വോട്ട് എണ്ണിത്തിട്ടപ്പെടുത്തുന്ന പ്രിസൈഡിങ് ഓഫീസർ, പ്രതിഷേധവുമായി കോൺഗ്രസും എഎപിയും രംഗത്തെത്തിയതോടെ ബാലറ്റ് പേപ്പർ എടുത്ത് മാറ്റി പിന്നിലേക്ക് മാറ്റുന്നു. | Photo: Screengrab/ https://twitter.com/Politics_2022_

ന്യൂഡല്‍ഹി: ചണ്ഡീഗഢ് മേയർ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. ബി.ജെ.പി. സ്ഥാനാർഥി ജയിച്ചെന്ന് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പിൽ അസാധുവാക്കി മാറ്റിവെച്ച എട്ട് വോട്ട് സാധുവായി കണ്ടെത്തിയ സുപ്രീംകോടതി അത് എണ്ണാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ച എഎപി അംഗ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്‌. 16-നെതിരെ 20 വോട്ടുകൾക്കായിരുന്നു ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർഥി കുൽദീപ് കുമാറിന്റെ ജയം.

ബി.ജെ.പി. സ്ഥാനാർത്ഥി മനോജ് ഷൊങ്കർ വിജയിച്ചെന്ന വരാണധികാരിയുടെ പ്രഖ്യാപനം സുപ്രീം കോടതി റദ്ദാക്കി. വിവാദ തെരഞ്ഞെടുപ്പിന്റെ വരണാധികാരി ആയിരുന്ന അനിൽ മസീഹ്ന് സുപ്രീം കോടതി കാരണം കാണിക്കൽ നോട്ടീസ് നൽകി. വരണാധികാരി അനിൽ മസിബ് അസാധുവാക്കിയ എട്ട് വോട്ടുകളും സുപ്രീം കോടതി എണ്ണി. വീണ്ടും വോട്ടെടുപ്പ് നടത്താമെന്ന ചണ്ഡീഗഢ് ഭരണകൂടത്തിന്റെ നിര്‍ദേശം തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ അസാധാരണ നീക്കം ഉണ്ടായത്.

മേയർ തെരഞ്ഞെടുപ്പിലെ എട്ട് വോട്ടുകൾ അസാധുവാണെന്ന് വരണാധികാരി അനിൽ മസീഹ് പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പി. സ്ഥാനാർഥിക്ക് 16 വോട്ടുകളും കോൺഗ്രസ്-എ.എ.പി. സ്ഥാനാർഥിക്ക് 12 വോട്ടും ആയി. എന്നാൽ അസാധുവാക്കിയ ഈ എട്ട് വോട്ടുകളും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിശോധിച്ചു. തുടർന്ന് എട്ട് വോട്ടുകളും സാധുവാണെന്ന്‌ കോടതി വ്യക്തമാക്കി. സുപ്രീം കോടതി സാധുവാണെന്ന് വിധിച്ച 8 വോട്ടുകളും എഎപി- കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ലഭിച്ചു. ഇതോടെയാണ് കുൽദീപ് കുമാർ വിജയി ആണെന് സുപ്രീംകോടതി വിധിച്ചത്.

തിരഞ്ഞെടുപ്പ് നടന്ന ദിവസത്തെ വീഡിയോ ദൃശ്യങ്ങൾ കോടതി കണ്ടു, ഇതിന് ശേഷമാണ് വരണാധികാരിയായിരുന്ന അനിൽ മസീഹിന് സുപ്രീം കോടതി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. നടപടി എടുക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ മൂന്നാഴ്ചയ്ക്ക് ഉള്ളിൽ അറിയിക്കാൻ കോടതി മസീഹിനോട് നിർദേശിച്ചു.

കോണ്‍ഗ്രസ്-ആംആദ്മി പാര്‍ട്ടി സഖ്യത്തിന്റെ എട്ടുവോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെ, തിരഞ്ഞെടുപ്പിലെ തിരിമറി ചോദ്യംചെയ്ത് ആം ആദ്മി പാര്‍ട്ടിയുടെ കൗണ്‍സിലറായ മേയർസ്ഥാനത്തേക്ക് മത്സരിച്ച കുല്‍ദീപ് കുമാര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു സുപ്രീകോടതി വിധി.

ഇതിനിടെ, വലിയ സംഭവവികാസങ്ങളാണ് ചണ്ഡീഗഢില്‍ നടന്നത്. ജയിച്ചെന്ന് പ്രഖ്യാപിക്കപ്പെട്ട ബി.ജെ.പി.യുടെ മേയര്‍ മനോജ് സോങ്കര്‍ രാജിവെച്ചിരുന്നു. പിന്നാലെ, ആം ആദ്മി പാര്‍ട്ടിയുടെ മൂന്ന് കൗണ്‍സിലര്‍മാര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു. ഈ ധൈര്യത്തിലായിരിക്കണം വീണ്ടും തിരഞ്ഞെടുപ്പ് നടത്താമെന്ന് ചണ്ഡീഗഢ് ഭരണകൂടം നിര്‍ദേശിച്ചത്. എന്നാല്‍, കുതിരക്കച്ചവടസാധ്യത മനസ്സില്‍ക്കണ്ട സുപ്രീംകോടതി അതിന് തയ്യാറായില്ല.