ജയിംസ് ആന്‍ഡേഴ്‌സണ്‍.

സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാളാണ് ജയിംസ് ആന്‍ഡേഴ്‌സണ്‍. 41-ാം വയസിലും ക്രിക്കറ്റില്‍ സജീവമാണ് ജയിംസ് ആന്‍ഡേഴ്‌സണ്‍. നിലവില്‍ ടെസ്റ്റില്‍ മാത്രമാണ് ജയിംസ് ആന്‍ഡേഴ്‌സണ്‍ ഇംഗ്ലണ്ട് കുപ്പായം അണിയുന്നത്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ പേസര്‍ എന്ന റെക്കോഡ് ജയിംസ് ആന്‍ഡേഴ്‌സണിന് സ്വന്തമാണ്. 185 ടെസ്റ്റുകളില്‍ നിന്ന് 696 വിക്കറ്റാണ് ആന്‍ഡേഴ്‌സന്റെ സമ്പാദ്യം.

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റിൽ ആൻഡേഴ്സൺ ബൗൾ ചെയ്യുന്നു.

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ആന്‍ഡേഴ്‌സണ്‍. മുത്തയ്യ മുരളീധരന്‍ (800), ഷെയ്ന്‍ വോണ്‍ (706) എന്നിവരാണ് ആന്‍ഡേഴ്‌സന്റെ മുന്നിലുള്ളത്. ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരം കളിച്ചിട്ടുള്ളവരില്‍ രണ്ടാം സ്ഥാനത്താണ് ആന്‍ഡേഴ്‌സണ്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (200) ആണ് ഒന്നാം സ്ഥാനത്ത്. ആന്‍ഡേഴ്‌സണ്‍ 185 ടെസ്റ്റാണ് കളിച്ചിട്ടുള്ളത്.

ആന്‍ഡേഴ്‌സണ്‍ എല്ലാ ഫോര്‍മാറ്റുകളിലും ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ടി20 കരിയര്‍ ഹ്രസ്വകാലമായിരുന്നു. വെറും 19 ടി20കളില്‍ അദ്ദേഹം 18 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 194 ഏകദിനങ്ങളില്‍ നിന്ന് 269 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. വൈറ്റ്-ബോള്‍ ക്രിക്കറ്റിനോട് വിട പറഞ്ഞിട്ട് നാളേറെയായ ആന്‍ഡേഴ്‌സണ്‍ ടെസ്റ്റ് ക്രിക്കറ്റിനാണ് തന്റെ സമയം മുഴുവന്‍ സമര്‍പ്പിച്ചിരിക്കുന്നത്.

2002-ല്‍ തുടങ്ങിയ തന്റെ ക്രിക്കറ്റ് കരിയറിന്റെ തുടക്കത്തില്‍ പരിക്കുകളും മോശം ഫോമും അദ്ദേഹത്തെ അലട്ടിയെങ്കിലും 2007-ന് ശേഷം ടീമില്‍ തന്റെ സ്ഥാനം ഉറപ്പിച്ച ആന്‍ഡേഴ്‌സണ്‍ പിന്നീട് തിരിഞ്ഞുനോക്കിയില്ല. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് തങ്ങളുടെ ദേശീയ താരങ്ങള്‍ക്ക് മികച്ച പ്രതിഫലമാണ് വാഗ്ദാനം ചെയ്യുന്നത്. നിലവില്‍ ക്രിക്കറ്റില്‍ നിന്ന് ആന്‍ഡേഴ്‌സണ് ലഭിക്കുന്ന വരുമാനം ടെസ്റ്റില്‍ നിന്ന് മാത്രമുള്ളതാണ്.

ഇംഗ്ലണ്ടിനായി ആഭ്യന്തര മത്സരങ്ങളില്‍ ലങ്കാഷെയര്‍ കൗണ്ടി ക്രിക്കറ്റ് ക്ലബ്ബിനെ പ്രതിനിധീകരിക്കുന്നു. ഇംഗ്ലണ്ടില്‍, കൗണ്ടി ക്രിക്കറ്റ് കളിക്കാര്‍ 24,000 മുതല്‍ 50,000 പൗണ്ട് വരെ സമ്പാദിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതുപ്രകാരം 2024 ലെ കണക്ക് അനുസരിച്ച് ജെയിംസ് ആന്‍ഡേഴ്‌സന്റെ ആസ്തി 20 മില്യണ്‍ ഡോളറാണ്. അതായത് ഏകദേശം 160 കോടി രൂപയോളം വരും ഇത്.

ഇംഗ്ലണ്ടിനായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ഏകദേശം 65000 യൂറോ (ഏകദേശം 58 ലക്ഷം രൂപ) പ്രതിഫലം ലഭിക്കുന്നുണ്ട്. ഇതുകൂടാതെ വെല്‍മാന്‍, തോമസ് കുക്ക് സ്പോര്‍ട്ട്, വാമ്പയര്‍ ക്രിക്കറ്റ് തുടങ്ങിയ ബ്രാന്‍ഡുകളുമായി ആന്‍ഡേഴ്‌സണ്‍ സഹകരിക്കുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ആന്‍ഡേഴ്‌സന്റെ ഉടമസ്ഥതയിലുള്ള ചെഷയറിലെ രണ്ട് നിലകളിലായി 315 ചതുരശ്ര അടിയുള്ള വീടിന് കോടികള്‍ മൂല്യമുണ്ട്.