രോഹിത് ശർമ്മ, വിരാട് കോഹ്ലി, എം.എസ്. ധോണി
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഏറ്റവും പുതിയ സീസൺ അടുത്ത് വരികയാണ്. ഇക്കുറി മത്സര രംഗത്തുള്ള പല താരങ്ങളും കരിയറിന്റെ അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്നവരാണ് എന്നതാണ് ഏറ്റവും വേദനിപ്പിക്കുന്ന കാര്യം. ആ കൂട്ടത്തിൽ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ക്യാപ്റ്റൻ കൂൾ എംഎസ് ധോണിയുമുണ്ട്. ഇന്ത്യൻ ടീമിൽ നിന്ന് വിരമിച്ചെങ്കിലും ധോണി ഐപിഎല്ലിൽ എത്രത്തോളം ശക്തനാണ് എന്ന് തെളിയിക്കുന്ന ഒരു കണക്ക്കൂടി ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
ഐപിഎല്ലിൽ പ്രതിഫല ഇനത്തിൽ ഏറ്റവും കൂടുതൽ കൈപ്പറ്റിയ താരങ്ങളിൽ ഒരാളാണ് എംഎസ് ധോണിയെന്നാണ് കണക്കുകൾ നൽകുന്ന സൂചന. ലീഗിലെ 100 കോടി ക്ലബിലും ആരാധകർ സ്നേഹത്തോടെ തല എന്ന് വിളിക്കുന്ന ധോണി ഇടം നേടിയിട്ടുണ്ട്. ഐപിഎൽ ചരിത്രത്തിൽ ഇതുവരെയുള്ള മുഴുവൻ സീസണുകൾ പരിശോധിക്കുമ്പോൾ ഈ നേട്ടം സ്വന്തമാക്കിയ താരങ്ങൾ ഇവരൊക്കെയാണ്.
രോഹിത് ശർമ്മ
സമകാലിക ക്രിക്കറ്റിൽ വിരാട് കോഹ്‍ലിക്ക് ശേഷം ഏറ്റവും ശക്തനായ ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ് ഹിറ്റ്മാൻ എന്ന വിളിപ്പേരുള്ള രോഹിത് ശർമ്മ. 2008 മുതൽ ആരംഭിച്ച ഐപിഎല്ലിന്റെ ഭാഗമായിട്ടുള്ള രോഹിത് പ്രതിഫല ഇനത്തിൽ ഇതുവരെ വാരിയത് 178 കോടിയോളം രൂപയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അഞ്ച് കിരീടങ്ങൾ താരത്തിന്റെ പേരിലുണ്ട്.
എംഎസ് ധോണി
ഇന്ത്യൻ ക്രിക്കറ്റിന് ടി20 ലോകകപ്പ് നേട്ടത്തോടെ പുതിയ ദിശാബോധം നൽകിയ നായകനായ ധോണി ഐപിഎൽ പ്രതിഫലത്തിൽ യുവതാരങ്ങളിൽ പോലും തൊടാൻ കഴിയാതെ രണ്ടാം സ്ഥാനത്താണ് നിൽക്കുന്നത്. 176 കോടിയാണ് പ്രതിഫല ഇനത്തിൽ ധോണി ഇതുവരെ കൈപ്പറ്റിയത്. ധോണിയും ലീഗിൽ അഞ്ച് കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.
വിരാട് കോലി
ഐപിഎല്ലിലെ ഏറ്റവും വിശ്വാസ്യതയുള്ള താരങ്ങളിൽ ഒരാളായാണ് വിരാട് കോലിയെ കണക്കാക്കുന്നത്. കാരണം 2008 മുതൽ ആർസിബിയുടെ ഭാഗമായി കോഹ്‌ലി കഴിഞ്ഞ 16 വർഷമായി ടീമിനെ മുറുകെ പിടിച്ചിരിക്കുകയാണ്. ഐപിഎല്ലിൽ നിന്ന് പ്രതിഫല ഇനത്തിൽ താരത്തിന് ഫ്രാഞ്ചൈസി ഇതുവരെ നൽകിയ 173 കോടി രൂപയാണ്.
സുരേഷ് റെയ്‌ന
ചിന്നത്തല എന്ന് ആരാധകർ വിളിച്ചിരുന്ന സുരേഷ് റെയ്‌നയും ഈ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഇപ്പോൾ കളിക്കുന്നില്ലെങ്കിലും താരം ഇതുവരെ വാങ്ങിയത് 110 കോടിയാണ്. ചെന്നൈ സൂപ്പർ കിംഗ്‌സിൽ ധോണിയുടെ സഹതാരമായിരുന്നു റെയ്‌ന.
രവീന്ദ്ര ജഡേജ
സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് രവീന്ദ്ര ജഡേജ.നിലവിൽ സിഎസ്കെ താരമായ രവീന്ദ്ര ജഡേജ പ്രതിഫല ഇനത്തിൽ ഇതുവരെ ഐപിഎല്ലിൽ നിന്ന് നേടിയത് ഏതാണ്ട് 109 കോടി രൂപയാണ്.
സുനിൽ നരെയ്ൻ
പട്ടികയിൽ മുന്നിലുള്ള വിദേശതാരമാണ് സുനിൽ നരെയ്ൻ. 2012ൽ കൊൽക്കത്ത ടീമിൽ ഇടം നേടിയാണ് നരെയ്ൻ തന്റെ ഐപിഎൽ ക്യാംപയിൻ ആരംഭിച്ചത്. ഇതുവരെ താരം ലീഗിൽ നിന്ന് നേടിയത് ഏകദേശം 107 കോടി രൂപയാണെന്നാണ് കണക്കുകൾ നൽകുന്ന സൂചന.
എബി ഡിവില്ലിയേഴ്‌സ്
ഈ നേട്ടം സ്വന്തമാക്കിയ മറ്റൊരു വിദേശതാരമാണ് എബി ഡിവില്ലിയേഴ്‌സ്. ആർസിബിയിൽ കോലിയുടെ സഹതാരമായിരുന്നു എബി. 2022ന് ശേഷം താരം ഐപിഎല്ലിൽ നിന്ന് പിന്മാറിയിരുന്നു. എന്നിട്ടും ഇതുവരെ ഐപിഎല്ലിൽ നിന്ന് താരം സ്വന്തമാക്കിയ പ്രതിഫലം 102 കോടി രൂപയാണ്.
