തിരുവന്തപുരത്ത് നാടോടി ദമ്പതി‌കളുടെ രണ്ടു വയസ്സുകാരിയായ മകളെ കാണാതായ സ്ഥലം.

തിരുവനന്തപുരം∙ നാടോടി ദമ്പതികളുടെ രണ്ടു വയസ്സുകാരിയായ മകളെ തട്ടിക്കൊണ്ടുപോയതിൽ കുട്ടിക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജിതം. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. പൊലീസ് നായയെ ഉൾപ്പെടെ ഉപയോഗിച്ചു തിരച്ചിൽ നടത്തുന്നുണ്ട്. എന്നാൽ കുട്ടിയുടെ മൂത്ത സഹോദരന്റെ മൊഴിയിൽ പറയുന്നതിൽനിന്നു വ്യത്യാസമായി മറ്റൊരു വഴിയിലൂടെ പൊലീസ് നായ പോയത് പൊലീസിനെ കുഴപ്പിച്ചു.

കുട്ടിയെ തട്ടിയെടുത്തെന്നു കരുതുന്ന മഞ്ഞ സ്കൂട്ടർ പോയെന്നു സഹോദരൻ പറഞ്ഞതിന് എതിർദിശയിലാണ് നായ സഞ്ചരിച്ചത്. മഞ്ഞ സ്കൂട്ടറാണു വന്നതെന്നും അതിൽ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നുമാണു കാണാതായ പെൺകുട്ടിയുടെ മൂത്ത സഹോദരൻ പറഞ്ഞത്. എന്നാൽ ഇത് ഇളയ സഹോദരൻ പറഞ്ഞ അറിവാണെന്നാണു പിന്നീട് ചോദിച്ചപ്പോൾ കുട്ടി പറഞ്ഞത്. സ്കൂട്ടറിലാണു തട്ടിക്കൊണ്ടു പോയതെന്ന് ഉറപ്പിക്കാറായിട്ടില്ലെന്നും പൊലീസ് കമ്മിഷണറും പറഞ്ഞു.

തിരുവനന്തപുരം പേട്ട ബ്രഹ്മോസിനു സമീപത്തുനിന്നു ബിഹാർ സ്വദേശികളുടെ രണ്ടു വയസ്സുകാരി മകളെ അജ്ഞാതർ തട്ടിക്കൊണ്ടു പോയെന്നാണ് പരാതി. റെയിൽവേ സ്റ്റേഷനു സമീപം താമസിച്ചിരുന്ന അമർദീപ്–റബീന ദേവി എന്നിവരുടെ കുഞ്ഞ് മേരിയെയാണ് കാണാതായത്. അമർദീപ്–റബീന ദേവി ദമ്പതികൾക്ക് നാലു കുട്ടികളാണുള്ളത്. മൂന്നു സഹോദരങ്ങൾക്ക് ഒപ്പമാണ് രണ്ടു വയസ്സുകാരിയും ഉറങ്ങാൻ കിടന്നതെന്നു രക്ഷിതാക്കൾ പറയുന്നു. ഒരുമണിക്കുശേഷം ഉണർന്നപ്പോൾ കുട്ടിയെ കണ്ടില്ലെന്നാണ് ഇവർ പൊലീസിനു നൽകിയ മൊഴി. കറുപ്പും വെള്ളയും പുള്ളികളുള്ള ഒരു ടീഷര്‍ട്ട് മാത്രമാണ് കാണാതാകുമ്പോള്‍ കുഞ്ഞ് ധരിച്ചിരുന്നത്.

പ്രദേശത്തെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും പൊലീസ് അന്വേഷണം. കുട്ടിയെ കാണാതായ സ്ഥലത്തിനു സമീപത്തെ ചതുപ്പിലും പരിശോധന നടത്തുന്നുണ്ട്. കാണാതായ കുട്ടിയുടെ കുടുംബത്തിനൊപ്പമെത്തിയ ഇതര സംസ്ഥാനക്കാരെയും പൊലീസ് പരിശോധിക്കുന്നു. റെയിൽവേ സ്റ്റേഷനുകളിലും പരിശോധന നടത്തുന്നുണ്ട്. ജില്ലാ അതിർത്തികളിലും പൊലീസ് കനത്ത ജാഗ്രതയിലാണ്. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കേണ്ട നമ്പറുകൾ: 0471–2501801, 9497990008, 9497947107 . അല്ലെങ്കില്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം നമ്പര്‍: 112.