ഇഷൻ കിഷന്‍
ജംഷഡ്പുർ ∙ ഐപിഎലിനു മുൻപ് രഞ്ജി ട്രോഫി മത്സരം കളിക്കാനുള്ള ബിസിസിഐയുടെ നിർദേശം തള്ളി ഇഷൻ കിഷൻ. ഇന്നലെ ആരംഭിച്ച രഞ്ജി ട്രോഫി ഫൈനൽ റൗണ്ടിലും ഇഷൻ ജാർഖണ്ഡിനായി മത്സരത്തിനിറങ്ങിയില്ല. അടുത്തയാഴ്ച മുംബൈയിൽ നടക്കുന്ന ഡിവൈ പാട്ടീൽ ട്വന്റി20 ടൂർണമെന്റിലൂടെ മത്സരത്തിലേക്കു തിരിച്ചെത്താനാണ് ഇഷന്റെ തീരുമാനം.
ഇന്ത്യൻ ടീമിലേക്കു തിരിച്ചെത്താൻ രഞ്ജി ട്രോഫി കളിച്ച് ഫോം തെളിയിക്കണമെന്ന് ബിസിസിഐ അധികൃതർ നേരത്തേ ഇഷൻ കിഷനോട് ആവശ്യപ്പെട്ടിരുന്നു. ഇഷൻ് ഇതു ഗൗനിക്കാതെ വന്നതോടെ രഞ്ജി ട്രോഫി കളിക്കുന്നവരെ മാത്രമേ ഐപിഎലിലേക്കു പരിഗണിക്കൂവെന്നും ബിസിസിഐ പ്രസ്താവനയിറക്കി.
എന്നാൽ ബാറ്റിങ് ടെക്നിക്കുകൾ മെച്ചപ്പെടുത്തുന്നതിനുള്ള പരിശീലനത്തിലാണെന്നും ഇതിനിടയിൽ രഞ്ജിയിൽ കളിക്കാൻ ഒരുക്കമല്ലെന്നുമാണ് ഇഷന്റെ നിലപാട്. ഐപിഎല്ലിന്റെ തയാറെടുപ്പിലുള്ള ഇഷാന് ഡിവൈ പാട്ടീൽ ട്വന്റി20 ടൂർണമെന്റിലെ പ്രകടനം ഉപകാരമാകും.
