യശസ്വി ജയ്സ്വാൾ ബാറ്റിങ്ങിനിടെ. Photo: PUNITPARANJPE/AFP

രാജ്കോട്ട്∙ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ താരം യശസ്വി ജയ്സ്വാളിന് സെഞ്ചറി. 121 പന്തുകളിൽ നിന്നാണ് ജയ്സ്വാൾ 100 പിന്നിട്ടത്. താരത്തിന്റെ കരിയറിലെ മൂന്നാമത്തെ ടെസ്റ്റ് സെഞ്ചറിയാണിത്. വിശാഖപട്ടണം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ജയ്സ്വാൾ ഡബിൾ സെഞ്ചറി (209) നേടിയിരുന്നു.

ഒരു വിക്കറ്റ് നഷ്ടത്തിൽ 158 റൺസെന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടരുന്നത്. ജയ്സ്വാളും (122 പന്തിൽ 100), ശുഭ്മന്‍ ഗില്ലുമാണു (84 പന്തിൽ 34) ക്രീസിൽ. ക്യാപ്റ്റൻ രോഹിത് ശർമ 28 പന്തിൽ 19 റണ്‍സെടുത്തു പുറത്തായി. ജോ റൂട്ടിന്റെ പന്തിൽ താരം എൽബിഡബ്ല്യു ആകുകയായിരുന്നു. ജോ റൂട്ടിന്റെ പന്തിൽ താരം എൽബിഡബ്ല്യു ആകുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 126 റൺസിന്റെ ലീ‍ഡെടുത്തിരുന്നു. ഇംഗ്ലണ്ട് 319 റൺസിന് ഓൾഔട്ടായി.

151 പന്തിൽ 153 റൺസെടുത്ത ഓപ്പണർ ബെൻ ഡക്കറ്റാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് (89 പന്തിൽ 41), ഒലി പോപ് (55 പന്തിൽ 39), ജോ റൂട്ട് (31 പന്തിൽ 18) എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റു പ്രധാന സ്കോറർമാർ. സെഞ്ചറിയുമായി ബാറ്റിങ് തുടരുകയായിരുന്ന ബെൻ ഡക്കറ്റിന്റെ പുറത്താകലും മധ്യനിരയും വാലറ്റവും വലിയ പോരാട്ടമില്ലാതെ കീഴടങ്ങിയതുമാണ് മൂന്നാം ദിനം ഇംഗ്ലണ്ടിന് തിരിച്ചടിയായത്.

ഇന്ത്യയ്ക്കായി പേസർ മുഹമ്മദ് സിറാജ് നാലു വിക്കറ്റുകൾ വീഴ്ത്തി. കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർ രണ്ടു വിക്കറ്റുകൾ വീതവും സ്വന്തമാക്കി. ജസ്പ്രീത് ബുമ്രയ്ക്കും അശ്വിനും ഓരോ വിക്കറ്റുണ്ട്. രണ്ടാം ദിനം കളി നിർത്തുമ്പോൾ 2ന് 207 എന്ന ശക്തമായ നിലയിലായിരുന്നു സന്ദർശകർ. എന്നാൽ മൂന്നാം ദിവസം ലഞ്ചിനു ശേഷം കളി തുടങ്ങിയതിനു പിന്നാലെ ഇംഗ്ലണ്ട് ഓൾ ഔട്ടാകുകയായിരുന്നു.

വീഴാതെ ഇന്ത്യ

5ന് 326 എന്ന നിലയിൽ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യയ്ക്ക് വൈകാതെ കുൽദീപ് യാദവിനെയും (4) രവീന്ദ്ര ജഡേജയെയും (112) നഷ്ടമായി. അരങ്ങേറ്റക്കാരൻ ധ്രുവ് ജുറലും (46) ആർ.അശ്വിനും (37) ചേർന്ന് 8–ാം വിക്കറ്റിൽ നേടിയ 77 റൺസാണ് ഇന്ത്യൻ സ്കോർ 400 കടത്തിയത്. രെഹാൻ അഹമ്മദിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ബെൻ ഫോക്സിന് ക്യാച്ച് നൽകിയാണ് ജുറൽ പുറത്തായത്. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ജസ്പ്രീത് ബുമ്ര (26) ഇന്ത്യൻ ടോട്ടൽ 445ൽ എത്തിച്ചു. 4 വിക്കറ്റ് വീഴ്ത്തിയ മാർക് വുഡാണ് ഇംഗ്ലണ്ട് നിരയിൽ തിളങ്ങിയത്.