സോണിയ ഗാന്ധി |ഫോട്ടോ:PTI

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി ആസ്തി വെളിപ്പെടുത്തി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. ഇറ്റലിയില്‍ പിതാവിന്റെ സ്വത്തിലുള്ള 27 ലക്ഷത്തിന്റെ വിഹിതമടക്കമാണ് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

88 കിലോ വെള്ളിയും 158 പവനോളം സ്വര്‍ണവും സോണിയയുടെ 12.53 കോടിയുടെ ആസ്തിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഡല്‍ഹയിലെ ദേരാമണ്ഡിയില്‍ കൃഷി ഭൂമിയും സ്വന്തമായുണ്ട്.

എംപിയുടെ ശമ്പളം, റോയല്‍റ്റി വരുമാനം, മൂലധന നിക്ഷേപം എന്നിവയിലൂടെയാണ് വരുമാനമെന്നും അവര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. പണമായി 90,000 രൂപയാണ് കൈവശമുള്ളത്.

അഞ്ച് വര്‍ഷം മുമ്പുള്ളതിനേക്കാള്‍ സോണിയയുടെ ആസ്തിയില്‍ കാര്യമായ മാറ്റമില്ല. 2019-ല്‍ 11.82 കോടി രൂപയുടെ ആസ്തിയായിരുന്നു അവര്‍ വെളിപ്പെടുത്തിയിരുന്നത്.

1964-ല്‍ ഇംഗ്ലീഷിലും ഫ്രഞ്ചിലും മൂന്ന് വര്‍ഷത്തെ വിദേശ ഭാഷാ കോഴ്സ് സോണിയ ഗാന്ധി പൂര്‍ത്തിയാക്കിയിട്ടുണ്ട്.1965-ല്‍ കാംബ്രിഡ്ജിലെ ലെനോക്‌സ് കുക്ക് സ്‌കൂളില്‍ നിന്ന് ഇംഗ്ലീഷില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ചെയ്തു.

സ്വന്തമായി കാറോ സാമൂഹിക മാധ്യമ അക്കൗണ്ടുകളോ തനിക്കില്ലെന്നും സോണിയ സത്യവാങ്മൂലത്തില്‍ പറയുന്നു. നിലവില്‍ റായ്ബറേലിയിലെ എംപിയായ സോണിയ ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് അറിയിച്ചിരുന്നു. രാജസ്ഥാനില്‍ നിന്നാണ് അവര്‍ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്.