രാഹുൽഗാന്ധി, അമിത് ഷാ | Photo: ANI

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ‌യെ അപകീര്‍ത്തിപെടുത്തുന്ന പരാമർശം നടത്തിയെന്ന കേസിൽ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ഉത്തർപ്രദേശിലെ സുല്‍ത്താന്‍പുര്‍ കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്.

സുൽത്താൻപുര്‍ കോടതിയിൽ രാഹുൽഗാന്ധി ഹാജരായി കീഴടങ്ങുക ആയിരുന്നു. തുടർന്ന് മുക്കാൽ മണിക്കൂറോളം രാഹുൽ കോടതിയുടെ കസ്റ്റഡിയിലായിരുന്നു. ഏതാണ്ട് മുക്കാൽ മണിക്കൂറിന് ശേഷമാണ്‌ രാഹുൽഗാന്ധിയുടെ അഭിഭാഷകർ ജാമ്യാപേക്ഷ നൽകിയത്. ഈ അപേക്ഷ കോടതി അംഗീകരിച്ചു. രാഹുൽഗാന്ധി നിരപരാധിയാണെന്ന്‌ അദ്ദേഹത്തിന്റെ അഭിഭാഷകർ വാദിച്ചു. കേസ് ഇനി എന്ന് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല.

2018ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ബെംഗളൂരുവിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അമിത് ഷായ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തി എന്നാരോപിച്ചാണ് ബിജെപി നേതാവ് വിജയ് മിശ്ര രാഹുലിനെതിരെ മാനനഷ്ടക്കേസ് നൽകിയത്. അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് രാഹുല്‍ വിളിച്ചുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.