Representative Image| Photo: Canva.com
വൈകിയുള്ള രോഗസ്ഥിരീകരണവും ചികിത്സാരംഗത്തെ പരിമിതികളുമൊക്കെയാണ് കാൻസർ ചികിത്സാരംഗം നേരിടുന്ന പ്രധാനവെല്ലുവിളികൾ. അപ്പോഴും നേരത്തേ കണ്ടെത്തിയാൽ മറ്റുരോഗങ്ങളേപ്പോലെ കാൻസറിനേയും ചികിത്സിച്ചു ഭേദമാക്കാവുന്നതാണെന്ന് വൈദ്യശാസ്ത്രം തെളിയിക്കുന്നുണ്ട്. അക്കൂട്ടത്തിലേക്കിതാ പുതിയൊരു അനുഭവംകൂടി. അത്യപൂർവവും ഗുരുതരവുമായ ബ്രെയിൻ കാൻസർ ബാധിച്ച പതിമൂന്നുകാരൻ രോഗമുക്തനായ വാർത്തയാണത്.
ബെൽജിയത്തിൽ നിന്നുള്ള ലൂകസ് എന്ന ആൺകുട്ടിയാണ് ഡി.ഐ.പി.ജി.(diffuse intrinsic pontine glioma) എന്ന അപൂർവയിനം മസ്തിഷ്കാർബുദത്തിൽ നിന്ന് രോഗമുക്തനായത്. ഏഴുവർഷത്തോളമായി അർബുദവുമായുള്ള പോരാട്ടത്തിലായിരുന്നു ലൂകസ്. രോഗത്തിന്റെ ഗുരുതരസ്വഭാവവും ചികിത്സാമേഖലയിലെ പരിമിതികളുമാണ് ഡി.ഐ.പി.ജി.യുടെ പ്രധാനവെല്ലുവിളി. ഫ്രാൻസിൽ വച്ചുനടന്ന BIOMEDE ട്രയലിൽ പങ്കെടുത്തതാണ് ലൂകസിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ഡി.ഐ.പി.ജി-ക്കുള്ള പുതിയ മരുന്നുകളുടെ പരീക്ഷണത്തിന്റെ ഭാഗമാവുകയായിരുന്നു ലൂകസും. തുടർന്ന് എവെറോലിമസ്(Everolimus) എന്ന മരുന്നിനോട് ലൂകസിന്റെ ശരീരം അനുകൂലമായി പ്രതികരിക്കുകയും മാറ്റങ്ങൾ കണ്ടെത്തുകയുമായിരുന്നു. തുടർന്നു നടത്തിയ പരിശോധനകളിലാണ് അർബുദം ഭേദമായതായി കണ്ടെത്തിയത്. ലോകത്താദ്യമായി ഈ രോഗത്തെ അതിജീവിക്കുന്ന കുട്ടിയെന്ന നേട്ടവും ഇതോടെ ലൂകസിനെ തേടിയെത്തി.
ലൂകസിന്റേത് അത്യപൂർവമായ കേസാണെന്ന് മരുന്നുപരീക്ഷണത്തിൽ നേതൃത്വം നൽകിയ ഡോ. ജാക്വിസ് ഗ്രിൽ പറഞ്ഞു. പത്തുശതമാനം കുട്ടികൾമാത്രമേ രോഗസ്ഥിരീകരണത്തിനുശേഷം രണ്ടുവർഷത്തിനപ്പുറം അതിജീവിക്കുകയുള്ളൂ എന്നാണ് പഠനങ്ങൾ പറയുന്നത്. നിലവിൽ റേഡിയോതെറാപ്പിയിലൂടെ ട്യൂമറിന്റെ വളർച്ചയുടെ ആക്കംകുറയ്ക്കാമെങ്കിലും രോഗമുക്തി നൽകുന്ന മരുന്ന് ഇതുവരെ കണ്ടെത്തിയിരുന്നില്ല.
ലൂകസിൽ ട്യൂമറിന്റെ സാന്നിധ്യം പൂർണമായും ഇല്ലാതായതായി പിന്നീട് നടത്തിയ പരിശോധനകളിൽ വ്യക്തമായതായി ഡോ.ജാക്വിസ് പറഞ്ഞു. നേരത്തേ മരുന്നുപരീക്ഷണത്തിന് വിധേയരായ ഏഴുകുട്ടികൾ വർഷങ്ങളോളം അതിജീവിക്കുകയും ചെയ്തിരുന്നു. പക്ഷേ ട്യൂമർ പൂർണമായും ഭേദമാകുന്നതായി കണ്ടെത്തുന്നത് ഇതാദ്യമാണ്.
ഓരോ കുട്ടികളിലുമുള്ള ട്യൂമറിന്റെ ശാസ്ത്രീയ സ്വഭാവം കൊണ്ടാവാം മരുന്നുപരീക്ഷണം വ്യത്യസ്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ലൂകസിനുണ്ടായിരുന്നത് അപൂർവമായ ജനിതകവ്യതിയാനമുള്ള തരം അർബുദമായിരുന്നു, അത് ട്യൂമർകോശങ്ങളെ മരുന്നുകളോട് പെട്ടെന്നു പ്രതികരിക്കാൻ തക്കവണ്ണമുള്ളതായിരുന്നുവെന്നും ഡോ. ജാക്വിസ് പറഞ്ഞു.
ഇന്ത്യയിൽ വികസിപ്പിച്ച പ്രത്യേകതരം ചികിത്സാരീതി രോഗമുക്തി നൽകുന്നതായി കഴിഞ്ഞയാഴ്ച്ച വാർത്തകൾ വന്നിരുന്നു. മാസങ്ങൾക്ക് മുമ്പ് ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്ററായ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ അംഗീകരിച്ച CAR-T സെൽ തെറാപ്പി സ്വീകരിച്ച അറുപത്തിനാലുകാരനും ഒമ്പതുകാരിയുമാണ് കാൻസർമുക്തരായത്.
