congress

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി പാര്‍ട്ടി ട്രഷറര്‍ അജയ് മാക്കന്‍. ആദായനികുതി വകുപ്പാണ് ഇത്തരത്തില്‍ നടപടിയെടുത്തതെന്നാണ് ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തി അജയ് മാക്കന്‍ അറിയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് ആസന്നമായി നില്‍ക്കുന്ന ഘട്ടത്തില്‍ പ്രതിപക്ഷത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത്‌ ജനാധിപത്യം മരവിപ്പിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.

‘ഞങ്ങള്‍ നല്‍കുന്ന ചെക്കുകള്‍ ബാങ്കുകള്‍ മാറ്റിനല്‍കുന്നില്ലെന്ന് ഇന്നലെ വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി അറിയാന്‍ കഴിഞ്ഞു. കോണ്‍ഗ്രസിന്റെ അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. 210 കോടിരൂപയാണ് യൂത്ത്‌കോണ്‍ഗ്രസിനോടും കോണ്‍ഗ്രസിനോടും നല്‍കാന്‍ ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഞങ്ങളുടെ അക്കൗണ്ടുകളിലെ ക്രൗഡ് ഫണ്ടിങ് പണമാണ് മരവിപ്പിച്ചിരിക്കുന്നത്’ അജയ് മാക്കന്‍ പറഞ്ഞു.

ജനാധിപത്യം ഇന്ത്യയില്‍ പൂര്‍ണ്ണമായി നിലച്ചിരിക്കുകയാണെന്നും തിരഞ്ഞെടുപ്പ് തീയതി രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കാനിരിക്കെയാണ് ഈ നടപടിയെന്നും അദ്ദേഹം ആരോപിച്ചു.

വൈദ്യുതി ബില്ലടക്കാനും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും അടക്കം പാര്‍ട്ടിയുടെ എല്ലാ പ്രവര്‍ത്തനങ്ങളേയും ഇത് ബാധിക്കും, ന്യായ്‌ യാത്ര മാത്രമല്ല, എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെയും ബാധിക്കുമെന്നും അജയ് മാക്കന്‍ കൂട്ടിച്ചേര്‍ത്തു.