വി.ജോയി
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ചിത്രം തെളിയുന്നു. ഇടത് സ്ഥാനാര്‍ഥിയായി സിപിഎം ജില്ലാ സെക്രട്ടറിയും വര്‍ക്കല എംഎല്‍എയുമായ വി. ജോയി വന്നേക്കും.
സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടേറിയേറ്റില്‍ നടന്ന ചര്‍ച്ചകളില്‍ ജോയിയുടെ പേരാണ് ഉയര്‍ന്നത്. മറ്റുപേരുകളൊന്നും ഉയര്‍ന്നില്ല.
കഴിഞ്ഞ തവണ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ഥി എ. സമ്പത്തായിരുന്നു. ഇടത് സിറ്റിങ് മണ്ഡലമായിരുന്ന ആറ്റിങ്ങല്‍ അടുര്‍ പ്രകാശിനെ ഇറക്കി കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥിയായി അടൂര്‍ പ്രകാശ് ഇത്തവണയും തുടര്‍ന്നേക്കും.
കേന്ദ്രമന്ത്രി വി. മുരളീധരന്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. അദ്ദേഹം ഇതിനോടകം തന്നെ മണ്ഡലത്തില്‍ പ്രചാരണപ്രവര്‍ത്തനങ്ങളിലേക്കും കടന്നിട്ടുണ്ട്.
ജോയി നിലവില്‍ എംഎല്‍എ ആയിരിക്കുന്ന വര്‍ക്കല നിയോജക മണ്ഡലം ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്നതാണ്. ആറ്റിങ്ങല്‍ മണ്ഡലത്തിലുള്ള ഏഴ് നിയമസഭാ സീറ്റുകളിലും ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ആണ് ജയിച്ചത്. മണ്ഡലത്തിലെ ഈ മുന്‍തൂക്കം എല്‍ഡിഎഫിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്.
2009,2014 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി സമ്പത്ത് വിജയിച്ച മണ്ഡലം 2019-ല്‍ അടൂര്‍ പ്രകാശിലൂടെ യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. മണ്ഡലത്തില്‍ കാലേക്കൂട്ടി പ്രവര്‍ത്തനം കേന്ദ്രമന്ത്രി മുരളീധരന്‍ തുടങ്ങുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ശക്തമായ ത്രികോണ മത്സരത്തിനാണ് മണ്ഡലം വേദിയാകാനൊരുങ്ങുന്നത്.
