പി.സി. ജോര്‍ജ്
കോട്ടയം: കേരള ജനപക്ഷം പാര്‍ട്ടി ബിജെപിയില്‍ ലയിപ്പിച്ചാണ് പിസി ജോര്‍ജ് ഏറ്റവും ഒടുവില്‍ രാഷ്ട്രീയ കളംമാറ്റം നടത്തിയത്. വലിയ ഓഫറുകള്‍ അദ്ദേഹത്തിന് മുമ്പില്‍ ബിജെപി വച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതിലൊന്നായിരുന്നുവത്രെ പത്തനംതിട്ടയില്‍ ബിജെപി ടിക്കറ്റില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയാകാം എന്നത്. എന്നാല്‍ പത്തനംതിട്ടയിലെ ബിജെപി നേതാക്കള്‍ക്കിടയില്‍ മറ്റൊരു അഭിപ്രായമാണ് ശക്തമാകുന്നത്.
ജനപക്ഷം പാര്‍ട്ടി ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും, ഇനി ജനപക്ഷം പാര്‍ട്ടി ഇല്ല എന്നും നേരത്തെ പിസി ജോര്‍ജ് പറഞ്ഞിരുന്നു. ബിജെപിയുടെ വിജയത്തിന് വേണ്ടി ശക്തമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയതാണ്. എന്നാല്‍ പത്തനംതിട്ടയില്‍ എല്‍ഡിഎഫും യുഡിഎഫും ശക്തരായ സ്ഥാനാര്‍ഥികളെ ഇറക്കുമെന്ന് ഉറപ്പായതോടെയാണ് ബിജെപിയില്‍ അപസ്വരം ഉയര്‍ന്നിരിക്കുന്നത്.
യുഡിഎഫിന് വേണ്ടി സിറ്റിങ് എംപി ആന്റോ ആന്റണി തന്നെയാകും പത്തനംതിട്ടയില്‍ ഇറങ്ങുക എന്നാണ് വിവരം. എല്‍ഡിഎഫിന് വേണ്ടി മുതിര്‍ന്ന സിപിഎം നേതാവ് തോമസ് ഐസകിന്റെ പേരും അന്തിമ പട്ടികയിലുണ്ട്. ഇതിനിടെയാണ് എന്‍ഡിഎക്ക് വേണ്ടി ബിജെപി ആരെ ഇറക്കുമെന്ന ചര്‍ച്ച. പിസി ജോര്‍ജ് വേണ്ട എന്ന് ജില്ലയിലെ ബിജെപി നേതാക്കള്‍ നിലപാടെടുത്തുവെന്നാണ് വിവരം.
പ്രധാന മുന്നണികള്‍ ശക്തരായ സ്ഥാനാര്‍ഥികളെ നിര്‍ത്തുമ്പോള്‍ ബിജെപി മുതിര്‍ന്ന നേതാവിനെ തന്നെ ഇറക്കണം എന്നാണ് പാര്‍ട്ടിയിലെ പൊതുവികാരം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മല്‍സരിച്ച മണ്ഡലമാണ് പത്തനംതിട്ട. മാത്രമല്ല മൂന്ന് ലക്ഷത്തോളം വോട്ട് പിടിക്കുകയും ചെയ്തതാണ്. ഇനി വോട്ട് കുറയുന്ന സാഹചര്യമുണ്ടായാല്‍ നാണക്കേടാകെന്ന് ബിജെപി വിലയിരുത്തുന്നു.
പികെ കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലാ ഭാരവാഹികള്‍ക്കിടയില്‍ അഭിപ്രായം തേടിയിരുന്നു. ഇവരില്‍ കൂടുതല്‍ പേരും പിസി ജോര്‍ജ് വേണ്ട എന്നാണ് അഭിപ്രായപ്പെട്ടതത്രെ. കെ സുരേന്ദ്രന്‍ മല്‍സരിക്കണമെന്ന ആവശ്യവും ചിലര്‍ മുന്നോട്ട് വച്ചു. ഈ സാഹചര്യത്തില്‍ പിസി ജോര്‍ജ് സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് പുറത്താകുമോ എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.
പിസി ജോര്‍ജിന്റെ തട്ടകമായ പൂഞ്ഞാര്‍, പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിന് കീഴിലാണ്. തൊട്ടടുത്ത മണ്ഡലമായ കോട്ടയത്ത് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളപ്പള്ളി നോട്ടമിട്ടിരിക്കുന്നതിനാല്‍ പിസി ജോര്‍ജിന് അവിടെയും സ്ഥാനമില്ല. പിസി ജോര്‍ജിനെതിരെ ബിഡിജെഎസ് നേതാക്കളാണ് ശക്തമായ നിലപാട് എടുക്കുന്നത് എന്നാണ് വിവരം.
പിസി ജോര്‍ജ് വിശ്വാസ്യതയില്ലാത്ത നേതാവാണ് എന്നായിരുന്നു എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. മാത്രമല്ല, അദ്ദേഹത്തിന് ബിജെപി പ്രവര്‍ത്തകര്‍ പോലും വോട്ട് ചെയ്യാന്‍ സാധ്യതയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. അത്സേയമയം, ഇത്തവണ മല്‍സരിക്കാനില്ല എന്നാണ് കെ സുരേന്ദ്രന്‍ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. എങ്കിലും പാര്‍ട്ടി നിര്‍ബന്ധിച്ചാല്‍ മല്‍സരിക്കേണ്ടി വരും.
