ആർ. അശ്വിൻ

രാജ്കോട്ട്∙ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനിടെ സ്പിന്നർ ആർ. അശ്വിന്‍ ടീം വിടാനുള്ള കാരണം പുറത്ത്. വെള്ളിയാഴ്ചയാണ് അശ്വിൻ ടീം ക്യാംപ് വിട്ടു നാട്ടിലേക്കു മടങ്ങിയത്. അസുഖബാധിതയായ അമ്മയ്ക്കൊപ്പം നിൽക്കാനാണ് അശ്വിന്‍ ചെന്നൈയിലേക്കു പോയതെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല വെളിപ്പെടുത്തി. അശ്വിന്റെ അമ്മ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും രാജീവ് ശുക്ല എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

മെഡിക്കൽ എമർജന്‍സി ഉണ്ടായതിനാലാണ് അശ്വിൻ ചെന്നൈയിലേക്കു പോയതെന്ന് ബിസിസിഐ നേരത്തേ വ്യക്തമാക്കിയിരുന്നു. ‘‘വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് അശ്വിനും കുടുംബത്തിനുമുള്ള എല്ലാ പിന്തുണയും അറിയിക്കുന്നു. അശ്വിനെ പിന്തുണച്ച ആരാധകരോടും മാധ്യമങ്ങളോടും നന്ദിയുണ്ട്.’’– ബിസിസിഐ സെക്രട്ടറി ജയ് ഷാ പ്രതികരിച്ചു.

അശ്വിൻ പോയെങ്കിലും നിലവിലെ ടീമില്‍ പുതിയ താരം വരില്ല. 10 പേരുമായി ഇന്ത്യ മത്സരം പൂർത്തിയാക്കും. നാല് സ്പെഷലിസ്റ്റ് ബോളർമാരാണു നിലവിൽ ടീമിലുള്ളത്. റാഞ്ചിയിലും ധരംശാലയിലും നടക്കുന്ന രണ്ടു ടെസ്റ്റുകളിലും അശ്വിൻ കളിച്ചേക്കില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.