എം.ബി. രാജേഷ്
കൽപ്പറ്റ: ജനപ്രതിനിധികളുടെ യോഗത്തിൽ വിചിത്ര നിർദേശവുമായി തദ്ദേശസ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കന്നുകാലികളെ പുലിയും കടുവയും കൊല്ലുന്നത് പതിവെന്ന പരാതി ഉയർന്നപ്പോൾ, വനാതിർത്തി പ്രദേശങ്ങളിൽ കന്നുകാലികളെ വിതരണം ചെയ്യുന്നത് കുറയ്ക്കണമെന്നായിരുന്നു എം.ബി. രാജേഷിന്റെ വിചിത്ര നിർദേശം.
ഇതോടെ യു.ഡി.എഫ്. തദ്ദേശ അംഗങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. എൽ.ഡി.എഫ്. ഭരിക്കുന്ന പഞ്ചായത്തിൽ കന്നുകാലി വിതരണം ചെയ്യുന്നത് കൂറയ്ക്കൂ എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ മറുപടി നൽകി.
വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വയനാട്ടിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വേണ്ടിയാണ് മൂന്നംഗ മന്ത്രിമാരടങ്ങുന്ന സംഘം വയനാട്ടിൽ എത്തിയത്. മന്ത്രിമാരായ എം.ബി. രാജേഷ്, കെ. രാജൻ, എ.കെ. ശശീന്ദ്രൻ എന്നിവരാണ് വയനാട്ടിലെത്തിയത്.
മന്ത്രിമാരുടെ യോഗത്തിലെ തീരുമാനങ്ങൾ;
- വിവിധ വകുപ്പുകൾ ചേർന്ന് കമാൻഡ് കൺട്രോൾ സെന്റര്‍ തുടങ്ങും.
- ഒന്നിന് പുറമെ 2 ആ.ആർ.ടി.കൾ കൂടി സ്ഥിരപ്പെടുത്തും.
- നോഡൽ ഓഫീസർക്ക് സ്വതന്ത്രാധികാരവും സ്പെഷ്യൽ ഓഫീസും.
- വന്യജീവി പ്രശ്നം ജില്ലയിൽ ജനകീയ സമിതി മോണിറ്റർ ചെയ്യും.
- രണ്ട് ആഴ്ചയിൽ കലക്ടറുടെ അധ്യക്ഷതയില്‍ സമിതി യോഗം ചേരും. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എം.എൽ.എ.മാർ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ സമിതിയിൽ.
- വനവൽക്കരണത്തിന് സത്വര നടപടികൾ.
- സെന്ന അധിനിവേശ സസ്യ നിർമാർജനത്തിന് വേഗത്തിൽ നടപടി.
- പഞ്ചായത്ത്/ വാർഡ് തല ജനകീയ സമിതികൾ കൂടി രൂപീകരിക്കും.
- മുഖ്യമന്ത്രിയുമായുള്ള യോഗത്തിൽ 27 അംഗ മാർഗ നിർദ്ദേശം സർക്കാർ അംഗീകരിച്ചു. 15 എണ്ണം നടപ്പാക്കി.
- കേന്ദ്ര തലത്തിൽ വിഷയം ശ്രദ്ധയിൽപ്പെടുത്തും- മന്ത്രി കെ രാജൻ പറഞ്ഞു.
- ധനവകുപ്പ് 13 കോടി അനുവദിച്ചു. നിലവിലെ നിയന്ത്രണങ്ങളിൽ നിന്ന് മുക്തമാണ് തുക.
- കൂടുതൽ ഡ്രോൺ, 250 പുതിയ ക്യാമറകൾ എന്നിവ നിരീക്ഷണത്തിന്.
- അടിക്കാടുകൾ വെട്ടുന്നതിന് നടപടിക്ക് കേന്ദ്ര നിയമത്തിൽ ഇളവ് ആവശ്യപ്പെടും.
- ട്രഞ്ച് നിർമ്മാണത്തിന് അനുമതി തേടും.
- സോളാർ ഫെൻസിംഗ് ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ പൂർത്തിയാക്കും.
- വന്യജീവികളെ ആകർഷിക്കാൻ റിസോർട്ടുകൾ നടത്തുന്ന നീക്കങ്ങൾ ചെറുക്കും.
- എൻഫോഴ്സ്മെന്റ് പരിശോധന ശക്തമാക്കും.
- പ്രവർത്തനങ്ങൾ ജനകീയ മോണിറ്ററിങ്ങിന് വിധേയമാക്കും- മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
