Photo: AFP

രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്‌സ് സ്‌കോറിലേക്ക്. രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 388 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. അരങ്ങേറ്റക്കാരന്‍ ധ്രുവ് ജുറെലും (31), ആര്‍. അശ്വിനുമാണ് (25) ക്രീസില്‍. എട്ടാം വിക്കറ്റിൽ ഇരുവരും 57 റണ്‍സ് ചേര്‍ത്തിട്ടുണ്ട്.

നേരത്തേ അഞ്ചിന് 326 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് നൈറ്റ് വാച്ച്മാന്‍ കുല്‍ദീപ് യാദവിന്റെ (4) വിക്കറ്റാണ് ആദ്യം നഷ്ടമായത്. ജെയിംസ് ആന്‍ഡേഴ്‌സനാണ് വിക്കറ്റ്. തൊട്ടടുത്ത ഓവറില്‍ രവീന്ദ്ര ജഡേജയേയും ഇന്ത്യയ്ക്ക് നഷ്ടമായി. 225 പന്തുകള്‍ നേരിട്ട് രണ്ട് സിക്‌സും ഒമ്പത് ഫോറുമടക്കം 112 റണ്‍സെടുത്ത ജഡേജയെ ജോ റൂട്ട് സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, സര്‍ഫറാസ് ഖാന്‍ എന്നിവരുടെ ഇന്നിങ്‌സുകളാണ് ആദ്യ ദിനം ഇന്ത്യയെ മികച്ച നിലയിലെത്തിച്ചത്. ആദ്യ ദിനം മാര്‍ക്ക് വുഡിന് മുന്നില്‍ മുന്‍നിര വിറച്ചതോടെ 3-ന് 33 റണ്‍സെന്ന നിലയില്‍ ഇന്ത്യ തകര്‍ന്നിരുന്നു. ഓപ്പണര്‍ യശ്വസി ജയ്സ്വാള്‍ (10), ശുഭ്മാന്‍ ഗില്‍ (0) എന്നിവര്‍ വുഡിന് മുന്നില്‍ വീണു. രജത് പടിദാറെ (അഞ്ച്) ഹാര്‍ട്ട്ലിയും മടക്കി. ഇതോടെ, ഇന്ത്യ അപകടമുഖത്തായി.

എന്നാല്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച രോഹിത് ശര്‍മ – ജഡേജ സഖ്യം ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. 204 റണ്‍സ് ചേര്‍ത്ത ഈ കൂട്ടുകെട്ടാണ് ഒന്നാം ദിനം ഇന്ത്യയെ കാത്തത്. സെഞ്ചുറി നേടിയ രോഹിത് 196 പന്തില്‍ നിന്ന് മൂന്ന് സിക്സും 14 ഫോറുമടക്കം 131 റണ്‍സെടുത്തു. രോഹിത്തിനെ മടക്കി വുഡ് തന്നെയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

എന്നാല്‍ രോഹിത്തിനു പിന്നാലെ ക്രീസിലെത്തിയ അരങ്ങേറ്റക്കാരന്‍ സര്‍ഫറാസ് ഖാന്‍ ഇംഗ്ലീഷ് ബൗളിങ്ങിനെ കടന്നാക്രമിച്ച് സ്‌കോര്‍ ഉയര്‍ത്തി. അഞ്ചാം വിക്കറ്റില്‍ ജഡേജയ്‌ക്കൊപ്പം 77 റണ്‍സ് കൂട്ടിച്ചേര്‍ക്കാനും സര്‍ഫറാസിനായി. ഇതില്‍ 62 റണ്‍സും സര്‍ഫറാസിന്റെ ബാറ്റില്‍ നിന്നായിരുന്നു. 66 പന്തില്‍ നിന്ന് ഒരു സിക്സും ഒമ്പത് ഫോറുമടക്കം 62 റണ്‍സെടുത്ത സര്‍ഫറാസ്, ജഡേജയുമായുള്ള ധാരണപ്പിശകിനെ തുടര്‍ന്ന് റണ്ണൗട്ടാകുകയായിരുന്നു. സെഞ്ചുറിയിലേക്ക് നീങ്ങുമെന്നു കരുതിയ ഇന്നിങ്സാണ് റണ്ണൗട്ടില്‍ അവസാനിച്ചത്.