പ്രതീകാത്മക ചിത്രം.
ഇരിക്കൂർ: ഭർതൃമതിയായ യുവതിയെ നിരന്തരം ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത വിരോധത്തിന് യുവതിയുടെ പിതാവിനെയും സഹോദരനെയും വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ യുവാവ് വിഷം കഴിച്ചു ചികിത്സയിലിരിക്കെ മരണമടഞ്ഞു.
കണ്ണാടിപ്പറമ്പ് നെടുവാട്ട് സ്വദേശി ഷർഷാദാണ് (30) കഴിഞ്ഞ ദിവസം പുലർച്ചെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത്.
ഇരിക്കൂർ പെരുവളത്ത് പറമ്പ് തട്ടു പറമ്പിലെ നേര്യം പള്ളി ശങ്കരൻ (85) മകൻ ശശിധരൻ (46) എന്നിവരെ സർജിക്കൽ കത്തികൊണ്ടു കഴുത്തിന് മുറിവേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കഴിഞ്ഞ 13 ന് രാത്രിയാണ് ഇരിക്കൂർ സി.ഐ എം.എം അബ്ദുൾ കരീമിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇയാളെ സ്റ്റേഷനിലെത്തിച്ചപ്പോഴാണ് താൻ എലിവിഷം കഴിച്ചതായി ഇയാൾ പറഞ്ഞത്. ഇതേ തുടർന്ന് ഇയാളെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊലിസ് പ്രവേശിപ്പിക്കുകയായിരുന്നു. അതിതീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന ഷർഷാദ് ശനിയാഴ്ച്ച രാവിലെയാണ് മരണമടഞ്ഞത്.
ഫെബ്രുവരി 12 ന് പുലർച്ചെ രണ്ടു മണിയോടെയാണ് ശങ്കരനെയും മകനെയും പ്രതി അക്രമിച്ചത്. ശങ്കരൻ്റെ ഭർതൃമതിയായ മകൾ നേരത്തെ കണ്ണാടിപ്പറമ്പിൽ താമസിക്കവെ ഷർഷാദ് നിരന്തരം ശല്യം ചെയ്തിരുന്നു. ഈ പരാതിയിൽ മയ്യിൽ പൊലിസ് ഷർഷാദിനെ താക്കീതു ചെയ്തു വിട്ടിരുന്നു. ഇതേ തുടർന്ന് ബന്ധുക്കൾ ഇയാളെ ഗൾഫിലേക്ക് അയച്ചിരുന്നു. ഏതാനും ദിവസം മുൻപാണ് ഇയാൾ ഗൾഫിൽ നിന്നും തിരിച്ചെത്തിയത്.
ശങ്കരനും ശശിധരനുമാണ് തനിക്കെതിരെ പൊലിസിൽ പരാതി നൽകിയതിന് പുറകിലെന്ന വൈരാഗ്യത്തിലായിരുന്നു അക്രമം അഴിച്ചുവിട്ടത്. വീടിന് പുറകിലെ ശുചിമുറിയിൽ പോയി മടങ്ങിവരുമ്പോൾ പുറകെയെത്തിയാണ് പ്രതി അക്രമിച്ചത്. ഇതു തടയാൻ ശ്രമിച്ചപ്പോഴാണ് മകനെയും അക്രമിച്ചത്.
ഇതിൽ ശശിധരൻ്റെ പരുക്ക് ഗുരുതരമാണ് ഇരുവരെയും അക്രമിച്ച ശേഷം പ്രതി അതുവഴി വന്ന ചരക്കു ലോറിയിലാണ് മംഗ്ളുരിലെക്ക് കടന്നത്. അവിടെ നിന്നും ഗോവയിലേക്ക് കടക്കുകയും തിരിച്ചു നാട്ടിലെത്തുകയും ചെയ്തപ്പോഴാണ് പൊലിസ് അറസ്റ്റ് ചെയ്തത്. തളിപറമ്പ് ആർ.ഡി.ഒ ടി എം അജയകുമാർ മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
