക്കുന്നത്. കാറുകള്‍ തുടങ്ങി ട്രക്കുകള്‍ വരെയുള്ള വാഹനങ്ങള്‍ മിസ്തുബിഷി ഇന്ത്യയില്‍ എത്തിക്കും.