ഡ്യുക്കാട്ടി സൂപ്പർലെഗ്ഗെര വി4

ബൈക്കുകൾ എപ്പോഴും യാത്രകൾക്ക് ഏറ്റവും അനുയോജ്യമായ വാഹനങ്ങളാണ്. പ്രത്യേകിച്ച് ഒറ്റയ്ക്കുള്ള യാത്രയിൽ കാറുകൾക്ക് പകരം ബൈക്ക് ഉപയോഗിക്കുന്നവരാകും നമ്മളിൽ അധികം പേരും. ഇന്ത്യൻ വിപണിയിൽ കുറഞ്ഞ വിലയുള്ള അടിസ്ഥാന മോഡലുകൾ മുതൽ ഏറ്റവും മുന്തിയ ആഡംബര ബൈക്കുകൾ വരെ വലിയ ശ്രേണി തന്നെ ഉപഭോക്താക്കൾക്ക് മുൻപിൽ ഒരുക്കി വച്ചിട്ടുണ്ട്.

ഒരു സാധാരണക്കാരനെ സംബന്ധിച്ച് ഏറ്റവും അനുയോജ്യമായ ബൈക്ക് ഏകദേശം രണ്ട് ലക്ഷത്തിൽ താഴെ ഓൺറോഡ് വില വരുന്നതായിരിക്കും. എന്നാൽ ആഡംബര ആഗ്രഹിക്കുന്ന ഒരാൾ വാങ്ങുന്ന ബൈക്കോ. അതിന് അവർക്ക് വില ഒരിക്കലും തടസമാവില്ല. അത്തരത്തിൽ ഇന്ത്യൻ വിപണിയിൽ ആഡംബരത്തിന്റെ അവസാന വാക്കായി തലയുയർത്തി നിൽക്കുന്ന വില കൂടിയ അഞ്ച് ബൈക്കുകൾ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

ഡ്യുക്കാട്ടി സൂപ്പർലെഗ്ഗെര വി4

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ ബൈക്കുകളിൽ ഒന്നാണ് ഡ്യുക്കാട്ടിയുടെ ഈ ആഡംബര ഇരുചക്ര വാഹനം. പ്രകടനത്തിന്റെയും സാങ്കേതികവിദ്യയുടെയും പരിധികൾ മറികടക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു ലിമിറ്റഡ് എഡിഷൻ ബൈക്കാണിത്. ഇതിന്റെ വില ഏകദേശം 1.12 കോടി രൂപയോളം വരും. മണിക്കൂറിൽ 300 കിലോമീറ്ററിലധികം വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ഇതിന് 234 എച്ച്‌പി വി4 എഞ്ചിനാണുള്ളത്.

കവാസാക്കി നിഞ്ച

എച്ച്2ആർ ആഡംബരത്തിന്റെ പര്യായമായ കവാസാക്കിയുടെ പ്രീമിയം എഡിഷൻ ബൈക്കാണത്. മണിക്കൂറിൽ പരമാവധി 350 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഉയർന്ന വേഗതയുള്ള നിഞ്ച എച്ച്2ആർ ഒരു ഐക്കോണിക് മോഡലാണ്. ഇതിന്റെ വില ഏകദേശം 80 ലക്ഷം രൂപയോളം വരുമെന്നതാണ് കണക്കുകൾ നൽകുന്ന സൂചന.

ഡ്യുക്കാട്ടി സ്ട്രീറ്റ് ഫൈറ്റർ വി4 ലംബോർഗിനി

രണ്ട് ഐക്കോണിക് ഇറ്റാലിയൻ ബ്രാൻഡുകളുടെ ആത്യന്തിക സംയോജനമാണ് ഡ്യുക്കാട്ടി സ്ട്രീറ്റ് ഫൈറ്റർ വി4 ലംബോർഗിനി. അത്രയ്ക്കും അവിശ്വനീയമായ ഡിസൈനാണ് ഈ വാഹനത്തെ വേറിട്ട് നിർത്തുന്നത്. കൂടാതെ ഇന്ത്യയിലെ ഏറ്റവും വിലയേറിയ ബൈക്കുകളിൽ ഒന്നെന്ന ഖ്യാതിയും ഈ വാഹനം പേറുന്നുണ്ട്. ഏകദേശം 72 ലക്ഷം മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്.

ഡ്യുക്കാട്ടി പാനിഗാലെ വി4 ആർ

ലോകമെമ്പാടുമുള്ള മോട്ടോർസൈക്കിൾ പ്രേമികളുടെ ഹൃദയം കവർന്ന മോഡലാണ് ഡ്യുക്കാട്ടി പാനിഗാലെ വി4 ആർ. അതിമനോഹരമായ രൂപകൽപനയും ശക്തമായ പ്രകടനവും വാഗ്‌ദാനം ചെയ്യുന്ന ഈ ബൈക്ക് റൈഡർമാർക്കിടയിൽ വളരെ ജനപ്രിയമാണ്. ഇന്ത്യൻ വിപണിയിൽ ഇതിന്റെ ഏകദേശ വില 70 ലക്ഷം മുതലാണ് ആരംഭിക്കുന്നത്.

ഹോണ്ട ഗോൾഡ് വിംഗ്

പതിറ്റാണ്ടുകളായി റൈഡർമാരുടെ ഹൃദയം കവർന്ന ഒരു ഇതിഹാസ ക്രൂയിസറാണ് ഹോണ്ട ഗോൾഡ് വിംഗ്. അതിമനോഹരമായ രൂപകൽപനയും കരുത്തുറ്റ എഞ്ചിനും ആഡംബരപൂർണമായ സവിശേഷതകളും ഉള്ളതിനാൽ ഗോൾഡ് വിംഗിന് ലോകമെമ്പാടും വലിയ ആരാധകരുള്ളതിൽ ഒട്ടും അതിശയിക്കാനില്ല. നിലവിൽ 40 ലക്ഷം രൂപ മുതൽ ഈ വാഹനം ഇന്ത്യയിൽ വിൽക്കുന്നുണ്ട്.