മധുസൂദനനും പത്മിനിയും നായക്കുട്ടി സുന്ദരിക്കൊപ്പം. മകൻ സേതുവിന്റെ ചിത്രങ്ങളും കാണാം

കണ്ണൂർ: “ഉണ്ണി ബാക്കിവെച്ചുപോയ സ്വപ്നങ്ങളുണ്ട്. അതിനുവേണ്ടിയാണ് ജീവിക്കുന്നത്. ഇവളും അതിന്റെ ഭാഗമാണ്” -ചെറുസ്വരത്തിൽ മുരളുന്ന നായക്കുഞ്ഞിനെ കൈയിലെടുത്ത് പത്മിനി പറഞ്ഞു.

കൺമുന്നിലെ വാഹനാപകടത്തിൽ ഏകമകൻ സേതു എന്ന ഉണ്ണിയെ നഷ്ടപ്പെട്ട മധുസൂദനനും പത്മിനിക്കും അതേയിടത്തുനിന്നാണ് പാതിജീവനറ്റ നായക്കുഞ്ഞിനെ കിട്ടിയത്.

ഏതോ വണ്ടിക്കടിയിൽപ്പെട്ട് ഇടുപ്പെല്ലും ഇടതുകൈയും ഇടതുകാലിന്റെ തുടയെല്ലും ഒടിഞ്ഞ് എല്ലുകൾ പുറത്തേക്ക് തള്ളിയനിലയിലായിരുന്നു. അതിനെ അവർ മരണത്തിന് കൊടുത്തില്ല. മൂന്നാഴ്ചയ്ക്കിപ്പുറം ആ നായക്കുഞ്ഞ് ആരോഗ്യവതിയായി ഇരിട്ടി മാടത്തിൽ കൊങ്ങോടൻ വീട്ടിലുണ്ട്, ‘സുന്ദരി’ എന്ന പേരിൽ. ജനുവരി 25-നാണ് നായക്കുഞ്ഞിനെ റോഡരികിൽ ചോരയിൽക്കുളിച്ച നിലയിൽ കണ്ടത്. ഉടനെ പൊതിഞ്ഞെടുത്ത് ആദ്യം ഇരിട്ടിയിലും പിന്നീട് കണ്ണൂരിലും ആശുപത്രികൾ കയറിയിറങ്ങി. ഗുരുതരമുറിവുകളായതിനാൽ പ്രതീക്ഷയില്ലായിരുന്നു. എങ്കിലും ചീഫ് വെറ്ററിനറി ഓഫീസർ (റിട്ട.) ഡോ. ടി.വി. ജയമോഹനന്റെ കണ്ണൂരിലെ ക്ലിനിക്കിൽ ശസ്ത്രക്രിയ നടത്തി.

ഇരിട്ടി തന്തോട് ബൈക്ക് ഷോപ്പ് നടത്തുകയാണ് മധുസൂദനൻ. തലശ്ശേരിയിൽ ജലസേചനവകുപ്പിൽ ജൂനിയർ സൂപ്രണ്ടാണ് പത്മിനി. 2018-ൽ 26-ാം വയസ്സിലാണ് സേതു വാഹനാപകടത്തിൽ മരിച്ചത്.

‘എം 80 മൂസ’ എന്ന മലയാളം സീരിയലിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. ‘‘കൺമുന്നിൽനിന്നായിട്ടും ഞങ്ങളുടെ കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. ആശുപത്രിയിലെത്തുംമുമ്പ് അവൻ പോയിരുന്നു. അവിടെനിന്നാണ് ഇവളെ കിട്ടിയത്‌. സ്റ്റിച്ചൊക്കെ എടുത്തു. ഇടതുകാലിലെ കെട്ടുകൂടിയേ അഴിക്കാനുള്ളൂ. പതിയെ നടക്കും. അവൾക്ക് കൂടുപണിയുന്ന തിരക്കിലാണ്”-സുന്ദരിയെ ചേർത്തുപിടിച്ച് ഇരുവരും പറയുന്നു.