ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ( ഖത്തർ അമീർ )
ദോഹ: ഇന്ത്യന്‍ മുന്‍ നാവികരെ വിട്ടയച്ചതിലൂടെ വീണ്ടും മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുകയാണ് ഖത്തര്‍. വധശിക്ഷ ജീവപര്യമായി കുറച്ചിരുന്നു എങ്കിലും പിന്നീട് എട്ട് പേരെയും മോചിപ്പിക്കുകയായിരുന്നു. ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധത്തിന്റെ ആഴമായും ഈ സംഭവത്തെ വിലയിരുത്തുന്നവരുണ്ട്. ഈ വേളയില്‍ ഇന്ത്യന്‍ മാധ്യമങ്ങളില്‍ ഖത്തര്‍ അമീറിനെ കുറിച്ചുള്ള വാര്‍ത്തകളും നിരവധി. ആരാണ് ഖത്തര്‍ അമീര്‍?
ഖത്തറിന്റെ പരമോന്നത ഭരണാധികാരിയാണ് അമീര്‍. നിലവില്‍ ഭരണം നടത്തുന്ന ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ഖത്തറിന്റെ 11ാം അമീറാണ്. ഇതുവരെ ഖത്തര്‍ ഭരിച്ച എല്ലാവരും അല്‍ത്താനി കുടുംബാംഗങ്ങളാണ്. 2013ലാണ് ശൈഖ് തമീം ഖത്തറിന്റെ അമീറായത്. മൂത്ത സഹോദരന്‍ ശൈഖ് ജാസിം ഈ സ്ഥാനത്തേക്ക് എത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.

അറബ് രാജ്യത്തെ ജനകീയനായ നേതാക്കളില്‍ ഒരാളാണ് ഖത്തര്‍ അമീര്‍. ലോകത്തെ വിവിധ സംഭവങ്ങളില്‍ ഖത്തര്‍ ഭരണകൂടം സ്വീകരിക്കുന്ന നിലപാടാണ് അമീറിനെ ശ്രദ്ധേയനാക്കുന്നത്. മുന്‍ അമീര്‍ ഹമദ് ബിന്‍ ഖലീഫ അല്‍ത്താനിയുടെ നാലാമത്തെ മകനായ ശൈഖ് തമീം 1980 ജൂണ്‍ മൂന്നിനാണ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം ലണ്ടനിലെ പ്രശസ്തമായ ഹാരോ സ്‌കൂളിലായിരുന്നു.
ഇംഗ്ലണ്ടിലെ റോയല്‍ മിലിറ്ററി അക്കാദമിയില്‍ പഠിച്ച അദ്ദേഹം 1998ലാണ് ബിരുദം നേടിയത്. നാട്ടില്‍ തിരിച്ചെത്തിയ ശൈഖ് തമീം ഖത്തര്‍ സൈന്യത്തിന്റെ സെക്കന്റ് ലഫ്റ്റനന്റായി ചുമതലയേറ്റു. ലോകത്തെ സമ്പന്നരില്‍ ഒമ്പതാമനാണ് ശൈഖ് തമീം. അല്‍ത്താനി കുടുംബത്തിന് 33500 കോടി ഡോളറിന്റെ ആസ്തിയുണ്ട് എന്നാണ് കണക്കാക്കുന്നത്.
മൂന്ന് വിവാഹം ചെയ്തിട്ടുണ്ട് ഖത്തര്‍ അമീര്‍. 13 മക്കളുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2005, 2009, 2014 എന്നീ വര്‍ഷങ്ങളിലായിരുന്നു വിവാഹം. ദോഹയിലെ റോയല്‍ പാലസിലാണ് ശൈഖ് തമീമും കുടുംബവും താമസിക്കുന്നത്. 100ലധികം മുറികളുള്ള ഈ കൊട്ടാരത്തിന് 100 കോടി ഡോളര്‍ ചെലവ് വന്നിട്ടുണ്ട് എന്നാണ് കണക്ക്. ബാള്‍റൂമുകളും മറ്റു സൗകര്യങ്ങളും വേറെ.
ദോഹയിലെ റോയല്‍ കൊട്ടാരത്തില്‍ 500 കാറുകള്‍ ഒരേ സമയം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. കൊട്ടാരത്തിന്റെ ചില ഭാഗങ്ങള്‍ സ്വര്‍ണത്താല്‍ അലങ്കരിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകത്തെ ഏറ്റവും ആഡംബരമായ നൗക ഖത്തര്‍ അമീറിന്റെ ഉടമസ്ഥതയിലാണ്. ഇതിന്റെ ചെലവ് 330 കോടി രൂപയാണത്രെ. 124 മീറ്റര്‍ നീളമുള്ള നൗകയില്‍ ഹെലിപാഡുമുണ്ട്. 35 ഗസ്റ്റുകള്‍ക്കും 90 ജീവനക്കാര്‍ക്കും താമസിക്കാനുള്ള സൗകര്യവുമുണ്ട്.
സ്വന്തമായി വിമാന കമ്പനിയും ശൈഖ് തമീമിനുണ്ട്. ഖത്തര്‍ അമീരി എയര്‍ലൈന്‍ എന്നാണ് ഇതിന്റെ പേര്. 1977ല്‍ തുടങ്ങിയ ഈ കമ്പനിയില്‍ മൂന്ന് ബോയിങ് 747 ഉള്‍പ്പെടെ 14 വിമാനങ്ങളാണുള്ളത്. രാജകുടുംബത്തിന്റെ ആവശ്യങ്ങള്‍ക്ക് മാത്രമാണ് ഈ വിമാനങ്ങള്‍ സര്‍വീസ് നടത്തുക. നൂറുകണക്കിന് ആഡംബര കാറുകളുടെ ശേഖരവും ഖത്തര്‍ അമീറിനുണ്ട് എന്ന് ഡിഎന്‍എ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
