വൈക്കോൽ കയറ്റിവന്ന ടിപ്പറിന് തീപിടിച്ചപ്പോൾ. വിഡിയോയിൽനിന്നുള്ള ദൃശ്യം
പാലക്കാട് ∙ വൈക്കോൽ കയറ്റിവന്ന ടിപ്പറിന് അർധരാത്രി തീപിടിച്ചു; യാദൃച്ഛികമായി അതുവഴിയെത്തിയ പുതൂർ ആർആർടിയുടെ (റാപിഡ് റസ്പോൺസ് ടീം) ഇടപെടലിൽ വാഹനത്തെയും അകത്തുണ്ടായിരുന്ന 6 പേരെയും രക്ഷിച്ചു. അട്ടപ്പാടി താവളം മുള്ളി റോഡിൽ ഇന്നലെ രാത്രി 12.30നായിരുന്നു സംഭവം.
ആലത്തൂരിൽനിന്നു വയ്ക്കോൽ കയറ്റി പുതൂർ ഭാഗത്തെ സ്വകാര്യ കാലിഫാമിലേക്കു വരികയായിരുന്നു ടിപ്പർ. കാട്ടാനയിറങ്ങിയെന്ന ഫോൺവിളി വന്നതിനെ തുടർന്ന് പുതൂർ ഫോറസ്റ്റ് സ്റ്റേഷനിൽനിന്നു ബൊമ്മിയാംപടി ഭാഗത്തേക്കു പോവുകയായിരുന്നു ആർആർടി സംഘം. തീ പിടിച്ചതറിഞ്ഞ് ലോറിയിലുണ്ടായിരുന്ന 3 പേർ ചാടി പുറത്തിറങ്ങി. ഡ്രൈവറും മറ്റ് 2 പേരും എന്തു ചെയ്യണമെന്നറിയാതെ പകച്ചിരിക്കുന്ന സമയത്താണ് ഇവരെത്തിയത്.
വിജനമായ റോഡിൽ എപ്പോഴും കാട്ടാനയിറങ്ങുന്ന സ്ഥലത്താണു വാഹനത്തിനു തീ പിടിച്ചതെന്നത് ആശങ്ക വർധിപ്പിച്ചു. ഡ്രൈവർ സംയമനം വിടാതെ ടിപ്പറിന്റെ പിൻഭാഗം പൊക്കിയ ശേഷം വാഹനം മുന്നോട്ടോടിച്ചു. കത്തുന്ന വൈക്കോൽ റോളുകൾ ആർആർടി സംഘമുൾപ്പെടെ വലിച്ച് താഴെയിട്ടു. ഒരു മണിക്കൂർ ശ്രമിച്ചാണ് ദുരന്തം ഒഴിവാക്കിയത്. പിന്നീട് പൊലീസും നാട്ടുകാരും ഫയർഫോഴ്സും എത്തി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. റോഡിലുടനീളം കത്തുന്ന വൈക്കോൽ റോളുകളെക്കൊണ്ടു നിറഞ്ഞിരുന്നു.
