ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: അധിക വായ്പ നേടാന്‍ വ്യാജരേഖകള്‍ ചമച്ച് തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന് ന്യൂയോര്‍ക്ക് കോടതി. ട്രംപ് 354.9 മില്യണ്‍ ഡോളര്‍ പിഴയായി നല്‍കണം എന്ന് ന്യൂയോര്‍ക്ക് കോടതി ജഡ്ജി ആര്‍തര്‍ എന്‍ഗോറോണ്‍ പറഞ്ഞു. ഈ വര്‍ഷം പ്രസിഡന്റ് സ്ഥാനം വീണ്ടെടുക്കാന്‍ മത്സരിക്കുന്ന ട്രംപിന് കനത്ത തിരിച്ചടിയാണ് കോടതി വിധി.

പിഴക്ക് പുറമെ ഏതെങ്കിലും ന്യൂയോര്‍ക്ക് കോര്‍പ്പറേഷന്റെ ഓഫീസറോ ഡയറക്ടറോ ആകുന്നതില്‍ നിന്നും ട്രംപിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് ട്രംപിന്റെ അഭിഭാഷക അലീന ഹബ്ബ പറഞ്ഞു. ട്രംപിന്റെ റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യത്തെ തന്നെ തകര്‍ക്കുന്നതാണ് വിധി. മാന്‍ഹട്ടനില്‍ മൂന്ന് മാസത്തെ തര്‍ക്കവിഷയമായ വിചാരണയ്ക്ക് ശേഷമാണ് കോടതി വിധി പുറപ്പെടുവിച്ചത്.

ട്രംപിന്റെ റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യത്തിന്റെ സ്തംഭങ്ങളെ നിയന്ത്രിക്കുന്ന കമ്പനികളെ പിരിച്ചുവിടാന്‍ ഉത്തരവിട്ട മുന്‍ വിധി റദ്ദാക്കിയ കോടതി ട്രംപിന്റെ ബിസിനസുകളുടെ മേല്‍നോട്ടം വഹിക്കാന്‍ ഒരു സ്വതന്ത്ര മോണിറ്ററെയും കംപ്ലയന്‍സ് ഡയറക്ടറെയും നിയമിക്കുന്നതിനാല്‍ ഇത് മേലില്‍ ആവശ്യമില്ലെന്നും വ്യക്തമാക്കി. ട്രംപും കേസിലെ മറ്റ് പ്രതികളും കുറ്റം സമ്മതിക്കാന്‍ സാധ്യതയില്ലെന്നും കോടതി നിരീക്ഷിച്ചു.

ട്രംപിന്റെ മുതിര്‍ന്ന മക്കളായ ഡോണ്‍ ജൂനിയറും എറിക്കും കേസില്‍ പ്രതികളായിരുന്നു. ഓരോരുത്തര്‍ക്കും 4 മില്യണ്‍ ഡോളര്‍ വീതം പിഴ നല്‍കാനാണ് ജഡ്ജി ഉത്തരവിട്ടത്. ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റിഷ്യ ജെയിംസ് ആണ് ട്രംപിനെതിരായ കേസ് കൊണ്ടുവന്നത്. ട്രംപും അദ്ദേഹത്തിന്റെ കുടുംബ ബിസിനസുകളും ബാങ്കര്‍മാരെ കബളിപ്പിച്ച് അധിക വായ്പ ലഭിക്കുന്നതിന് തന്റെ ആസ്തി പ്രതിവര്‍ഷം 3.6 ബില്യണ്‍ ഡോളര്‍ അധികമായി കണക്കാക്കി എന്നാണ് ഹര്‍ജിയിലെ ആരോപണം.

ജൂറി ഇല്ലാതെ കേസ് തീര്‍പ്പാക്കിയ എന്‍ഗോറോണ്‍ ന്യൂയോര്‍ക്കില്‍ ചാര്‍ട്ടേഡ് ചെയ്തിട്ടുള്ള ഏതെങ്കിലും ധനകാര്യ സ്ഥാപനത്തില്‍ നിന്ന് മൂന്ന് വര്‍ഷത്തേക്ക് ലോണിനായി അപേക്ഷിക്കുന്നതില്‍ നിന്ന് ട്രംപിനെയും അദ്ദേഹത്തിന്റെ കമ്പനികളെയും വിലക്കി. വേറെയും നാല് കേസുകളില്‍ ക്രിമിനല്‍ കുറ്റം നേരിടുന്ന ട്രംപ് ഈ കേസ് ഡെമോക്രാറ്റായ ജെയിംസിന്റെ രാഷ്ട്രീയ പകപോക്കലാണെന്നാണ് വിശേഷിപ്പിച്ചത്.

തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലെ പോസ്റ്റുകളില്‍, ട്രംപ് എന്‍ഗോറോണിനെ ‘വക്രന്‍’ എന്നും ജയിംസിനെ ‘അഴിമതിക്കാരന്‍’ എന്നും വിളിച്ചു. തനിക്കെതിരായ കേസ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വേട്ടയാടലാണ് എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.