ശിൽപ, കൊല്ലപ്പെട്ട കുഞ്ഞ്, ശിൽപ യുവാവിനയച്ച സന്ദേശം.

ഷൊര്‍ണൂര്‍: ട്രെയിന്‍ യാത്രയ്ക്കിടെയുള്ള പരിചയം, ഒരുമിച്ച് താമസം, ഒടുവില്‍ ഒപ്പംതാമസിച്ചിരുന്ന യുവാവിനോടുള്ള വൈരാഗ്യത്തില്‍ യുവതി ശ്വാസംമുട്ടിച്ച് കൊന്നത് ഒരുവയസ്സുള്ള മകളെയും. കോട്ടയം കാഞ്ഞിരം കണിയംപത്തില്‍ ശില്‍പ(29)യെയാണ് ഒരുവയസ്സുള്ള മകള്‍ ശികന്യയെ അതിദാരുണമായി കൊലപ്പെടുത്തിയത്. മാവേലിക്കരയിലെ വാടകവീട്ടില്‍വെച്ച് കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതി, കുഞ്ഞിന്റെ മൃതദേഹവുമായി ഷൊര്‍ണൂരിലെത്തിയതിന് പിന്നാലെയാണ് സംഭവം പുറംലോകമറിയുന്നത്. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ ശില്‍പയെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാവിലെയാണ് കുഞ്ഞുമായി ശില്‍പ ഷൊര്‍ണൂരിലെത്തുന്നത്. നേരത്തെ ഒപ്പംതാമസിച്ചിരുന്ന പാലക്കാട് പിരായിരി സ്വദേശിയായ യുവാവിനെ കാണാനായി ഇയാള്‍ ജോലിചെയ്തിരുന്ന സിനിമ തിയേറ്ററിലേക്കാണ് യുവതി എത്തിയത്. അതിനുമുന്‍പേ കുഞ്ഞിനെ കൊലപ്പെടുത്തിയതായി യുവതി യുവാവിന് സന്ദേശമയച്ചിരുന്നു.

രാവിലെ വന്ന യുവതി കുഞ്ഞിനെ തീയേറ്ററില്‍ നിലത്തുകിടത്തുകയും സംസ്‌കരിക്കാന്‍ സ്ഥലംവേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് യുവതിയും യുവാവും ചേര്‍ന്ന് കുഞ്ഞുമായി ആശുപത്രിയിലെത്തിയത്. ആശുപത്രിയിലെത്തിച്ചപ്പോള്‍ കുഞ്ഞ് മരിച്ചിരുന്നതായി അധികൃതർ സ്ഥിരീകരിച്ചതോടെയാണ് സംഭവത്തില്‍ വഴിത്തിരിവുണ്ടാകുന്നത്. ഇതോടെ ശില്‍പയെ പോലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മാവേലിക്കരയിലെ വീട്ടില്‍വെച്ചാണ് കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചത്. ഒപ്പംതാമസിച്ചിരുന്ന യുവാവിനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറയുന്നു.

ട്രെയിന്‍ യാത്രയ്ക്കിടെ പരിചയം, ഒരുമിച്ച് താമസം…

കോട്ടയം സ്വദേശിയായ ശില്‍പ ട്രെയിന്‍ യാത്രയ്ക്കിടെ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് പാലക്കാട് പിരായിരി സ്വദേശിയായ യുവാവുമായി പരിചയത്തിലാകുന്നത്. നേരത്തെ ബെംഗളൂരുവില്‍ ജോലിചെയ്തിരുന്ന യുവതി പിന്നീട് കാസര്‍കോട്ടെ ഒരു സ്പായില്‍ ജീവനക്കാരിയായിരുന്നു. ഈ സമയത്ത് കോട്ടയത്തേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയാണ് ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കച്ചവടം നടത്തിയിരുന്ന യുവാവിനെ പരിചയപ്പെടുന്നത്. ഈ അടുപ്പം വളരുകയും ഇരുവരും ഷൊര്‍ണൂരിനടുത്ത് ഒരുമിച്ച് താമസം ആരംഭിക്കുകയും ചെയ്തു. ഈ ബന്ധത്തിലാണ് പെണ്‍കുഞ്ഞ് പിറന്നത്.

എന്നാല്‍, ഏകദേശം നാലുമാസം മുമ്പ് ഇരുവരുടെയും ബന്ധത്തില്‍ വിള്ളലുണ്ടായതായാണ് വിവരം. യുവതി ലഹരിമരുന്ന് ഉപയോഗിക്കുന്നത് യുവാവിന്റെ ശ്രദ്ധയില്‍പ്പെട്ടതാണ് സൗഹൃദത്തില്‍ വിള്ളലുണ്ടാക്കിയത്. ഇതോടെ യുവാവ് ശില്‍പയെ ഒഴിവാക്കി മാറിത്താമസിക്കുകയായിരുന്നു.

നിര്‍ണായകമായി ആ സന്ദേശം…

കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ ശില്‍പയ്‌ക്കെതിരേ പ്രധാന തെളിവായത് യുവാവിന് അയച്ച മൊബൈല്‍ സന്ദേശങ്ങളായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ശില്‍പ യുവാവിന് സന്ദേശം അയച്ചിരുന്നത്. ‘മോളു മരിച്ചു, ഞാന്‍ കൊന്നു’ എന്നായിരുന്നു ആദ്യത്തെ മെസേജ്. പിന്നാലെ ‘നമ്മുടെ മോള്‍ പോയി’ എന്നും ‘വിളിക്കൂ’ എന്നും യുവതി സന്ദേശം അയച്ചിരുന്നു.

വെള്ളിയാഴ്ച രാത്രി ശില്പ മാവേലിക്കരയിലെ വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇവിടെവെച്ചാണ് കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അതിനുശേഷം ഓട്ടോറിക്ഷയിലും കാറിലുമായാണ് മുമ്പ് കൂടെ താമസിച്ചിരുന്ന യുവാവ് ജോലിചെയ്യുന്ന ഷൊര്‍ണൂരിലെ തിയേറ്ററിലെത്തിയത്.

മാവേലിക്കര കുടുംബകോടതിക്ക് സമീപമുള്ള വീട്ടില്‍ തിങ്കളാഴ്ച ഉച്ചയോടെ ഷൊര്‍ണൂര്‍ പോലീസ് ശില്പയുമായെത്തി തെളിവെടുപ്പ് നടത്തി. മറ്റൊരാള്‍ വാടകയ്‌ക്കെടുത്ത വീട്ടില്‍ രണ്ടാഴ്ചയായി ശില്പ താമസിച്ചുവരികയായിരുന്നെന്ന് പോലീസ് പറഞ്ഞു.

വാടകവീട്ടിലെ കിടപ്പുമുറിയില്‍വെച്ച് കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. വീട് വാടയ്‌ക്കെടുത്തയാളുടെ ഫോണ്‍ സ്വിച്ച്ഓഫ് ആണെന്നാണ് പോലീസ് പറയുന്നത്. പോലീസ് സംഘം തെളിവെടുപ്പിനായി വീട്ടിലെത്തിയപ്പോള്‍ കതക് തുറന്നുകിടക്കുന്ന നിലയിലായിരുന്നു.അതേസമയം വീട് വാടകയ്‌ക്കെടുത്തയാളും ശില്‍പയും തമ്മിലുള്ള ബന്ധത്തില്‍ ഇതുവരെ വ്യക്തതയില്ല. ഇതുസംബന്ധിച്ചും അന്വേഷണം തുടരുന്നതായാണ് സൂചന.