ആക്രമണം നടന്ന പള്ളി | Screengrab : X Video / @Evangelist_Girl
ഹൈദരാബാദ്: തെലങ്കാനയില്‍ ദളിത് വിഭാഗക്കാര്‍ പള്ളിയില്‍ ആരാധന നടത്തുന്നതിനിടെ. ‘ജയ് ശ്രീറാം’ വിളി മുഴക്കിക്കൊണ്ടെത്തിയ സംഘത്തിന്‍റെ ആക്രമണം. രണ്ട് കുട്ടികളുള്‍പ്പെടെ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. രംഗാറെഡ്ഡി ജില്ലയിലെ ജന്‍വാഡി ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം.സംഘപരിവാര്‍ സംഘടനയായ ബജ്‌റംഗ് ദള്‍ അനുഭാവികളായ ഇരുനൂറ് പേരോളം അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്.
ആരാധനാലയത്തിലെ ക്രൂശിതരൂപവും കസേരകളും കെട്ടിടത്തിന്റെ മേല്‍ക്കൂരയും തകര്‍ത്തതായി അക്രമത്തിനിരയായവര്‍ പറഞ്ഞു. റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ഗ്രാമത്തിലെ ദളിത് ക്രിസ്ത്യാനികളും മേല്‍ജാതിക്കാരും തമ്മില്‍ റോഡ് വീതി കൂട്ടുന്നതുസംബന്ധിച്ച് അഭിപ്രായവ്യത്യാസമുണ്ടായിരുന്നതായി പോലീസ് അറിയിച്ചു. പള്ളിവക ഭൂമി കൈയേറിയാണ് റോഡ് വീതി കൂട്ടുന്നതെന്നാണ് ദളിത് വിഭാഗക്കാര്‍ പറയുന്നത്. സംഭവദിവസം വൈകിട്ട് ഏഴ് മണിയോടെ ഗ്രാമത്തിലെ പ്രധാന കവലയ്ക്ക് സമീപമുള്ള പാതയില്‍ സിമന്റ് പാകി. അതേസമയം സമീപത്തെ പള്ളിയിലുണ്ടായിരുന്നവര്‍ വീതി കൂട്ടുന്നതിനെ ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതനായ, റോഡിന്റെ നിര്‍മാണ ചുമതല നിര്‍വഹിച്ചിരുന്ന കോണ്‍ഗ്രസിന്റെ എംപിടിസി അംഗം അസഭ്യവര്‍ഷം നടത്തി. അല്‍പസമയത്തിനുള്ളില്‍ അക്രമിസംഘം പള്ളിയിലേക്ക് എത്തുകയായിരുന്നു.
സംഭവത്തില്‍ മൊകില പോലീസ് കേസെടുത്തു. മുഖ്യപ്രതി ഉള്‍പ്പെടെ ആറ് പേരെ ഇതിനോടകം അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ബാക്കി പ്രതികള്‍ ഒളിവിലാണെന്നും താമസിയാതെ പിടിയിലാകുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. ആക്രമണത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
