വീണ വിജയൻ
ബെംഗളൂരു∙ എക്‌സാലോജിക്കിനെതിരെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ) നടത്തുന്ന അന്വേഷണം നിയമപരമാണെന്ന് കര്‍ണാടക ഹൈക്കോടതി. 46 പേജുള്ള വിധിപ്രസ്താവത്തിലാണു ജസ്റ്റിസ് എം.നാഗപ്രസന്ന ഇക്കാര്യം വ്യക്തമാക്കിയത്. വസ്തുതകൾ കണ്ടെത്താൻ എസ്എഫ്ഐഒ അന്വേഷണം ആവശ്യമാണെന്നും വ്യക്തമാക്കിയ കോടതി എസ്എഫ്‌ഐഒയ്ക്ക് നിയമപരമായ ഒരു തടസവും അന്വേഷണത്തിന് ഇല്ലെന്നും വിധി പ്രസ്താവത്തിൽ പറയുന്നു. അന്വേഷണം തടസപ്പെടുത്താനോ റദ്ദാക്കാനോ കഴിയില്ല. വ്യക്തമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം അന്വേഷണം എസ്എഫ്‌ഐഒയെ ഏല്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ ഒരു തെറ്റുമില്ല. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ സമ്പദ്‌രംഗത്തിന് ഭീഷണിയാണെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കമ്പനി ഡയറക്ടറും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ ടി.വീണ നല്‍കിയ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി ഇന്നലെ പുറപ്പെടുവിച്ച വിധിയുടെ വിശദാംശങ്ങള്‍ ഇന്നാണു പുറത്തുവന്നത്. ജനുവരി 31നു അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യമാണ് ജസ്റ്റിസ് എം.നാഗപ്രസന്ന നിരസിച്ചത്. അന്വേഷണം സ്വാഭാവിക നീതിയുടെ നിഷേധമാണെന്ന വാദവും കോടതി അംഗീകരിച്ചില്ല. കമ്പനികാര്യ നിയമപ്രകാരം റജിസ്ട്രാര്‍ ഓഫ് കമ്പനീസ് (ആര്‍ഒസി) നടത്തുന്ന അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും ഇതേ നിയമത്തിന്റെ മറ്റൊരു വകുപ്പു ചുമത്തി എസ്എഫ്‌ഐഒ സമാന്തരമായി അന്വേഷിക്കുന്നത് തടയണമെന്നുമാണ് എക്‌സാലോജിക് വാദിച്ചത്. ഗുരുതര കുറ്റകൃത്യമല്ലെങ്കിലും കമ്പനികാര്യ നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് (212) ചുമത്തിയാണ് അന്വേഷിക്കുന്നതെന്നും യുഎപിഎയ്ക്ക് തുല്യമായ വകുപ്പു ചുമത്താനാകില്ലെന്നും കമ്പനി വാദിച്ചു.
എന്നാല്‍, സിഎംആര്‍എല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 135 കോടി രൂപ നല്‍കിയതുമായി ബന്ധപ്പെട്ട ഗുരുതര സാമ്പത്തിക ക്രമക്കേടിനെക്കുറിച്ചാണ് അന്വേഷണമെന്നാണ് എസ്എഫ്‌ഐഒ വാദിച്ചത്. ഒരു സേവനവും നല്‍കാതെ സിഎംആര്‍എലില്‍ നിന്നു 1.72 കോടി രൂപ എക്‌സാലോജിക് കൈപ്പറ്റിയതിനു തെളിവുണ്ടെന്നും ചൂണ്ടിക്കാട്ടി. റജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍നിന്നു ലഭിച്ച ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഏറ്റെടുത്തത്. മറ്റ് ഏജന്‍സികളുടെ അന്വേഷണം സ്വാഭാവികമായും മരവിച്ചു. അധികാര ദുര്‍വിനിയോഗം നടന്നിട്ടുണ്ടോ എന്നു പരിശോധിക്കാന്‍ വിപുലമായ അധികാരങ്ങളുള്ള ഏജന്‍സിക്ക് കഴിയുമെന്നും കേന്ദ്രസര്‍ക്കാര്‍ വാദിച്ചു.
കേസ് ഇങ്ങനെ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയുടെ കമ്പനിയായ എക്‌സാലോജിക്, കൊച്ചിയിലെ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍, സിഎംആര്‍എലില്‍ ഓഹരിപങ്കാളിത്തമുള്ള സംസ്ഥാന പൊതുമേഖല സ്ഥാപനമായ കെഎസ്‌ഐഡിസി എന്നിവയ്‌ക്കെതിരെയാണ് എസ്എഫ്‌ഐഒ അന്വേഷണം. ഒരു സേവനവും നല്‍കാത്ത എക്‌സാലോജിക്കിനു സിഎംആര്‍എല്‍ വന്‍ തുക കൈമാറിയെന്ന് കേന്ദ്ര ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയിരുന്നു. സിഎംആര്‍എല്ലും എക്‌സാലോജിക്കും തമ്മില്‍ നടത്തിയ പണമിടപാട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെയും അഴിമതി നിരോധന നിയമത്തിന്റെയും പരിധിയില്‍ വരുന്ന കുറ്റകൃത്യമാണെന്നാണു റജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ (ആര്‍ഒസി) കണ്ടെത്തല്‍.
