ആർട്ടിക് പ്രദേശത്തെ ഹിമക്കരടി

ആര്‍ട്ടിക്കിലെ ഹിമക്കരടികളെ ഭക്ഷ്യലഭ്യത കുറവ് രൂക്ഷമായി ബാധിക്കുന്നതായി പഠനങ്ങള്‍. മഞ്ഞുരുകുന്നത് എങ്ങനെയാണ് ഹിമക്കരടികളെ ബാധിക്കുകയെന്ന് അറിയുന്നതിനായി 20 ഹിമക്കരടികളെ ഗവേഷകര്‍ നിരീക്ഷിച്ചാണ് പഠനം പുറത്തുവിട്ടത്. ജിപിഎസ് സംവിധാനങ്ങള്‍ അടക്കമുള്ള വീഡിയോ ക്യാമറ കോളറുകള്‍ ഇതിനായി ഹിമക്കരടികളില്‍ ഗവേഷകര്‍ ഘടിപ്പിച്ചു. ഇത് ഭക്ഷ്യലഭ്യത കുറവ്, അവയുടെ സഞ്ചാരപാത എന്നിവ വിലയിരുത്തുന്നതില്‍ ഗവേഷകര്‍ക്ക് സഹായകരമായി. മഞ്ഞുരുകൽ ഹിമക്കരടികളുടെ ഭക്ഷ്യലഭ്യത കുറക്കുന്നുവെന്നും ഇത് ശരീര ഭാരം കുറഞ്ഞ് പലതിന്റെയും മരണം വേഗത്തിലാക്കുന്നുവെന്നും പഠനം പറയുന്നു. ഹിമക്കരടികള്‍ പ്രതികൂല കാലാവസ്ഥയോട് എങ്ങനെ പൊരുത്തപ്പെടുന്നുവെന്നാണ് പുതിയ പഠനത്തില്‍ വിലയിരുത്തപ്പെട്ടത്. നേച്വര്‍ കമ്മ്യൂണിക്കേഷന്‍സ് എന്ന ജേണലിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സമുദ്രപ്രദേശത്തെ മഞ്ഞുപാളികളിലാണ് (sea ice) ഹിമക്കരടികള്‍ സീലുകളെ വേട്ടയാടുക. ചൂട് കൂടുന്ന മാസങ്ങളില്‍ ആര്‍ട്ടിക്കില്‍ പോലും മഞ്ഞില്ലാത്ത അവസ്ഥയാണുള്ളത്. ഇതിനാൽ സീലുകളെ വേട്ടയാടാൻ പറ്റാത്ത അവസ്ഥ സൃഷ്ടിക്കുകയും ബെറിപ്പഴങ്ങളും പക്ഷിമുട്ടകളും മറ്റും കഴിച്ച് വിശപ്പടക്കാൻ ഇവ നിർബന്ധിതമാകുകയും ചെയ്യുന്നു. ഇത് ഭാരക്കുറവിലേക്കും നയിക്കുന്നു. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്വര്‍ (ഐയുസിഎന്‍) പട്ടികപ്രകാരം ഭീഷണി നേരിടുന്നവയാണ് ഹിമക്കരടികള്‍.

ഹിമക്കരടികളുടെ ഏറിയ പങ്കിന്റെയും ശരീരഭാരം ചൂടുകാലത്ത് കുറഞ്ഞുവെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ശരാശരി കണക്കാക്കുകയാണെങ്കില്‍ ദിനംപ്രതി ഒരു കിലോഗ്രാമെന്ന തോതിലാണ് ശരീരഭാരം കുറഞ്ഞത്. ജലാശയങ്ങളില്‍ ചത്തൊടുങ്ങിയ മൃഗങ്ങളുടെ ജഡം കണ്ടെത്തിയ ഹിമക്കരടികളില്‍ ചിലതാകട്ടെ തളര്‍ച്ചയില്‍ അവ മുഴുവനായി ഭക്ഷിക്കാതെയാണ് മടങ്ങിയത്. അതേസമയം വേനല്‍കാലങ്ങളില്‍ കൂടുതല്‍ സമയവും വിശ്രമിച്ച് ശരീരത്തിലെ ഊര്‍ജം കളയാതെ സൂക്ഷിച്ച് ഭക്ഷ്യലഭ്യത കുറവിനെ നേരിടുന്ന രീതിയും ചില ഹിമക്കരടികളിൽ കണ്ടു. മൃതദേഹാവശിഷ്ടം കഴിച്ച് വിശ്രമ രീതി പിന്തുടർന്ന ഒരു ഹിമക്കരടിക്ക് ഇതേ കാലയളവില്‍ ശരീരഭാരം 32 കിലോഗ്രാമായി കൂടിയതായും ഗവേഷക സംഘം കണ്ടെത്തി. കൂടുതല്‍ സമയവും വിശ്രമത്തിനായി ചെലവഴിച്ചതാണ് ഈ ഹിമക്കരടിയുടെ അതിജീവനത്തെ സഹായിച്ചത്.

നിയമപരിരക്ഷ ഉറപ്പാക്കിയതോടെ വിവിധ തരത്തില്‍ ഭീഷണികള്‍ നേരിട്ടിരുന്ന ഹിമക്കരടികളുടെ എണ്ണം കൂടിയെങ്കിലും കാലാവസ്ഥാ മാറ്റവും ആഗോള താപനില ഉയരുന്നതും അവയുടെ അതിജീവനത്തെ ദുഷ്‌കരമാക്കുന്നതായി വിലയിരുത്തപ്പെടുന്നു. ലോകത്താകെ 26,000 ഹിമക്കരടികള്‍ ശേഷിക്കുന്നുണ്ടെന്നാണ് സൂചനകള്‍. കാനഡയിലാണ് ഏറ്റവുമധികം ഹിമക്കരടികള്‍ വാസമുറപ്പിച്ചിരിക്കുന്നത്.