ഇന്ത്യൻ താരങ്ങൾ മത്സരത്തിനിടെ. Photo: PunitPARANJPE/AFP

രാജ്കോട്ട്∙ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസം ഇന്ത്യന്‍ താരങ്ങള്‍ കളിക്കാനിറങ്ങിയത് കറുത്ത നിറത്തിലുള്ള ആം ബാൻഡുകൾ ധരിച്ചായിരുന്നു. കഴിഞ്ഞ ദിവസം അന്തരിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റൻ ദത്താജി റാവു ഗെയ്ക്‌വാദിനുള്ള ഓർമയായിട്ടാണ് ഇന്ത്യൻ താരളെല്ലാം കയ്യിൽ ആം ബാന്‍ഡും ധരിച്ച് സ്റ്റേഡിയത്തിലെത്തിയത്. ഇതു സംബന്ധിച്ച് ബിസിസിഐ പ്രസ്താവനയും പുറത്തിറക്കി.

അതേസമയം മത്സരത്തിന്റെ മൂന്നാം ദിവസം മാത്രം താരങ്ങൾ കറുത്ത ആം ബാൻഡ് ധരിച്ചത് ശരിയായില്ലെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ പ്രതികരിച്ചു. മത്സരത്തിന്റെ ആദ്യ ദിവസം മുതൽ തന്നെ ഇന്ത്യന്‍ താരങ്ങൾ ഇങ്ങനെ ചെയ്യണമായിരുന്നെന്നാണ് സുനിൽ ഗാവസ്കറിന്റെ നിലപാട്. ഇന്ത്യയിലെ ഏറ്റവും പ്രായംകൂടിയ ടെസ്റ്റ് ക്രിക്കറ്റർ എന്ന ബഹുമതിക്ക് ഉടമയായിരുന്ന ദത്താജിറാവു ഗെയ്ക്‌വാദ് 95–ാം വയസ്സിലാണ് അന്തരിച്ചത്. മുൻ ഇന്ത്യൻ ഓപ്പണറും പരിശീലകനുമായ അൻഷുമാൻ ഗെയ്ക്‌വാദിന്റെ പിതാവാണ്.

1952–61 കാലത്ത് ഇന്ത്യയ്ക്കായി 11 ടെസ്റ്റുകൾ കളിച്ച അദ്ദേഹം 1959ലെ ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യയുടെ ക്യാപ്റ്റനുമായിരുന്നു. വലംകൈ ബാറ്ററായിരുന്ന ദത്താജിറാവു 1952ൽ ലീഡ്സിൽ ഇംഗ്ലണ്ടിനെതിരെയാണ് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയത്. 1961ൽ ചെന്നൈയിൽ പാക്കിസ്ഥാനെതിരെയായിരുന്നു അവസാന രാജ്യാന്തര മത്സരം.

2016ൽ 87–ാം വയസ്സിൽ മുൻ ബാറ്റർ ദീപക് ശോധാൻ അന്തരിച്ചതോടെയാണ് ദത്താജിറാവു ഗെയ്ക്‌വാദ് ഇന്ത്യയിലെ ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ ടെസ്റ്റ് ക്രിക്കറ്റർ എന്ന ബഹുമതിക്ക് അർഹനായത്. രഞ്ജി ട്രോഫിയിൽ 1947 മുതൽ 61 വരെ ബറോഡയ്ക്കായി കളിച്ച അദ്ദേഹം 47.56 ശരാശരിയിൽ 3139 റൺസ് നേടി. ഇതിൽ 14 സെ‍ഞ്ചറികളുമുണ്ട്.