അജിത് പവാർ സുനേത്ര പവാറിനും സുപ്രിയ സുലെയ്ക്കുമൊപ്പം | ഫോട്ടോ:PTI

മുംബൈ: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുക ബാരാമതിയിലായിരിക്കുമെന്ന് സൂചന. ശരദ് പവാറിന്റെ ശക്തികേന്ദ്രമായ മണ്ഡലത്തില്‍ കുടുംബാംഗങ്ങള്‍ തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടം നടന്നേക്കും.

ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെയാണ് ബാരാമതിയിലെ നിലവിലെ എംപി. ഇവിടെ തന്റെ ഭാര്യ സുനേത്ര പവാറിനെ മത്സരത്തിനിറക്കുമെന്ന് കഴിഞ്ഞ ദിവസം അജിത് പവാര്‍ സൂചന നല്‍കി. ഇതുവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ആളാണ് ഇവിടെ സ്ഥാനാര്‍ഥിയാകുകയെന്നും എല്ലാവരുടേയും പിന്തുണ വേണമെന്നും അജിത് പവാര്‍ പറയുകയുണ്ടായി.

2009 മുതല്‍ സുപ്രിയ സുലെ വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ച് വരുന്ന മണ്ഡലമാണിത്. അതിന് മുമ്പ് ദീര്‍ഘകാലം ശരദ്പവാര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. കുറച്ച് കാലം അജിത് പവാറും ബാരാമതിയില്‍ എംപിയായിരുന്നിട്ടുണ്ട്.

അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ ഇതിനോടകം തന്നെ മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. വെള്ളിയാഴ്ച അജിത് പവാറിന്റെ പ്രസ്താവന കൂടി വന്നതോടെ അവര്‍ മണ്ഡലത്തില്‍ എന്‍സിപി സ്ഥാനാര്‍ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായി. എന്‍സിപി ഔദ്യോഗിക പക്ഷമായി അജിത് പവാര്‍ പക്ഷത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചതോടെ സുപ്രിയ സുലെയ്ക്ക് ഇതുവരെ മത്സരിച്ച പാര്‍ട്ടി ചിഹ്നവും നഷ്ടമാകും.

‘മഹാരാഷ്ട്ര സംസ്ഥാനം രൂപവത്കരിച്ച് തിരഞ്ഞെടുപ്പ് ആരംഭിച്ചതിന് ശേഷം ഇന്നുവരെ, ബാരാമതിയില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച പണം തിരിച്ച് ലഭിച്ചിട്ടില്ല. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. ആളുകള്‍ നിങ്ങളുടെ അടുത്ത് വന്ന് വൈകാരിക വിഷയങ്ങളില്‍ വോട്ട് ചോദിക്കും, പക്ഷേ വൈകാരികമായ അടിസ്ഥാനത്തില്‍ വോട്ട് ചെയ്യണോ അതോ വികസന പ്രവര്‍ത്തനങ്ങള്‍ തുടരണമോ, നിങ്ങളുടെ ഭാവി തലമുറയുടെ ക്ഷേമത്തിന് വേണ്ടി വോട്ട് ചെയ്യണോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്’ അജിത് പവാര്‍ പറഞ്ഞു.

ഇതിനിടെ എന്‍.സി.പി.യുടെ അംഗീകാരവും ചിഹ്നവുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് ചോദ്യംചെയ്ത് ശരദ് പവാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഉടന്‍ പരിഗണിച്ചേക്കും.

വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് ശരദ് പവാറിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി ആവശ്യപ്പെടുകയായിരുന്നു. വേഗം പരിഗണിക്കുന്നത് പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

അജിത് പവാര്‍ നയിക്കുന്ന വിഭാഗമാണ് യഥാര്‍ഥ എന്‍.സി.പി.യെന്നും പാര്‍ട്ടിയുടെ ചിഹ്നമായ ക്ലോക്ക് അവര്‍ക്കുള്ളതാണെന്നുമുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവാണ് ശരദ് പവാര്‍ ചോദ്യംചെയ്യുന്നത്.

പാര്‍ട്ടി എം.എല്‍.എ.മാരുടെ അംഗബലം കണക്കിലെടുത്താണ് അജിത് പവാര്‍ വിഭാഗമാണ് യഥാര്‍ഥ എന്‍.സി.പി.യെന്ന് ഫെബ്രുവരി ആറിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയത്. മഹാരാഷ്ട്ര നിയമസഭയിലെ 81 എന്‍.സി.പി. അംഗങ്ങളില്‍ 57 പേരുടെ പിന്തുണ വ്യക്തമാക്കുന്ന സത്യവാങ്മൂലം അജിത് പവാര്‍ സമര്‍പ്പിച്ചിരുന്നു. സഭാംഗങ്ങളുടെ കണക്കല്ല, മറിച്ച് പാര്‍ട്ടിയുടെ സംഘടനാ വിഭാഗത്തിലെ ഭൂരിപക്ഷമാണ് പരിഗണിക്കേണ്ടതെന്നാണ് ശരദ് പവാറിന്റെ വാദം.